തരൂരിന്റെ വിജയം റദ്ദാക്കല്‍: ഒ. രാജഗോപാല്‍ സത്യവാങ്മൂലം നല്‍കി

Friday 10 October 2014 12:27 am IST

കൊച്ചി: ശശി തരൂരിന്റെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ കേന്ദ്ര റെയില്‍വെമന്ത്രി ഒ. രാജഗോപാല്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. നാമനിര്‍ദ്ദേശ പത്രികയില്‍ ഭാര്യയുടേയും മകന്റേയും സ്വത്ത് വിവരം ചേര്‍ത്തിരുന്നില്ലെന്നും ഇത് തെരഞ്ഞെടുപ്പ് ചട്ടലംഘനമായി കണക്കാക്കി തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് സത്യവാങ്മൂലം. തരൂരിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എസ്. സുരേഷ് കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് രാജഗോപാല്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. 2014 ഏപ്രില്‍ പത്തിനായിരുന്നു ലോക്‌സഭാ തെരഞ്ഞെടുപ്പ്. ജനുവരി 17-നാണ് സുനന്ദ മരിച്ചത്. ഹിന്ദു പിന്തുടര്‍ച്ചാവാകാശ നിയമപ്രകാരം ഭാര്യയുടെ മരണശേഷം സ്വത്തുക്കള്‍ ഭര്‍ത്താവിന് ലഭിക്കും. സുനന്ദയുടെ മരണശേഷം തരൂരിന് ലഭിച്ച സ്വത്തുവിവരം ബോധപൂര്‍വ്വം മറച്ചുവെച്ചത് തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. സുന്ദയുടെ ബാധ്യതകള്‍ വീട്ടാനായി നല്‍കിയ പണത്തെക്കുറിച്ചും തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ പരാമര്‍ശിച്ചിട്ടല്ല. തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും. ജസ്റ്റീസ് പി. ഭവദാസനാണ് ഹര്‍ജി പരിഗണിക്കുക. ഒ.രാജഗോപാലിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകനായ ആര്‍.ഡി. ഷേണായി, ജോസഫ് റോണി എന്നിവര്‍ ഹാജരാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.