കേരളത്തിലെ ഏക മാന്‍പാര്‍ക്ക് അടച്ച് പൂട്ടുന്നു

Wednesday 8 October 2014 3:04 am IST

പാലക്കാട്: വനംവകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ ഏക മാന്‍പാര്‍ക്കും ലോകമാന്യ ജയപ്രകാശ് നാരായണന്‍ സ്മൃതിവനവും നിര്‍ത്തലാക്കാന്‍ നീക്കം. മൃഗശാലാ അതോറിറ്റിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് വന്യജീവിവിഭാഗം മേധാവിയാണ് നിര്‍ദേശം നല്‍കിയത്. പാര്‍ക്കിനു അതോറിറ്റി നല്‍കിയിരുന്ന സോപാധിക അനുമതി കഴിഞ്ഞ 31ന് അവസാനിച്ചിരുന്നു. വാളയാറില്‍ പാലക്കാട്-കോയമ്പത്തൂര്‍ ദേശീയപാതയോരത്തുള്ള പാര്‍ക്ക് സ്വാതന്ത്ര്യസമരസേനാനിയും ഭാരതംകണ്ട പ്രമുഖ സോഷ്യലിസ്റ്റ് നേതാവുമായ ജയപ്രകാശ് നാരായണന്റെ സംസ്ഥാനത്തെ ഏക സ്മാരകമാണ്. ഇത് നിര്‍ത്തലാക്കുന്നതിനെതിരെ പ്രതിഷേധമുയര്‍ന്നു  കഴിഞ്ഞു. മാനുകളെ വനത്തില്‍ വിടുന്നത് അവയുടെ സുരക്ഷയെ ബാധിക്കുമെന്ന് വന്യജീവി സംരക്ഷണ പ്രവര്‍ത്തകരും പറയുന്നു. 1997 മേയ് 12 നാണ് വാളയാര്‍ ചെക്‌പോസ്റ്റിനു സമീപമുള്ള സ്ഥലത്തു ജയപ്രകാശ് നാരായണന്റെ ഓര്‍മയ്ക്കായി സ്മൃതിവനവും മാന്‍പാര്‍ക്കും ആരംഭിച്ചത്. അന്നത്തെ മന്ത്രി പി.ആര്‍. കുറുപ്പായിരുന്നു ഉദ്ഘാടനം ചെയ്തത്. നേരത്തെ മലമ്പുഴയില്‍ താല്‍ക്കാലികമായി പാര്‍പ്പിച്ചിരുന്ന മാനുകളെ ശാസ്ത്രീയമായി സംരക്ഷിക്കലും കാട്ടില്‍ നിന്നു കൂട്ടംതെറ്റി വരുന്നവയ്ക്കു താവളം നല്‍കലുമായിരുന്നു സ്ഥാപനത്തിന്റെ ലക്ഷ്യം. 65 മാനുകളാണു പാര്‍ക്കിലുള്ളത്. അതില്‍ 54 എണ്ണം മലമാനും (മഌവ്, സമ്പാര്‍) 11 എണ്ണം പുള്ളിമാനുമാണ്. തുടക്കത്തില്‍ 22 മാനുകളാണ് ഉണ്ടായിരുന്നത്. അഞ്ചു തേക്കുതോട്ടങ്ങളുള്ള പാര്‍ക്കിന് മൊത്തം 118 ഏക്കര്‍ സ്ഥലമുണ്ട്. ഫീസ് വാങ്ങി സന്ദര്‍ശകരെ പ്രവേശിപ്പിച്ചിരുന്നെങ്കിലും മൃഗശാലാ അതോറിറ്റിയുടെ നിര്‍ദേശത്തെ തുടര്‍ന്നു കഴിഞ്ഞവര്‍ഷം അതു നിര്‍ത്തലാക്കി. പാര്‍ക്ക് നടത്തിപ്പിനു വനം വകുപ്പിനു വര്‍ഷം ഏതാണ്ട് അഞ്ചു ലക്ഷം രൂപയാണു ചെലവ്. റേഞ്ച് ഓഫിസറുടെ മേല്‍നോട്ടത്തില്‍ ഫോറസ്റ്റര്‍, രണ്ടു ഗാര്‍ഡുമാര്‍, മൂന്നു മസ്ദൂര്‍മാര്‍ എന്നിവരാണു സ്ഥാപനത്തിലുള്ളത്. മാനുകളെ ഘട്ടംഘട്ടമായി വനത്തിലേക്കു വിടാനാണ് ഇപ്പോഴത്തെ തീരുമാനം.  സംസ്ഥാന വനം ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് (കെഎഫ്ആര്‍എ), വന്യജീവി സംരക്ഷണ വിഭാഗം എന്നിവയുടെ സഹായത്തോടെ വിട്ടയയ്ക്കല്‍ പദ്ധതിക്കു രൂപം നല്‍കും. ഇക്കാര്യം അതോറിറ്റിയെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ നടപടിയുടെ സമയക്രമം തീരുമാനിച്ചിട്ടില്ല. ഉന്നത ഉദ്യോഗസ്ഥരും ഗവേഷകരുമായി ഇതു ചര്‍ച്ച ചെയ്യുമെന്നാണ് വനംവകുപ്പ് പറയുന്നത്. എന്നാല്‍ മനുഷ്യരുടെ പരിചരണത്തോടെ ഇണങ്ങികഴിയുന്ന മാനുകളെ പെട്ടെന്ന് ഉള്‍ക്കാടുകളിലേക്ക് വിട്ടാല്‍ വന്യജീവികളാലോ മനുഷ്യരാലോ കൊല്ലപ്പെടാനാണ് സാധ്യതയെന്ന് ഈ രംഗത്തെ വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. തേക്കിന്‍തോട്ടങ്ങള്‍ക്കു സമീപം 118 ഏക്കര്‍ വനമേഖലയിലാണ് പാര്‍ക്ക് സ്ഥിതിചെയ്യുന്നത്. എണ്‍പതു വര്‍ഷത്തിലേറെ പഴക്കമുള്ള വാളയാര്‍ തേക്കുമരങ്ങളാണ് ഇവിടെയുള്ളത്. പാര്‍ക്ക് ഇല്ലാതായാല്‍ വനംകൊള്ളക്കാരുടെ ആവാസകേന്ദ്രമായി ഇവിടം മാറുമെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. മൃഗഡോക്ടര്‍, വാര്‍ഡന്‍ എന്നിവയാണ് ഇവിടെ ഏര്‍പ്പെടുത്തേണ്ട ഉടന്‍ അടിസ്ഥാന സൗകര്യങ്ങള്‍. സര്‍ക്കാര്‍ ഇത് ഘട്ടങ്ങളായി നടപ്പിലാക്കുമെന്ന് ഉറപ്പുനല്‍കിയിരുന്നതാണ്. ഈ സാഹചര്യത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകരുടെ സഹകരണത്തോടെ പദ്ധതി തയ്യാറാക്കി പാര്‍ക്ക് നിലനിര്‍ത്താവുന്നതാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.