കൂത്തുപറമ്പ് വെടിവയ്പ്പ് കേസ് പുനരന്വേഷിക്കണം - കോടിയേരി

Friday 7 October 2011 4:54 pm IST

തിരുവനന്തപുരം: കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റ് പി. രാമകൃഷ്ണന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കൂത്തുപറമ്പ് വെടിവയ്പ്പ് കേസ് വീണ്ടും അന്വേഷിക്കണമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗവും മുന്‍ ആഭ്യന്തര മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. സമഗ്ര അന്വേഷണം നടത്തി കേസിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും കോടിയേരി ആവശ്യപ്പെട്ടു. രാമകൃഷ്ണന്‍ മുന്നോട്ടുവച്ച ആരോപണം വളരെ ഗൌരവകരമാണ്. അദ്ദേഹത്തിന് കള്ളം പറയേണ്ട ആവശ്യമില്ല. ഈ സാഹചര്യത്തില്‍ കെ.സുധാകരന്‍ എം.പിയെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തണം. പുതിയ തെളിവ് എപ്പോള്‍ കിട്ടിയാലും പോലീസിന് ഇടപെടാം. സുധാകരനെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി കേസ് മുന്നോട്ടു കൊണ്ടുപോകാനാകും. സ്വന്തം ഗ്രൂപ്പുകാരനായ രാമകൃഷ്ണന്റെ പരാതിയില്‍ ഉമ്മന്‍ചാണ്ടി പ്രത്യേക താല്പര്യമെടുത്തു കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും കോടിയേരി ആവശ്യപ്പെട്ടു. അഞ്ചു പേര്‍ വെടിയേറ്റു മരിക്കുകയും നൂറോളം പേര്‍ക്കു പരുക്കു പറ്റുകയും ചെയ്ത സംഭവമാണിത്. അതിനു സമാനമായ സംഭവം പിന്നീടുണ്ടായിട്ടില്ലെന്നും കോടിയേരി ചൂണ്ടിക്കാട്ടി. ഇന്നലെ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സുധാകരന്‍ വിവാ‍ദ പ്രസ്താവന നടത്തിയത്. കണ്ണൂരില്‍ രക്തസാക്ഷികളെ സൃഷ്‌ടിച്ചത്‌ കോണ്‍ഗ്രസിനു വേണ്ടിയല്ലെന്നും കെ.സുധാകരനു വേണ്ടിയാണെന്നുമായിരുന്നു പ്രസ്താവന. എ.കെ.ജി ആശുപത്രി പിടിച്ചെടുക്കല്‍ സമരവും കൂത്തുപറമ്പ്‌ വെടിവയ്‌പും നഷ്‌ടമുണ്ടാക്കിയത്‌ കോണ്‍ഗ്രസ്‌ പ്രസ്ഥാനത്തിനും പ്രവര്‍ത്തകര്‍ക്കുമാണെന്നായിരുന്നു രാമകൃഷ്‌ണന്റെ പരാമര്‍ശം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.