കേദാര്‍നാഥ് ക്ഷേത്രം

Friday 7 October 2011 6:57 pm IST

"കാശിയില്‍ പോയി ഗംഗാസ്നാനം നടത്തി മരിക്കാന്‍ കഴിഞ്ഞാല്‍ മുക്തി ലഭിക്കും. എന്നാല്‍ കേദാര്‍നാഥില്‍ പോയി കേദാരേശ്വര ദര്‍ശനം നടത്തി പൂജിക്കുന്നതുകൊണ്ടുമാത്രം മനുഷ്യന്‍ മുക്തനായിത്തീരുന്നതാണ്‌." എന്നു സ്കാന്ദ പുരാണത്തില്‍ ഒരു പ്രസ്താവമുണ്ട്‌. വളരെയധികം തീര്‍ത്ഥാടകര്‍ ബദരീനാഥത്തിലും കേദാരനാഥത്തിലുമായി മാത്രം ദര്‍ശനം നടത്തുന്നുണ്ട്‌. കേദാര്‍നാഥത്തിലേക്കു പോവാന്‍ പല മാര്‍ഗങ്ങളുണ്ട്‌. ഒന്ന്‌ ഗംഗോത്രിയില്‍ നിന്ന്‌ ഉത്തരകാശിയില്‍ നിന്നു ബസുമാര്‍ഗം ഗൗരീകുണ്ഡത്തിലെത്തി അവിടുന്ന്‌ നടന്ന്‌ കേദാര്‍നാഥിലെത്തുക. മറ്റൊന്നു ഹൃഷീകേശില്‍ നിന്നു ഗൗരീകുണ്ഡത്തിലെത്തി നടക്കുക. ഇനിയുമൊന്നു ബദരീനാഥദര്‍ശനം കഴിഞ്ഞ്‌ അവിടെ നിന്നു ഗൗരീകുണ്ഡത്തിലേക്കു ബസുമാര്‍ഗ്ഗം പോവുക. ബദരിയില്‍ നിന്നു നൂറ്റമ്പതു കിലോമീറ്ററോളം പുറകോട്ടിറങ്ങി രുദ്ര പ്രയാഗയില്‍ വന്ന്‌ തിരിഞ്ഞ്‌ അളകനന്ദയിലെ പാലം കടന്നാണ്‌ ഗൗരീകുണ്ഡിലേക്ക്‌ ബസു പോവുന്നത്‌. ഹൃഷീകേശില്‍ നിന്നുള്ള വണ്ടി രുദ്രപ്രയാഗ കടന്നുപോവുന്നതും ഉത്തരകാശിയിലെത്തി സോമപ്രയാഗ കൂടി ഗൗരീകുണ്ഡിലെത്തുന്നതുമുണ്ട്‌. രുദ്രപ്രയാഗയില്‍ അളകനന്ദയുടെയും മന്ദാകിനിയുടെയും സംഗമമുണ്ട്‌. ഇവിടെ ധര്‍മ്മശാലയും ഒരു ശിവക്ഷേത്രവുമുണ്ട്‌. ഇവിടിരുന്നു നാരദന്‍ തപസ്സു ചെയ്തതാണ്‌. രണ്ടര കിലോമീറ്റര്‍ അപ്പുറം കോടേശ്വരമെന്ന മറ്റൊരു ശിവക്ഷേത്രവുമുണ്ട്‌. അവിടെ നിന്ന്‌ ഒരു കിലോമീറ്റര്‍ അപ്പുറം ഉമഗാ എന്ന സ്ഥലത്ത്‌ ഒരു നാരായണക്ഷേത്രമുണ്ട്‌. പിന്നീടുള്ള മാര്‍ഗം മന്ദാകിനിതീരത്തിലൂടെയാണ്‌. സോമപ്രയാഗ (സോമദ്വാര്‍) സോമനദിയുടെ സംഗമസ്ഥാനമാണ്‌. ഇവിടത്തെ പാലം കടന്ന്‌ ഒരു കിലോമീറ്റര്‍ ചെന്നാല്‍ ഛിന്നമസ്തക്‌ ഗണപതിക്ഷേത്രം കാണാം. ഇവിടെ നിന്ന്‌ ആറായിരം അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ത്രിയുഗീനാരായണക്ഷേത്രത്തിലേക്ക്‌ കാല്‍നടയായി പോവാന്‍ മാര്‍ഗമുണ്ട്‌. ഈ സ്ഥലത്തു വച്ചാണ്‌ ശിവ-പാര്‍വ്വതീവിവാഹം നടന്നത്‌. മൂന്നു കിലോമീറ്റര്‍ ചെന്നാല്‍ ഗൗരീകുണ്ഡായി. ഇവിടെ ധര്‍മ്മശാലയുണ്ട്‌. ചൂടുവെള്ളവും പച്ചവെള്ളവും കിട്ടുന്ന രണ്ടു കുണ്ഡങ്ങളുമുണ്ട്‌. പാര്‍വ്വതിയുടെ ജന്മസ്ഥലമായതിനാലാണ്‌ ഗൗരീകുണ്ഡെന്നു പേരുണ്ടായത്‌. ഇവിടെ അടുത്ത്‌ ഒരു രാധാകൃഷ്ണക്ഷേത്രമുണ്ട്‌. ഇനിയുള്ള എട്ടു കിലോമീറ്റര്‍ കടുത്ത കയറ്റമാണ്‌. വഴിക്ക്‌ കടന്നലുകളുടെ ഉപദ്രവവുമുണ്ട്‌. വീണ്ടും ഒരു കിലോമീറ്റര്‍ ചെല്ലുമ്പോള്‍ ചില്‍പടിയാഭൈരവന്‍. വീണ്ടും ഒരു കിലോമീറ്റര്‍ ചെന്നാല്‍ ഭീമശില. അവിടുന്നു രണ്ടു കിലോമീറ്റര്‍ ചെന്നാല്‍ രാമബാഡാ. ഇവിടെ തീര്‍ത്ഥാടകര്‍ക്കു വിശ്രമിക്കാനുള്ള വലിയ താവളമാണ്‌. ധര്‍മ്മശാലയുമുണ്ട്‌. എല്ലാവിധ അത്യാവശ്യസാധനങ്ങളും ഇവിടെ കിട്ടും. മഹര്‍ഷി ഉപമന്യുവും പാണ്ഡവരും തപസ്സു ചെയ്ത സ്ഥലമാണ്‌ കേദര്‍നാഥ്‌. ഭഗവാന്‍ ശിവന്‍ മഹിഷരൂപം കൈക്കൊണ്ട ശേഷം അദ്ദേഹത്തിന്റെ അവയവങ്ങളുടെ അഞ്ചുഭാഗങ്ങള്‍ അഞ്ചു സ്ഥലങ്ങളില്‍ പ്രതിഷ്ഠിച്ചിട്ടുണ്ട്‌. അവയാണ്‌ പഞ്ചകേദാരങ്ങള്‍. അതില്‍ ഒന്നാമത്തേതാണ്‌ ഈ കേദാരം. ഇവിടത്തെ ക്ഷേത്രത്തില്‍ ത്രികോണാകൃതിയിലുള്ള ശിലയാണ്‌. തീര്‍ത്ഥാടകര്‍ക്ക്‌ ഇവിടെ പൂജ നടത്തുന്നതിനും അര്‍ച്ചന നടത്തുന്നതിനും സാധിക്കും. ഇതിനടുത്തു കാണേണ്ട സ്ഥലങ്ങളാണ്‌ ഭൃഗുവനം. ക്ഷീരഗംഗ, വാസുകിതാല്‌, ഗുഗൂകുണ്ട്‌, ഭൈരവശില മുതലായവ. വാസുകീതാലിലേക്കുള്ള പത്തു കിലോമീറ്റര്‍ വഴി കഠിനമായ കയറ്റമാണ്‌. എങ്കിലും അവിടെത്തിയാല്‍ അത്യന്തം രമണീയങ്ങളായ കാഴ്ചകളാണ്‌ കാണാന്‍ കഴിയുന്നത്‌. പഞ്ചപാണ്ഡവവിഗ്രഹങ്ങള്‍, ഭീമഗുഹ, ഭീമശില, മറ്റു ചില കുണ്ഡങ്ങള്‍ എല്ലാം അവിടവിടെയായി കാണാം. പര്‍വ്വതത്തിനു മുകളില്‍ ബ്രഹ്മകമലമുണ്ട്‌. ഇവിടെ ചില ധര്‍മ്മശാലകളുണ്ട്‌. എന്നാല്‍ തണുപ്പു വളരെ കൂടുതലാണ്‌. തീര്‍ത്ഥാടകര്‍ക്ക്‌ രാത്രി കഴിച്ചുകൂട്ടുക വളരെ വിഷമമാണ്‌. ഇവിടത്തെ ക്ഷേത്രത്തില്‍ ഉഷ , അനിരുദ്ധന്‍, പാണ്ഡവര്‍, ശ്രീകൃഷ്ണന്‍, ശിവ - പാര്‍വ്വതി തുടങ്ങിയവരുടെ വിഗ്രഹങ്ങളുണ്ട്‌. പ്രദക്ഷിണമായി വരുമ്പോള്‍ പല കുണ്ഡങ്ങളും കാണാവുന്നതാണ്‌. കേദാരനാഥില്‍ ഇക്കാലത്തു തീര്‍ത്ഥാടകര്‍ക്കു താമസത്തിനുള്ള എല്ലാ സൗകര്യങ്ങളുമുണ്ട്‌. കേരളീയനായ ആദിശങ്കരാചാര്യരുടെ സമാധി ഇവിടെയാണ്‌. പ്രധാനക്ഷേത്രത്തിനു പുറകിലായി സമാധി മണ്ഡപവും അതിനുള്ളില്‍ ശ്രീശങ്കര പ്രതിമയും ഉണ്ട്‌. ഇവിടെ സന്ദര്‍ശിക്കുന്ന കേരളീയര്‍ പ്രദക്ഷിണവും നമസ്കാരവും ഭക്തിപൂര്‍വ്വം നടത്തുന്നത് കാണാം

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.