മട്ടാഞ്ചേരി: കാശി മഠാധിപതി സുധീന്ദ്രതീര്‍ത്ഥസ്വാമികള്‍ നവതിയിലേക്ക്. 2015 ഏപ്രില്‍ 6 ന് േചാതി നാളിലാണ് സുധീന്ദ്രതീര്‍ത്ഥസ്വാമികളുടെ 90-ാം ജന്മദിനം. ഹരിദ്വാര്‍ ഗംഗാതീരത്തെ വ്യാസാശ്രമത്തില്വെച്ച് ഏപ്രില്‍ രണ്ടുമുതല്‍ ആറ്വരെയാണ് നവതി ആഘോഷം. കാശിമഠം പട്ടശിഷ്യര് സംയമീന്ദ്രതീര്ത്ഥസ്വാമിയുടെ നേതൃത്വത്തില്‍ ആത്മീയ-സാമാജിക-സേവന-അനുഷ്ഠാന പരിപാടികളുമായാണ് ഗുരുവിന്റെ നവതി ആഘോഷം കൊണ്ടാടുന്നത്. നവതി ആഘോഷങ്ങളോടനുബന്ധിച്ച് കേരളത്തിലും വിപുലമായ ആഘോഷപരിപാടികളൊരുക്കുവാന് കൊച്ചിയില്‍ ചേര്‍ന്ന ജിഎസ്ബി സമൂഹ സംഘടനാ യോഗം തീരുമാനിച്ചു. കേരളത്തിലെ 36 ഓളം സമുദായ ക്ഷേത്ര ട്രസ്റ്റിമാര്‍, മഠപ്രതിനിധികള്, സാമുദായിക-സാമൂഹ്യ സംഘടനാ ഭാരവാഹികള്‍, പൗരപ്രമുഖര്‍ തുടങ്ങിയവരടങ്ങുന്ന യോഗം സുധീന്ദ്രതീര്ത്ഥസ്വാമി നവതി ആഘോഷകസമിതിയും രൂപീകരിച്ചു.
നാലര പതിറ്റാണ്ടിലേറെ ചരിത്രമുള്ള കാശിമഠ ഗുരുപരമ്പരയിലെ 20-ാമത് സ്വാമികളാണ് സുധീന്ദ്രതീര്‍ത്ഥസ്വാമികള്‍. 1926 മാര്‍ച്ച് 31 ന് എറണാകുളത്ത് ഭൂജാതനായ സദാശിവഷേണായി 1944 മെയ് 24 ന് സന്യാസദീക്ഷ സ്വീകരിച്ചാണ് ഗുരുപരമ്പര ശ്രേണിയിലെത്തിയത്. ജിഎസ്ബി സമാജത്തിനോടൊപ്പം സമൂഹത്തിന് ധാര്‍മിക മാര്‍ഗ്ഗദര്‍ശനം നല്‍കിയും കാശിമഠം വികസനം, ക്ഷേത്രപുനരുദ്ധാരണം, സേവനകേന്ദ്രങ്ങള്‍, ആത്മീയ-ആചാര-വൈദിക-അനുഷ്ഠാന പഠനശാലകള്‍, സാമാജിക ഐക്യ വികാസം തുടങ്ങി വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി സാമാജിക മുന്നേറ്റം പ്രകടമാക്കിയ ഗുരുവിന്റെ നവതി ആഘോഷം അവിസ്മരണീയമാക്കുവാനുള്ള ഒരുക്കങ്ങളാണ് നടന്നുവരുന്നത്. സെപ്തംബര്‍ 21 ന് മുംബൈ വാള്‍ക്കേശ്വര്‍ മഠത്തില്‍ സംയമീന്ദ്രതീര്ത്ഥസ്വാമിയുടെ മാര്‍ഗദര്‍ശനത്തില്‍ ദേശീയതലത്തില്‍ വിപുലമായ നവതി ആഘോഷസമിതി രൂപീകരിച്ചു. രാമനാമജപം, വ്യാസധ്വജപ്രയാണം, യുവജനങ്ങള്‍ക്കായി മത്സരങ്ങള്‍, ആചാര-അനുഷ്ഠാനപൂജ, യജ്ഞങ്ങള്‍, സ്മരണികനാണയം, സുവനീര്‍ പ്രകാശനം, ഭക്തി-ഭാഷ അടിസ്ഥാന പുസ്തകപ്രകാശനം, ഗുരുസ്തുതി, ദീപോത്സവം, ഗംഗാദീപസമര്പ്പണം, സേവനപദ്ധതികള്‍ തുടങ്ങി വിപുലമായ പരിപാടികളാണ് നവതി ആഘോഷവേളയില്‍ നടക്കുക.
