യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമം പ്രധാന പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി

Tuesday 7 October 2014 9:21 pm IST

ചെങ്ങന്നൂര്‍: ചെറിയനാട് കൊല്ലകടവ് വിദേശമദ്യവില്‍പ്പനശാലക്കു മുന്‍പില്‍ യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഒളിവില്‍ പോയ പ്രധാന പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി. വെട്ടിയാര്‍ അറുനൂറ്റിമംഗലം പൂയപ്പളളില്‍ വീട്ടില്‍ ബിബിന്‍ (സായിപ്പ്- 22) നെയാണ് ചെങ്ങന്നൂര്‍ സിഐ: കെ. ബൈജുകുമാറിന്റെ നേതൃത്വത്തില്‍ കസ്റ്റഡിയില്‍ വാങ്ങിയത്. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന പ്രതി കഴിഞ്ഞ 22 ന് മറ്റൊരുകേസുമായ് ബന്ധപ്പെട്ട് മാവേലിക്കര കോടതിയില്‍ കീഴടങ്ങുകയായിരുന്നു. ബിപിന്‍ മാവേലിക്കര പോലീസ് സ്റ്റേഷനില്‍ കൊലപാകതകേസ് ഉള്‍പ്പെടെ പ്രതിയാണ്. കൊല്ലകടവ് ചെറുവല്ലൂര്‍ താഴാംവിളതെക്കേതില്‍ ഷാജഹാന്‍ (38)നെയാണ് അഞ്ചംഗ സംഘം കുത്തിപ്പരിക്കേല്‍പ്പിച്ചത്. തിരുവോണ ദിവസം രാത്രിയില്‍ കൊല്ലകടവ് വിദേശമദ്യവില്‍പ്പന ശാലയ്ക്ക് മുന്നിലെത്തിയ പ്രതികളും ഷാജഹാനും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും ബിപിന്‍ കത്തികൊണ്ട് ഷാജഹാന്റെ കഴുത്തിനു പിന്നില്‍ കുത്തുകയുമായിരുന്നു. കഴുത്തിനു പിന്നില്‍ ആഴത്തില്‍ മുറിവേറ്റ ഷാജഹാന്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് സംഘം എത്തിയ വെളുത്ത ബൊലേറ കാറില്‍ രക്ഷപെട്ടു. ഈകേസില്‍ വെട്ടിയാര്‍ അറനൂറ്റിമംഗലം പടിറ്റേടത്ത് തെക്കേതില്‍ രതീഷ് കുമാര്‍ (ചിണ്ടന്‍-25), കൃഷ്ണഭവനത്തില്‍ വിഷ്ണു (കുക്കു-23), തഴക്കര ഇറവങ്കര സ്വാമിപുരം വീട്ടില്‍ ഭാഗ്യനാഥ് (37), വിഷ്ണു ഭവനത്തില്‍ ജിഷ്ണു (20) എന്നിവരെ നേരത്തെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.