രാമകൃഷ്ണന്റെ പ്രസ്താവനയോട് യോജിപ്പില്ല - ഉമ്മന്‍‌ചാണ്ടി

Friday 7 October 2011 5:04 pm IST

തിരുവനന്തപുരം: വിവാദമായ കൂത്തുപറമ്പ് പ്രശ്നവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റ് പി. രാമകൃഷ്ണന്റെ പ്രസ്താവനയോട് യോജിപ്പില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി പറഞ്ഞു. പാര്‍ട്ടിയുടെ അഭിപ്രായമല്ല ഉമ്മന്‍‌ചാണ്ടി പറഞ്ഞതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഏത് സാഹചര്യത്തിലാണ് രാമകൃഷ്ണന്‍ വിവാദമായ പ്രസ്താവന നടത്തിയതെന്ന് തനിക്കറിയില്ല. കൂത്തുപറമ്പ് വെടിവെയ്പ്പുമായി കെ.സുധാകരനെ ബന്ധപ്പെടുത്തുന്നതില്‍ യാതൊരു അടിസ്ഥാനവുമില്ലെന്നും രാമകൃഷ്ണന്റെ പ്രസ്താവന ശരിയല്ലെന്നും ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. അതേസമയം പി.രാമകൃഷ്ണന് കെ.പി.സി.സി. നേതൃത്വം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. വിലക്ക് ലംഘിച്ച് പരസ്യപ്രസ്താവന നടത്തിയതിനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും 15 ദിവസത്തിനകം വിശദീകരണം നല്‍കണമെന്നുമാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. രാമകൃഷ്ണന്റെ പ്രസ്താവന കടുത്ത അച്ചടക്കലംഘനമാണെന്നാണ് കെ.പി.സി.സി വിലയിരുത്തിയത്. കഴിഞ്ഞ കുറേ നാളുകളായി കണ്ണൂരില്‍ കെ. സുധാകരനും പി. രാമകൃഷ്ണനും തമ്മിലുള്ള തര്‍ക്കങ്ങളുടെ തുടര്‍ച്ചയാണ് പുതിയ സംഭവവും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.