സംസ്ഥാനത്ത് മദ്യ ഉപയോഗം കുറഞ്ഞെന്ന് ബിവറേജസ് കോര്‍പ്പറേഷന്‍

Sunday 21 May 2017 12:10 am IST

കൊച്ചി: സംസ്ഥാനത്ത് മദ്യത്തിന്റെ ഉപയോഗം കുറഞ്ഞെന്ന് ബിവറേജസ് കോര്‍പ്പറേഷന്‍. 418 ബാറുകള്‍ പൂട്ടിയതിനുശേഷമാണ് മദ്യോപയോഗം കുറഞ്ഞതെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ബിവറേജസ് കോര്‍പ്പറേഷന്‍ വ്യക്തമാക്കി. മദ്യോപയോഗം ഒരു ശതമാനവും ബിയര്‍ ഉപയോഗം ആറ് ശതമാനവും കുറഞ്ഞെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. 2013 ആഗസ്റ്റ് വരെയുള്ള കാലയളവില്‍ 99.5ലക്ഷം കെയ്‌സ് വിദേശ മദ്യമാണ് സംസ്ഥാനത്ത് വിറ്റഴിച്ചത്. 2014 ഏപ്രില്‍ മുതല്‍ ആഗസ്റ്റ് വരെയുള്ള കാലയളവില്‍ 98.49 ലക്ഷം കെയ്‌സ് മദ്യമാണ് വിറ്റത്. ബാറുകള്‍ അടച്ചശേഷം സംസ്ഥാനത്തെ മദ്യ ഉപയോഗം വര്‍ധിച്ചുവെന്നാണ് ബിവറേജസ് കോര്‍പ്പറേഷന്‍ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നത്. എന്നാല്‍ മദ്യ വില്‍പ്പന തടയേണ്ട സര്‍ക്കാര്‍ തന്നെ തെറ്റായ കണക്കുകളിലൂടെ കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്നാരോപിച്ച് ടി.എന്‍.പ്രതാപന്‍ എംഎല്‍എ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. സര്‍ക്കാരല്ല, ടി.എന്‍.പ്രതാപനാണ് ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിക്കുന്നതെന്നും സര്‍ക്കാര്‍ സമര്‍പ്പിച്ച വിവരങ്ങളിലെ കണക്കുകള്‍ സത്യവാങ്മൂലമായി നല്‍കണമെന്നും ആവശ്യപ്പെട്ട് ചില ബാറുടമകള്‍ ഹര്‍ജി സമര്‍പ്പിച്ചു. ഇതേത്തുടര്‍ന്നാണ് മദ്യോപയോഗത്തിന്റെ യഥാര്‍ത്ഥ കണക്ക് സത്യവാങ്മൂലമായി സമര്‍പ്പിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.