സിപിഎം വിഭാഗീയത രൂക്ഷം; ഏരിയാസെക്രട്ടറിയെ പുറത്താക്കി

Saturday 4 October 2014 11:03 pm IST

കൊയിലാണ്ടി: സിപിഎം 21-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ മുന്നോടിയായുള്ള ബ്രാഞ്ച് സമ്മേളനത്തിന് തുടക്കമായത് കൊയിലാണ്ടി ഏരിയാസെക്രട്ടറിയെ പുറത്താക്കിക്കൊണ്ട്. സിപിഎം കൊയിലാണ്ടി ഏരിയാസെക്രട്ടറി കെ.കെ.മുഹമ്മദിനെയാണ് ഇന്നലെ ജില്ലാകമ്മറ്റി തല്‍സ്ഥാനത്തുനിന്നും പുറത്താക്കിയത്. സംസ്ഥാന കമ്മറ്റിയുടെ ഇടപെടലിനെതുടര്‍ന്നാണ് നീണ്ടചര്‍ച്ചകള്‍ക്കുശേഷം മുഹമ്മദിനെ പുറത്താക്കാന്‍ ജില്ലാകമ്മറ്റി തീരുമാനമെടുത്തത്. ഏരിയാസെക്രട്ടറിയുടെ ചുമതല എംഎല്‍എ കെ.ദാസനെ ഏല്‍പ്പിച്ചു. അനധികൃത സ്വത്തുസമ്പാദ്യം, സ്വഭാവദൂഷ്യം, പാര്‍ട്ടി അറിയാതെയുള്ള വിദേശയാത്രകള്‍ എന്നിവയാണ് കെ.കെ.മുഹമ്മദിനെതിരെയുള്ള പ്രധാന ആരോപണങ്ങള്‍. ചേമഞ്ചേരി ബ്രാഞ്ച് കമ്മറ്റി മെമ്പറും ഡിവൈഎഫ്‌ഐ നേതാവുമായ കൊളക്കാട് ലൈലേഷാണ് ഇദ്ദേഹത്തിനെതിരെ ജില്ലാകമ്മറ്റിക്ക് ആദ്യമായി പരാതി നല്‍കിയത്. എ.പ്രദീപ്കുമാര്‍ എംഎല്‍എ, മുന്‍ എംപി സതീദേവി, സി.ഭാസ്‌കരന്‍ എന്നിവരടങ്ങുന്ന അന്വേഷണ കമ്മീഷനെ ജില്ലാകമ്മറ്റി നിയമിച്ചു. ആരോപണങ്ങള്‍ ശരിയെന്ന് കണ്ടതിനെതുടര്‍ന്ന് കഴിഞ്ഞാഴ്ച കെ.കെ. മുഹമ്മമദിനെ പരസ്യമായി ശാസിക്കാനും പരാതിക്കാരനെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്റ് ചെയ്യാനും തീരുമാനമായിരുന്നു. എന്നാല്‍ ബ്രാഞ്ച് സമ്മേളനങ്ങള്‍ ആരംഭിക്കാനിരിക്കെ പാര്‍ട്ടിയില്‍ ഉണ്ടായ ഗ്രൂപ്പ് വഴക്കുകള്‍ സമ്മേളനങ്ങളെ സാരമായി ബാധിക്കുമെന്ന് തിരിച്ചറിഞ്ഞ ജില്ലാനേതൃത്വം തീരുമാനങ്ങളില്‍ മാറ്റം വരുത്തുകയായിരുന്നു. കഴിഞ്ഞദിവസം ചേമഞ്ചേരിയില്‍ നടന്ന പാര്‍ട്ടി യോഗത്തില്‍ നിന്നും കൂട്ടമായി പ്രവര്‍ത്തകര്‍ ഇറങ്ങിപ്പോയി. കെ.കെ.മുഹമ്മദിനെതിരെ നടപടി പോരെന്നായിരുന്നു ഇവര്‍ ഉന്നയിച്ചത്. കഴിഞ്ഞദിവസം രാത്രി ഒന്നരമണിവരെ കോഴിക്കോട് ജില്ലാകമ്മറ്റി ഓഫീസില്‍ ചേര്‍ന്ന വിവിധ യോഗങ്ങളുടെ അവസാനമാണ് ഏരിയാസെക്രട്ടറിയെ തല്‍സ്ഥാനത്തുനിന്നും മാറ്റിനിര്‍ത്താനും പരാതി ഉന്നയിച്ച ലൈലേഷിനെ പരസ്യശാസനക്ക് വിധേയനാക്കാനും തീരുമാനമായത്. കൊയിലാണ്ടി ഏരിയാകമ്മിറ്റിയും ചേമഞ്ചേരി ലോക്കല്‍ കമ്മറ്റിയും ഇന്നലെ ജില്ലാഓഫീസില്‍ തന്നെ ചേര്‍ന്നിരുന്നു. അതില്‍ ചേമഞ്ചേരി ലോക്കല്‍കമ്മറ്റി കെ.