കയര്‍ കയറ്റുമതി വരുമാനം 1,476 കോടിയായി വര്‍ധിച്ചെന്ന് മന്ത്രി

Wednesday 8 October 2014 2:56 am IST

ആലപ്പുഴ: കയര്‍ മേഖലയില്‍നിന്നുള്ള കയറ്റുമതി വരുമാനം ഈ വര്‍ഷം 1,700 കോടി രൂപയായി ഉയര്‍ത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. കയര്‍കേരള 2015ന്റെ സ്വാഗതസംഘ രൂപീകരണ യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. കയര്‍രംഗത്ത് വന്‍ മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചു. 2010-11ല്‍ 807 കോടി രൂപയാണ് കയര്‍ കയറ്റുമതിയില്‍ നിന്ന് ലഭിച്ചതെങ്കില്‍ 2013-14ല്‍ അത് 1,476 കോടിയായി വര്‍ധിച്ചു. കയര്‍ മേഖലയിലെ പൊതുമേഖലാ സ്ഥാപനങ്ങളായ കയര്‍ കോര്‍പറേഷന്‍, കയര്‍ഫെഡ്, ഫോംമാറ്റിങ്‌സ് എന്നിവയുടെ കയറ്റുമതി വരുമാനം 2008-09ല്‍ ആറു ലക്ഷം രൂപയും 2011-12ല്‍ 55 ലക്ഷം രൂപയുമായിരുന്നു. 2013-14ല്‍ അത് 3.45 കോടി രൂപയായി വര്‍ധിപ്പിക്കാനായി. പൊതുമേഖലാ സ്ഥാപനങ്ങള്‍ ഈ വര്‍ഷം സപ്തംബര്‍ വരെ 2.05 കോടി രൂപയുടെ കയറ്റുമതി നടത്തി. ഈ വര്‍ഷം അഞ്ചു കോടി രൂപയുടെ കയറ്റുമതിയാണ് ലക്ഷ്യമിടുന്നത്. കയര്‍ കോര്‍പറേഷന്‍ കഴിഞ്ഞവര്‍ഷം 102.6 കോടി രൂപയുടെ കയറ്റുമതി നടത്തി. ഇതുവരെ 64 കോടി രൂപയുടെ കയറ്റുമതി നടന്നു. 100 കോടി രൂപയുടെ ഓര്‍ഡര്‍ ലഭിച്ചിട്ടുണ്ട്. കയര്‍ ഉത്പാദനം 2011-12ല്‍ 596.16 കോടി രൂപയുടേതായിരുന്നു. 2013-14ല്‍ 776 കോടി രൂപയുടേതായി വര്‍ധിച്ചു. നാളികേര ബോര്‍ഡുമായി ചേര്‍ന്ന് തൊണ്ട് സംഭരിക്കുന്നതിനുള്ള ധാരണാപത്രം ഉടന്‍ ഒപ്പിടും. കര്‍ഷക കൂട്ടായ്മയിലൂടെ സമാഹരിക്കുന്ന തേങ്ങയുടെ തൊണ്ട് ശേഖരിക്കുകയാണ് ലക്ഷ്യം. ഈ വര്‍ഷം ചകിരി ഉത്പാദനം ഇരട്ടിയാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.