ശാപമോക്ഷം കിട്ടാതെ തോണിപ്പാറ റോഡ്

Sunday 5 October 2014 10:13 pm IST

പൊന്‍കുന്നം: ചിറക്കടവ് പഞ്ചായത്ത് 19-ാം വാര്‍ഡിലെ തോണിപ്പാറ റോഡ് തകര്‍ന്ന് കുണ്ടുംകുഴിയുമായി. വര്‍ഷങ്ങളായി തകര്‍ന്നുകിടക്കുന്ന ഈ റോഡ് രണ്ടുവര്‍ഷം മുമ്പാണ് കുഴികളടച്ച് അറ്റകുറ്റപ്പണികള്‍ നടത്തിയത്. റോഡിനിരുവശങ്ങളിലും ഓടകള്‍ ഇല്ലാത്തതിനാല്‍ റോഡിലൂടെയാണ് മഴവെള്ളം ഒഴുകുന്നത്. വെള്ളം കുത്തിയൊഴുകുന്നതാണ് റോഡ് തകരാന്‍ കാരണം. നിലവില്‍ റോഡിലൂടെ കാല്‍നടയാത്രപോലും അസാദ്ധ്യമാണ്. പഞ്ചായത്തിലെ എല്ലാ റോഡുകളുടെയും അറ്റകുറ്റപ്പണി നടത്തിയെങ്കിലും തോണിപ്പാറ റോഡ് മാത്രം നന്നാക്കാതെ കിടക്കുകയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. ജില്ലാ പഞ്ചായത്തംഗം ടി.കെ. സുരേഷ്‌കുമാറിന്റെ ഫണ്ടില്‍ നിന്നും 15ലക്ഷവും ചിറക്കടവ് ഗ്രാമപഞ്ചായത്തില്‍ നിന്ന് 2ലക്ഷംവും റോഡിന്റെ നിര്‍മ്മാണത്തിനായി അനുവദിച്ചെങ്കിലും നാളിതുവരെയായിട്ടും യാതൊരു നിര്‍മ്മാണവും നടത്താത്തതില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു. മഴ മാറിയാല്‍ പണി ഉടന്‍ നടത്താമെന്നാണ് അധികൃതരുടെ വാദം. ശാപമോക്ഷം കാത്ത് കിടക്കുന്ന തോണിപ്പാറ റോഡിന്റെ ടാറിങ് എത്രയും വേഗം നടത്തണമെന്ന് ടൗണ്‍ വികസന സമിതിയോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ഷാജി വട്ടപ്പാറ അദ്ധ്യക്ഷത വഹിച്ചു. ജൂബി ഗണപതിപ്ലാക്കല്‍, റിനോ കട്ടിക്കാര്‍, എം.ആര്‍. ഗിരീഷ്, ജയന്‍ ഉറുമ്പടയില്‍, സോണി കുമ്പളപ്പള്ളില്‍, ദിലീപ് ശാന്തിഗ്രാം എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.