കെ.മുഹമ്മദ് പാര്‍ട്ടിനേതൃത്വത്തില്‍ തുടരുന്നതിനെ ശക്തമായി എതിര്‍ത്തു. ഇതിനെത്തുടര്‍ന്നാണ് മുഹമ്മദിനെ നേതൃത്വത്തില്‍ നിന്നും മാറ്റാന്‍ തീരുമാനമായത്. കെ.കെ. മുഹമ്മദ് ഏരിയാസെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട അണേല സമ്മേളനത്തില്‍ അന്നത്തെ ഏരിയാസെക്രട്ടറി എന്‍.വി.ബാലകൃഷ്ണന് മേല്‍ക്കൈ ഉണ്ടായിരുന്നുവെങ്കിലും എളമരംകരീം, എം. മോഹനന്‍മാസ്റ്റര്‍ എന്നിവര്‍ ആഴ്ചകളോളം കൊയിലാണ്ടിയില്‍ ക്യാമ്പ് ചെയ്താണ് മുഹമ്മദിന് അവസരമൊരുക്കിയത്. അടുത്ത ഏരിയാകമ്മറ്റി തെരെഞ്ഞെടുപ്പ് വരെ എംഎല്‍എ കെ.ദാസന് ഏരിയാസെക്രട്ടറിയുടെ ചുമതല നല്‍കിയിരിക്കുകയാണ്. സിഐടിയു ചെത്ത് തൊഴിലാളിസംഘടനയുടെ ജില്ലാനേതൃത്വവും ഇപ്പോള്‍ കെ.ദാസനുണ്ട്. മുന്‍ എംഎല്‍എ പി.വിശ്വന് താല്‍ക്കാലിക സെക്രട്ടറി സ്ഥാനം കൊടുക്കാതിരുന്നതിന് പിന്നില്‍ കൊയിലാണ്ടിയിലെ ഗ്രൂപ്പ് വഴക്ക് പ്രകടമാണ്. കെ.കെ.മുഹമ്മദിനെ സഹായിക്കുന്നതില്‍ പ്രമുഖര്‍ ഇ.പി.ജയരാജനും, പി.വിശ്വനുമാണെന്നാണ് വിമതവിഭാഗം പറയുന്നത്. കെ.ദാസനാകട്ടെ മുന്‍ ഏരിയാസെക്രട്ടറി എന്‍.വി.ബാലകൃഷ്ണന് സഹായം നല്‍കുന്ന ആളും. വിദേശത്തുനിന്നും ഇറങ്ങുന്ന മലയാള പത്രത്തില്‍ പാര്‍ട്ടിവിരുദ്ധ ലേഖനം എഴുതിയതിനാണ് എന്‍.വി. ബാലകൃഷ്ണനെ ഒരു വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്. അതിന്റെ കാലാവധി കഴിയാന്‍ മാസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. ഏരിയാസെക്രട്ടറി കെ.കെ.മുഹമ്മദിനെതിരെ കോഴിക്കോട് നടന്ന സ്ത്രീവിഷയവുമായി ബന്ധപ്പെട്ട് വാര്‍ത്ത കൊടുത്തതതിന് അദ്ദേഹം ജന്മഭൂമിക്ക് വക്കീല്‍ നോട്ടീസയക്കുകയും ലേഖകനെ ഫോണില്‍വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഈ വാര്‍ത്തകള്‍ ശരിയാണെന്ന് പാര്‍ട്ടി നേതൃത്വം അംഗീകരിച്ചുകൊണ്ടാണ് അദ്ദേഹത്തെ സെക്രട്ടറിസ്ഥാനത്തുനിന്നും മാറ്റിനിര്‍ത്തിയിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.