839. പാശായുധഃ – പാശം ആയുധമായുള്ളവന്‍ വരുണന്. വരുണപാശം ഒരു ദിവ്യായുധമാണ്. വരുണപാശത്തില്നിന്ന് സ്വയം രക്ഷപ്പെടാനാവില്ലെന്നു പ്രസിദ്ധം.
പാശം എന്ന പദത്തിന് ബന്ധം എന്നും അര്‍ത്ഥമുണ്ട്. അമ്മയെയും കുഞ്ഞിനെയും ഭാര്യയെയും ഭര്ത്താവിനെയുംപോലെയുള്ള കുടുംബബന്ധങ്ങളും സ്നേഹബന്ധങ്ങളും ഗുരുശിഷ്യബന്ധവും മാതൃഭൂമി, മാതൃഭാഷ തുടങ്ങിയവയോടുളള ബന്ധവുമൊക്കെ ഭഗവാന് പ്രപഞ്ചപ്രവര്‍ത്തനത്തിന് പ്രേരകമാക്കാറുണ്ട്. ബന്ധം എന്ന അര്‍ത്ഥം ഗുരുവായൂരപ്പന്റെ കാര്യത്തില്‍ പ്രസക്തമാണെങ്കിലും തുടര്‍ന്നുവരുന്ന നാമങ്ങള്‍ വരുണ ദേവനെ കുറിക്കുന്നവയാകയാല് വരുണന് എന്ന അര്‍ത്ഥം സ്വീകരിക്കാം.(ഇതുതൊട്ടുള്ള നാലുനാമങ്ങള് ഗുരുവായൂരപ്പനെ വരുണനായി സ്തുതിക്കുന്നു)
840. നദീകാന്തഃ – നദികളുടെ കാന്തന്. വരുണന് സമുദ്രത്തിന്റെ അധിഷ്ഠാനദേവനാണ്. നദികള്‍ ഒഴുകിയെത്തുന്നതു സമുദ്രത്തിലാകയാല് വരുണനെ നദികളുടെ ഭര്‍ത്താവായി സ്തുതിക്കുന്നു.
841. വരുണഃ – വരുണന്. അഷ്ടദിക്പാലന്മാരില് പടിഞ്ഞാറേ ദിക്കിന്റെ സംരക്ഷകനും ജലത്തിന്റെയും സമുദ്രത്തിന്റെയും അധീശനുമാണു വരുണന്. ദ്വാദശാദിത്യന്മാരില് ഒരാദിത്യനുമാണ്. വരുണശബ്ദത്തിന് ആവരണം ചെയ്യുന്നവന് എന്നാണര്‍ത്ഥം. ജലത്തിന്റെ രൂപത്തില്‍ ഭൂമിയെ ആവരണം ചെയ്യുന്നതുകൊണ്ടും പ്രകാശത്തിന്റെ രൂപത്തില്‍ എല്ലാത്തിനെയും ആവരണം ചെയ്യുന്നതുകൊണ്ടും വരുണന് എന്ന പേര്. ആയുസ്സിനുവേണ്ടി ആരാധിക്കപ്പെടുന്നവന്‍ എന്നും ആചാര്യന്മാര് ഈ നാമത്തെ വ്യാഖ്യാനിക്കുന്നു.
842. യാദ്സാംപതിഃ – യാദസ്സുകളുടെ നാഥന്. യാദസ്സ് എന്ന പദത്തിന്റെ മുഖ്യമായ അര്‍ത്ഥം ജലം എന്നാണ് എല്ലാ ജലത്തിനും അധിപതിയാണു വരുണന്. യാദസ്സിന് നദി എന്നും അര്‍ത്ഥമുണ്ട്. നദീകാന്തനായ വരുണം ആ അര്‍ത്ഥത്തിലും യാദസാം പതിയാണ്. യാദസിന് വലിപ്പമുള്ള ജലജന്തു എന്നും അര്‍ത്ഥമുണ്ട്. എല്ലാ ജലത്തിനും പതിയായ വരുണം ആ ജലത്തില്‍ ജീവിക്കുന്ന എല്ലാത്തിനും പതിയാകുന്നതു സ്വാഭാവികം.
843. രാജരാജഃ – രാജരാജന്. രാജരാജന് എന്ന പദത്തിന് പല അര്‍ത്ഥങ്ങളുണ്ടെങ്കിലും തുടര്‍ന്നുവരുന്ന നാമങ്ങള്‍ യക്ഷരാജനായ കുബേരനെക്കുറിച്ചാകയാല് ആ അര്‍ത്ഥത്തിനു പ്രാധാന്യം കൊടുക്കാം. രാജശബ്ദം പ്രകാശമുള്ളത് എന്ന അര്‍ത്ഥത്തില്‍ യക്ഷന്മാരെ കുറിക്കുന്നു. യക്ഷന്മാര് ദേവന്മാരുടെ ഒരു വര്‍ഗ്ഗമാണ്. അവരുടെ രാജാവും വിശ്രവസ്സിന്റെ പുത്രനുമായ വൈശ്രവണനെ ഈ നാമം കുറിക്കുന്നു.
ഭൂപ്രദേശങ്ങളില്‍ ഒന്നിന്റെ അധിപതിയെ രാജാവെന്നു പറയും. രാജാക്കന്മാരുടെ രാജാവ് രാജരാജന്. ചക്രവര്‍ത്തി എന്നും പറയാം. എല്ലാ രാജാക്കന്മാരുടെയും രാജാവായ ഗുരുവായ ഗുരുവായൂരപ്പനെ നാമം സ്തുതിക്കുന്നുവെന്നും വ്യാഖ്യാനം.
രാജശബ്ദത്തിനു പ്രകാശമെന്ന് അര്‍ത്ഥമുണ്ടെന്നു മുമ്പു പറഞ്ഞു. പ്രകാശമുള്ളവയിലെല്ലാം പ്രകാശമായി വര്‍ത്തിക്കുന്ന ഗുരുവായൂരപ്പനെ സ്തുതിക്കുന്ന നാമമായും വ്യാഖ്യാനിക്കാം. (ഇതുതൊട്ടുള്ള എട്ടുനാമങ്ങള്‍ ഗുരുവായൂരപ്പനെ കുബേരനായി സ്തുതിക്കുന്നു)
844. യക്ഷരാജഃ – യക്ഷരാജന്. യക്ഷന്മാരുടെ രാജാവ്. യക്ഷന്മാരുടെ കൂട്ടത്തില്‍ കൂടുതല്‍ പ്രകാശമുള്ളവന് എന്നും വ്യാഖ്യാനിക്കാം.
845. പൗലസ്ത്യഃ – പൗലസ്ത്യന്‍. പുലസ്ത്യ മഹര്‍ഷിയുടെ വംശപരമ്പരയില്‍ പിറന്നവന്. ബ്രഹ്മാവിന്റെ മകനായ പുലസ്ത്യന്റെ മകന് വിശ്രവസ്സ്. വിശ്രവസ്സിന് ഇളിബിളയില്‍ പിറന്ന പുത്രനാണു കുബേരന്.
846. നരവാഹനഃ – നരവാഹനന്‍. മനുഷ്യനെ വാഹനമാക്കിയവന്. മനുഷ്യര്‍ ചുമക്കുന്ന പല്ലക്കില്‍ യാത്ര ചെയ്യുന്നതിനാല്‍ ഈ പേര്. മനുഷ്യന്റെ ചുമലില്‍ കയറി യാത്ര ചെയ്യുന്നവനെന്നും ചിലര്‍ വ്യാഖ്യാനിക്കുന്നു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: