ഏതു വിദ്യാര്‍ത്ഥി പ്രസ്ഥാനത്തോടും യോജിക്കാം : എബിവിപി

Monday 6 October 2014 1:07 am IST

കൊച്ചി: വിദ്യാര്‍ത്ഥി സംഘടനകള്‍ നയവും രീതിയും മാറ്റണമെന്ന് എബിവിപി ദേശീയ ജനറല്‍ സെക്രട്ടറി സുനില്‍ അംബേക്കര്‍. അക്രമമില്ലാത്ത കാമ്പസുകള്‍ക്കും വികസന സംസ്‌കാരത്തിനും തയ്യാറുള്ള ഏതു വിദ്യാര്‍ത്ഥി പ്രസ്ഥാനത്തോടും യോജിക്കാനൊരുക്കമാണെന്ന് എബിവിപി നേതാവ് വ്യക്തമാക്കി. വിദ്യാലയങ്ങള്‍ ആയുധവിമുക്തമാക്കുക. അക്രമ രഹിതമാക്കുക. പകരം രാജ്യ വികസന പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ പങ്കാളികളാകട്ടെ. അത്തരമൊരു സാഹചര്യത്തിന് ഏതു വിദ്യാര്‍ത്ഥി പ്രസ്ഥാനവുമായി സഹകരിക്കാനും എബിവിപി തയാറാണ്. പഠിപ്പുമുടക്ക് അറ്റകൈ സമരമുറയാണ്. അത് ആദ്യം പ്രയോഗിച്ചു വിലയില്ലാതാക്കിയത് എസ്എഫ്‌ഐയാണ്. എസ്എഫ്‌ഐയോടു സിപിഎം നേതാക്കള്‍ പറയേണ്ടത് കാമ്പസുകളില്‍ അക്രമരാഷ്ട്രീയം അവസാനിപ്പിക്കണമെന്നാണ്, അംബേക്കര്‍ പറഞ്ഞു. ജെഎന്‍യുവില്‍ അതിതീവ്ര ഇടതുപക്ഷ സംഘടനകള്‍ തെരഞ്ഞെടുപ്പില്‍ മേല്‍ക്കോയ്മ നേടിയതാണ് വലിയ പ്രശ്‌നം. നക്‌സല്‍ പിന്‍ബലമുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ കാമ്പസില്‍ ശക്തിപ്പെടുന്നതു ഗുണകരമാണോ എന്നു ചിന്തിക്കണം. ഇത് ആസൂത്രിതമാണ്. ഇതിനെ സംയുക്തമായി ചെറുക്കണം, അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ മേഖലയില്‍ സ്വകാര്യപങ്കാളിത്തം എന്നാല്‍ രക്ഷിതാക്കളെയും വിദ്യാര്‍ത്ഥികളെയും സ്വകാര്യമേഖലയ്ക്കു വിട്ടുകൊടുക്കുകയെന്നല്ല. ഏറ്റവും മികച്ച കോളേജുകള്‍ക്ക് സ്വാശ്രയത്വം കൊടുക്കാം, അല്ലാതെ അപേക്ഷിക്കുന്ന എല്ലാവര്‍ക്കുമല്ല. വിദേശ സര്‍വ്വകലാശാലകള്‍ ഇവിടെ വരുന്നതിനെ ഞങ്ങള്‍ കണ്ണടച്ച് എതിര്‍ക്കുന്നില്ല. ലോകത്തെ ഏറ്റവും മികച്ച 50 സര്‍വ്വകലാശാലകളില്‍, അല്ലെങ്കില്‍ 100 സര്‍വ്വകലാശാലകളില്‍ പെട്ടവ ഇവിടെ വരട്ടെ, എബിവിപി നേതാവ് നിലപാടു വ്യക്തമാക്കി. മുന്‍മന്ത്രി കപില്‍ സിബലിന് സാധാരണക്കാരെ മനസിലാകില്ലായിരുന്നു. യുവാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും പ്രശ്‌നങ്ങള്‍ അറിയില്ലായിരുന്നു. സ്മൃതി ഇറാനി ഈ രംഗത്ത് വിവിധ മേഖലയില്‍ നിന്നുള്ളവരുടെ, വിരുദ്ധാഭിപ്രായം പറയുമെന്നുള്ളവരുടെകൂടി അഭിപ്രായം തേടുന്നു, സുനില്‍ അംബേക്കര്‍ വിശദീകരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.