സദാചാരക്കൊല: 9 പേര്‍ക്ക് ജീവപര്യന്തം തടവും പിഴയും

Friday 10 October 2014 12:36 am IST

കോഴിക്കോട്: സദാചാര പൊലീസ് ചമഞ്ഞ് കൊടിയത്തൂരില്‍ യുവാവിനെ മര്‍ദ്ദിച്ച് കൊന്ന കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ഒമ്പത് പ്രതികള്‍ക്കും ജീവപര്യന്തം തടവും പിഴയും ശിക്ഷ. കൊടിയത്തൂര്‍ ചുള്ളിക്കാപറമ്പ് തേലേരി വീട്ടില്‍ ഷാഹീദ് ബാവ (26) വധക്കേസിലാണ് പ്രതികളെ ജീവപര്യന്തം തടവിനും 25,000 മുതല്‍ 50,000 രൂപ വരെ പിഴയ്ക്കും എരഞ്ഞിപ്പാലം സ്‌പെഷ്യല്‍ അഡീഷണല്‍ സെഷന്‍സ്’(മാറാട്)  കോടതി ജഡ്ജ് എസ്. കൃഷ്ണകുമാര്‍ ശിക്ഷ വിധിച്ചത്. 2011 നവംബര്‍ ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. പിഴസംഖ്യയില്‍ രണ്ട് ലക്ഷം രൂപ ഷഹീദ് ബാവയുടെ അച്ഛന് നല്‍കാനും വിചാരണക്കോടതി ഉത്തരവിട്ടു. സദാചാര പോലീസ് ചമഞ്ഞ് കൊല നടത്തിയതിന്റെ പേരിലുള്ള  സംസ്ഥാനത്തെ ആദ്യ കേസിലെ സുപ്രധാന വിധി യാണിത്. പരമാവധി ശിക്ഷയായ വധശിക്ഷ ഈ കേസില്‍ വിധിക്കേണ്ട ആവശ്യമില്ലെന്ന് ജഡ്ജി എസ്. കൃഷ്ണകുമാര്‍ നിരീക്ഷിച്ചു. ഒന്നാം പ്രതി കൊടിയത്തൂര്‍ കൊല്ലാളത്തില്‍ അബ്ദുള്‍ റഹ്മാന്‍ എന്ന ചെറിയാപ്പു(55), മൂന്നുമുതല്‍ ആറുവരെ പ്രതികളായ നാറാഞ്ചിലത്ത് പാലക്കാടന്‍ അബ്ദുല്‍ കരീം(45), നടക്കല്‍ കോട്ടക്കുഴിയില്‍ അബ്ദുല്‍ നാസര്‍(31), മാളിയേക്കല്‍ ഫയാസ്(28), കളത്തിങ്ങല്‍ നാജിദ്(22), എട്ടുമുതല്‍ 11 വരെ പ്രതികളായ പാത്തേന്‍കടവ് റാഷിദ്(22), എള്ളങ്ങല്‍ ഹിജാസ് റഹ്മാന്‍ എന്ന കട്ട(23), നാലാഞ്ചിലത്ത് പാലക്കാടന്‍ മുഹമ്മദ് ജംഷീര്‍(25), കൊളായില്‍ ഷാഹുല്‍ ഹമീദ്(29) എന്നിവരെയാണ് ജീവപര്യന്തത്തിന് ശിക്ഷിച്ചത്. ഇവര്‍ കുറ്റക്കാരാണെന്ന് ഇക്കഴിഞ്ഞ ബുധനാഴ്ച കണ്ടെത്തിയ കോടതി മറ്റ് അഞ്ച് പ്രതികളെ തെളിവില്ലെന്ന് കണ്ട് വെറുതെവിട്ടിരുന്നു. ഒന്നാം പ്രതി അബ്ദുള്‍ റഹ്മാനും മൂന്നാം പ്രതി അബ്ദുള്‍ കരീമിനും ജീവപര്യന്തം തടവും 25,000 രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരു കൊല്ലം തടവും, ഐപിസി 143 പ്രകാരം ആറ് മാസം തടവും, ഐപിസി 148 പ്രകാരം ഒരു വര്‍ഷം തടവും, ഐപിസി 353 പ്രകാരം ആറ് മാസം തടവും അനുഭവിക്കണമെന്നും ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതിയെന്നും കോടതി വിധിച്ചു.  നാലാം പ്രതി അബ്ദുള്‍ നാസറിന് ഐപിസി 302ഉം 120(ബി)-വധഗുഢാലോചന പ്രകാരം ജീവപര്യന്തം തടവും 25,000 രൂപ പിഴയും പിഴയൊടുക്കിയില്ലെങ്കില്‍ ഒരു വര്‍ഷം തടവും വിധിച്ചു. അഞ്ചാം പ്രതി ഫയാസ്, ആറാം പ്രതി നാജിദ്, എട്ടാം പ്രതി റാഷിദ്, ഒമ്പതാം പ്രതി ഹിജാസ് റഹ്മാന്‍, പത്താം പ്രതി മുഹമ്മദ് ജംഷീര്‍, പതിനൊന്നാം പ്രതി ഷാഹുല്‍ ഹമീദ് എന്നിവര്‍ക്ക്  ജീവപര്യന്തം തടവും 50,000 രൂപ പിഴയും (പിഴയൊടുക്കിയില്ലെങ്കില്‍ ഒരു വര്‍ഷം തടവും) വിധിച്ചു. ഐപിസി 143 പ്രകാരം ആറ് മാസം തടവും, ഐ പി സി 148 പ്രകാരം ഒരു വര്‍ഷം തടവും, ഐപിസി 353 പ്രകാരം ആറ് മാസം തടവും വിധിച്ച കോടതി ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതിയെന്നും ഐപിസി 147 പ്രകാരം പ്രത്യേക ശിക്ഷ നല്‍കേണ്ടതില്ലെന്നും വിധിയില്‍ വ്യക്തമാക്കി. ശിക്ഷിക്കപ്പെട്ട പ്രതികളെ ജില്ലാ ജയിലില്‍ എത്തിച്ച ശേഷം വൈകീട്ടോടെ പ്രത്യേക വാഹനത്തില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോയി. കേസില്‍ പ്രധാന സാക്ഷികളെല്ലാം കൂറുമാറുകയും ചിലരെ പ്രോസിക്യൂഷന്‍ വിസ്തരിക്കാതെ ഒഴിവാക്കുകയും ചെയ്തിരുന്നു. കേസിലെ പതിനഞ്ചാം പ്രതി അരിപ്ര പുതുക്കുഴിയില്‍ ചാത്തപ്പറമ്പില്‍ ഫായിസ്(25) ഇപ്പോഴും ഒളിവിലാണ്.അഞ്ച് പേരെ കോടതി കഴിഞ്ഞദിവസം വെറുതെ വിട്ടിരുന്നു. കോഴിക്കോട് നോര്‍ത്ത് അസിസ്റ്റന്റ് കമ്മിഷണര്‍ ജോസി ചെറിയാനാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.