റോഡ് സുരക്ഷ പഠിക്കാന്‍ വിദഗ്ദ്ധ സമിതി

Friday 7 October 2011 4:34 pm IST

തിരുവനന്തപുരം: റോഡ് നിര്‍മ്മാണവും സുരക്ഷയും പഠിക്കാന്‍ വിദഗ്ദ്ധ സമിതിയെ നിയമിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. ഇ.ശ്രീധരന്‍ സമിതി അധ്യക്ഷനാകും. ആസൂത്രണ ബോര്‍ഡ് യോഗത്തിന്റേതാണ് ഈ തീരുമാനം. പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയില്‍ കേരളത്തിന് ഒരു ലക്ഷം കോടി രൂപയ്ക്കും ഒരു ലക്ഷത്തി അയ്യായിരം കോടി രൂപയ്ക്കും ഇടയ്ക്ക് പദ്ധതി അടങ്കല്‍ ലഭിക്കും. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ആദ്യമായാണ് ആസൂത്രണ ബോര്‍ഡിന്റെ പൂര്‍ണ്ണ യോഗം ചേരുന്നത്. കൃഷിക്കും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും പ്രത്യേകം പരിഗണന നല്‍കണമെന്ന നിര്‍ദ്ദേശം യോഗത്തിലുണ്ടായി. കര്‍ഷകര്‍ക്കുള്ള സബ്‌സിഡി അവരവരുടെ ബാങ്ക് അക്കൌണ്ടുകളില്‍ എത്തുന്ന തരത്തിലുള്ള ക്രമീകരണം ഉണ്ടാകണമെന്നും നിര്‍ദ്ദേശമുണ്ടായി. പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി കാലത്ത് സംസ്ഥാനം രണ്ടക്കത്തിലുള്ള സാമ്പത്തിക വളര്‍ച്ചയാണ് ലക്ഷ്യമിടുന്നത്. ഭവന രഹിതരാ‍യ പന്ത്രണ്ട് ലക്ഷം പേര്‍ക്ക് വരുന്ന അഞ്ച് വര്‍ഷം കൊണ്ട് വീട് നിര്‍മ്മിച്ച് നല്‍കും. വൈദ്യുതി ഉത്പാദനം വരുന്ന അഞ്ച് വര്‍ഷം കൊണ്ട് ഇപ്പോഴത്തേതിന്റെ 100 ശതമാനം വര്‍ദ്ദിപ്പിക്കാന്‍ സാധ്യമാ‍യ എല്ലാ മാര്‍ഗ്ഗങ്ങളെയും ഏകോപിപ്പിക്കും. സ്വകാര്യ, പൊതുമേഖലാ പങ്കാളിത്തത്തോടെ വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതിനായി പ്രത്യേക സെല്‍ രൂപീകരിക്കാനും ആസൂത്രണ ബോര്‍ഡ് യോഗം തീരുമാനിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.