ഇന്ദ്രപ്രസ്ഥത്തില്‍ ചാതുര്‍മാസ വ്രതാനുഷ്ഠാനം നടത്തുന്ന സുധീന്ദ്രതീര്‍ത്ഥസ്വാമികള്‍ നവംബര്‍ 27 ന് ഹരിദ്വാര്‍ വ്യാസാശ്രമത്തിലെത്തിച്ചേരും. പട്ടശിഷ്യര് സംയമീന്ദ്രതീര്ത്ഥസ്വാമികള് ഫെബ്രുവരി 27 ന് ഹരിദ്വാറിലെത്തിച്ചേരും. ഫെബ്രുവരി 28 ന് വ്യാസാശ്രമത്തിന്റെ 26-ാമത് വാര്‍ഷികാഘോഷവും വസന്തോത്സവ ചടങ്ങുകളും തുടങ്ങും. തുടര്‍ന്നാണ് ഏപ്രില്‍ 6 നുള്ള നവതി ആഘോഷങ്ങള്‍ക്ക് പ്രാരംഭം കുറിക്കുക. കൊച്ചി തിരുമല ക്ഷേത്രത്തില്‍ നടന്ന ധര്മഗുരു നവതി ആഘോഷസമിതി രൂപീകരണ യോഗത്തില്‍ കൊച്ചി ടിഡി ക്ഷേത്ര പ്രസിഡന്റ് കപില്‍ ആര്. പൈ അധ്യക്ഷത വഹിച്ചു. ദേശീയ ആഘോഷസമിതി വൈസ് പ്രസിഡന്റ് പ്രൊഫ. എന്‍. പ്രഭാകരപ്രഭു ആഘോഷ വിശദീകരണം നടത്തി.
സംയുക്ത ഗ്രാമസഭാ സെക്രട്ടറി കെ.എസ്. രാമചന്ദ്രപൈ, ആര്. രത്നാകര ശേണായ് തുടങ്ങിയവര്‍ സംസാരിച്ചു. സംസ്ഥാനത്തെ വിവിധ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് ദീപോത്സവം, വ്യാസധ്വജപ്രയാണം, ജപയജ്ഞങ്ങള്, മത്സരങ്ങള്‍, സേവാപ്രവര്‍ത്തനങ്ങള്‍ എന്നിവ നടത്തുവാന്‍ യോഗം തീരുമാനിച്ചു. ധര്മ്മഗുരുനവമി ആേഘാഷസമിതി കേരള പ്രസിഡന്റ് കപില്‍ ആര്. പൈ, വൈസ് പ്രസിഡന്റുമാരായി ജെ. രാധാകൃഷ്ണ നായ്ക്ക്, ജി. ജയാനന്ദ പ്രഭു, അഡ്വ. മോഹന്‍ദാസ് പൈ, വി. ദാമോദരപ്രഭു, ആര്. ഭാസ്കര്‍ ശേണായ്, രംഗദാസപ്രഭു, ജനറല്‍ സെക്രട്ടറി ദിനേശ് ആര്. കമ്മത്ത്, ജനറല്‍ കണ്‍വീനര്‍ കെ.എസ്. രാമചന്ദ്രപൈ, ജോ. കണ്‍വീനര്‍മാരായി ഒ.എച്ച്.വി. ഭട്ട്, ജി. വിഠള്ദാസ്, മഹേശ് ബാളിഗ, സുരേഷ് കമ്മത്ത്, വിനോദ്കുമാര്‍ ശേണായ്, ഗോവിന്ദരാജ് പൈ, ട്രഷറര്‍ എസ്. സച്ചിതാനന്ദ ൈപ എന്നിവരടങ്ങുന്ന നേതൃത്വസമിതിയും രൂപീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: