ദുരന്ത നിവാരണം : കേരളത്തിന് കേന്ദ്രസര്‍ക്കാര്‍ നല്‍കിയത് 250 കോടി

Wednesday 8 October 2014 9:57 pm IST

തിരുവനന്തപുരം: ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രം കേരളത്തിന് നല്‍കിയത് 250 കോടി. സാമ്പത്തിക പ്രതിസന്ധി മൂലം നട്ടംതിരിയുന്ന കേരളത്തിന് ഏറെ ആശ്വാസകരമാണിത്. മറ്റൊരു സംസ്ഥാനത്തിനും ഇത്ര തുക കേന്ദ്രം നല്‍കിയിട്ടില്ല. എന്നിട്ടും, കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് സ്വീകരിക്കുന്ന സമീപനം ശരിയല്ലെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിന്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇരുപതിലധികം മെമ്മോറാണ്ടങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇതില്‍ ഒന്നുപോലും പരിഗണിക്കാന്‍ മനസ്സുകാട്ടിയിട്ടില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അധികൃതര്‍ തന്നെ സമ്മതിക്കുന്നു. എന്‍ഡിഎ സര്‍ക്കാരിന് സമര്‍പ്പിച്ചത് അഞ്ചു മെമ്മോറാണ്ടങ്ങള്‍. ആവശ്യപ്പെട്ടത് 600 കോടിയും. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ മാനദണ്ഡപ്രകാരം ഇത്രയും തുക നല്‍കാന്‍ സാധിക്കില്ല. പ്രകൃതി ദുരന്ത പട്ടികയില്‍ വരുന്ന അപകടങ്ങള്‍ക്ക് കേന്ദ്രം നിശ്ചയിച്ചിട്ടുള്ള ഫണ്ട് മാത്രമേ ലഭിക്കൂ. എന്നാല്‍, കേരളത്തിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഫണ്ടിന് കുറവു വരുത്തിയിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. ഇപ്പോള്‍ ദുരന്തനിവാരണ അതോറിറ്റിക്ക് പ്രതിരോധം തീര്‍ക്കാനാവശ്യമായ ഫണ്ടുണ്ട്. കുടിവെള്ളം മുതല്‍ കടല്‍ ഭിത്തി കെട്ടുന്നതിനു വരെ എല്ലാ ജില്ലകളിലും പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. ഓരോ വര്‍ഷവും കേന്ദ്രം സംസ്ഥാനങ്ങളെ സഹായിക്കുന്നതിന് മാറ്റിവെച്ചിട്ടുള്ള ഫണ്ടാണ് കേരളത്തിനും ലഭിച്ചത്. എന്നാല്‍, ഇതു നേടിയെടുക്കാന്‍ കടമ്പകളേറെ. മെമ്മോറാണ്ടം സമര്‍പ്പിക്കുന്നതിനൊപ്പം കേന്ദ്രസംഘം പരിശോധനക്കെത്തുമ്പോള്‍ നാശനഷ്ടങ്ങളുടെ വിവരങ്ങള്‍ കൃത്യതയോടെ അവതരിപ്പിക്കാന്‍ കഴിയണം. അതതു ജില്ലകളുടെ ഭൂപ്രകൃതിയും കൃഷിനാശം വെള്ളക്കെട്ട് ഭീഷണി, ഉരുള്‍പൊട്ടല്‍, മരണം തുടങ്ങി എല്ലാ പ്രശ്‌നങ്ങളും കേന്ദ്ര സംഘത്തെ ബോധ്യപ്പെടുത്താന്‍ സാധിക്കണം. അഞ്ച് ദിവസത്തെ സന്ദര്‍ശനത്തിനെത്തുന്ന സംഘത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനാണ്. ഇടിമിന്നല്‍, കടല്‍ക്ഷോഭം എന്നീ ദുരന്തങ്ങളെ കേന്ദ്രപ്രകൃതിക്ഷോഭ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും കേരളം അവതരിപ്പിച്ചിട്ടുണ്ട്. പതിനാലാം ധനകാര്യകമ്മിഷന്റെ പരിഗണനയിലുള്ള ഈ ആവശ്യത്തിന് വര്‍ഷങ്ങള്‍ പഴക്കമുണ്ട്. ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലം മുതല്‍ നിവേദനങ്ങള്‍ നല്‍കാന്‍ തുടങ്ങിയതാണ്. രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് കേരളത്തില്‍ നിന്ന് എട്ട് കേന്ദ്രമന്ത്രിമാരും ഉണ്ടായിരുന്നു. എന്നിട്ടും ഈ ആവശ്യം പരിഗണിക്കപ്പെട്ടില്ലെന്ന് ദുരന്ത നിവാരണ അതോറിറ്റി അധികൃതര്‍ പറയുന്നു. എന്‍ഡിഎ സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ തന്നെ നിവേദനം നല്‍കി. കേരളത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടം വരുത്തുന്നത് കടല്‍ക്ഷോഭമാണ്. തീരദേശവാസികള്‍ക്ക് നഷ്ടപരിഹാരം കൊടുക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ട്. മാനദണ്ഡങ്ങള്‍ക്കു പുറത്തുള്ള ദുരന്തങ്ങളില്‍ പെടുന്നവരെ സംരക്ഷിക്കാന്‍ കഴിയാത്ത സ്ഥിതിയുമുണ്ട്. കേരളത്തിന്റെ ആവശ്യം അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പു നല്‍കിയിട്ടുണ്ടെന്നും അധികൃതര്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.