കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ

Wednesday 8 October 2014 1:48 am IST

തൊടുപുഴ: വിവാദമായ, മന്ത്രിയെ എംപി തടയുന്ന സ്ഥിതി വരെയെത്തിയ, എളംപ്ലാശേരി- ആവര്‍കുട്ടി മലയോര ഹൈവേ നിര്‍മ്മാണം കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ. സംസ്ഥാന സര്‍ക്കാര്‍ റോഡിന് കോടികള്‍ അനുവദിച്ച് നിര്‍മ്മാണ പ്രവര്‍ത്തനം അരംഭിച്ചെങ്കിലും വനംവകുപ്പ് ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തില്ല. 2005 ല്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഇറക്കിയ ഉത്തരവാണ് സംസ്ഥാന വനംവകുപ്പും പൊതുമരാമത്ത് വിഭാഗവും ലംഘിച്ചത്. 1980-ല്‍ വനം സംരക്ഷണ നിയമം നിലവില്‍ വരുന്നതിന് മുന്‍പ് വനത്തിനുള്ളിലൂടെ ഉണ്ടായിരുന്ന റോഡുകള്‍ സംബന്ധിച്ച് കൃത്യമായ നിര്‍ദ്ദേശം ഈ ഉത്തരവിലുണ്ട്. ഈ റോഡുകള്‍ ടാര്‍ ചെയ്യാന്‍ പാടില്ല. മരങ്ങള്‍വെട്ടിമാറ്റരുത്. വഴി നവീകരിക്കുമ്പോള്‍ കോണ്‍ക്രീറ്റ് ചെയ്യാന്‍ മാത്രമേ അനുമതിയുള്ളൂ. മുന്‍പുണ്ടായിരുന്ന വഴിയുടെ അതേവീതി മാത്രമേ നവീകരണ പ്രവര്‍ത്തനം നടത്തുമ്പോഴും ഉപയോഗിക്കാവൂ എന്നും 2005 ഏപ്രില്‍ 29ന് ഇറക്കിയ ഉത്തരവില്‍ പറയുന്നു. വനത്തിലൂടെ കടന്ന് പോകുന്ന റോഡുകള്‍ നന്നാക്കുന്നതിന് വനത്തിനുള്ളില്‍ തൊഴിലാളികള്‍ക്കായി ഷെഡ് കെട്ടാനും പാടില്ല. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സൂര്യാസ്തമയത്തിന് ശേഷം പാടില്ലായെന്നും നിര്‍ദ്ദേശമുണ്ട്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഇറക്കിയ ഈ ഉത്തരവ് ലംഘിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ മലയോര ഹൈവേയെന്ന പേരില്‍ പദ്ധതി ആരംഭിച്ചത്. നിലവില്‍ മൂന്ന് മീറ്റര്‍ മാത്രമുണ്ടായിരുന്ന ഈ റോഡ് എട്ടുമീറ്റര്‍ വീതിയില്‍ പണിയാനാണ് പൊതുമരാമത്ത് വകുപ്പ് നീക്കം നടത്തിയത്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെയും സുപ്രീം കോടതിയുടേയും അനുമതിയുണ്ടെങ്കിലേ വനഭൂമി വിട്ടു നല്‍കി റോഡിന് വീതികൂട്ടാനാകൂ. അനധികൃതമായി പൊതുമരാമത്ത് വകുപ്പ് നിര്‍മ്മച്ച കലുങ്ക് വനംവകുപ്പ് പൊളിച്ച് നീക്കയതോടെയാണ് മലയോര ഹൈവേ വിവാദം കത്തിക്കയറിയത്. നാഷണല്‍ ഹൈവേയുമായി അഞ്ച് മുതല്‍ പത്ത് കിലോ മീറ്റര്‍ വരെ മാത്രം അകലത്തില്‍ എന്‍.എച്ച് 49 ഉള്ളപ്പോള്‍ സമാന്തരമായി മറ്റൊരു ഹൈവേയ്ക്ക് വന്യജീവി ആവാസ കേന്ദ്രത്തിലൂടെ അനുമതി കിട്ടില്ല. ഈ നിയമങ്ങളൊക്കെ അറിയാമായിരുന്നിട്ടും ഭൂമാഫിയക്ക് വേണ്ടിയാണ് ഭരണകൂടം മലയോര ഹൈവേ പദ്ധതിക്ക് ചുക്കാന്‍ പിടിച്ചത്. 1980ല്‍ നിലവില്‍ വന്ന വനസംരക്ഷണ നിയമം വനംവകുപ്പും പൊതുമരാമത്ത് വകുപ്പും ലംഘിച്ചിരിക്കുകയാണ്. പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ വനഭൂമിയിലൂടെ ഹൈവേ നിര്‍മ്മാണം ആരംഭിച്ചു എന്നാതാണ് പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥര്‍ ചെയ്ത കുറ്റം. അനധികൃതമായ നിര്‍മ്മാണം തടയാന്‍ വനംവകുപ്പ് തയ്യാറായില്ല എന്ന ഗൗരവകരമായ കുറ്റമാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ചെയ്തിരിക്കുന്നത്. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണം: പ്രകൃതി സംരക്ഷണ വേദി ഇടുക്കി: മലയോര ഹൈവേയുടെ പേരില്‍ ഫോറസ്റ്റ് ആക്ട് ലംഘിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ ഉടനടി നടപടി സ്വീകരിക്കണമെന്ന് പ്രകൃതി സംരക്ഷണ വേദി സംസ്ഥാന അധ്യക്ഷന്‍ എം.എന്‍ ജയചന്ദ്രന്‍ ആവശ്യപ്പെട്ടു. 2014 ഓഗസ്റ്റ് 18ന് അസിസ്റ്റന്റ് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് (പ്രൊട്ടക്ഷന്‍) ഈ വിവാദ സ്ഥലം സന്ദര്‍ശിക്കുകയും വനനിയമ ലംഘനം നേരിട്ട് കണ്ട് ബോധ്യപ്പെട്ടതുമാണ്. എന്നിട്ടും കുറ്റക്കാരായ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാത്തത് ദുരൂഹമാണ്. എട്ടുമീറ്റര്‍ കലുങ്ക് നിര്‍മ്മാണത്തിനായി എസ്റ്റിമേറ്റെടുത്ത പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് എപിസിസിഎഫ് (പ്രൊട്ടക്ഷന്‍) നിര്‍ദ്ദേശിച്ചിരുന്നു. എന്നിട്ടും സംസ്ഥാന സര്‍ക്കാര്‍ ഉറക്കം നടിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.