അക്രമ സമരത്തിനെതിരെ പ്രതിഷേധം ഉയരുന്നു; സ്ത്രീകളെ ബലിയാടാക്കുന്നു

Friday 10 October 2014 4:22 pm IST

ആലപ്പുഴ: സ്ത്രീകളെ മുന്നില്‍ നിര്‍ത്തി സിപിഎം നടത്തുന്ന അക്രമ സമരത്തിനെതിരെ വ്യാപക പ്രതിഷേധമുയരുന്നു. സിപിഎം-കോണ്‍ഗ്രസ് രാഷ്ട്രീയ പോരാട്ടം കുടുംബശ്രീയെ തകര്‍ക്കുകയാണ്. കുടുംബശ്രീയെ പോക്കറ്റ് സംഘടനയാക്കി നിലനിര്‍ത്താനുള്ള സിപിഎം നേതാവ് തോമസ് ഐസക് എംഎല്‍എയുടെയും അതിനെ എതിര്‍ത്ത് രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള കോണ്‍ഗ്രസിന്റെയും ശ്രമങ്ങളാണ്  കുടുംബശ്രീയെ തകര്‍ക്കുന്നത്. ഐസക്കിന്റെ പിടിവാശി മൂലം രണ്ടാഴ്ചയായി കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസിന്റെ പ്രവര്‍ത്തനം താളം തെറ്റിയിരിക്കുകയാണ്. ഇത് പട്ടിണിപ്പാവങ്ങളായ കുടുംബശ്രി അംഗങ്ങളെയാണ് ഏറെ ദോഷകരമായി ബാധിച്ചിട്ടുള്ളത്. സിപിഎം നേതാക്കളെയും ഗുണ്ടാസംഘങ്ങളെയും വരെയിറക്കി ജീവനക്കാരെയും ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തുന്ന അവസ്ഥ വരെയുണ്ടായി. എന്നാല്‍ പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ മുന്‍കൈയെടുക്കേണ്ട കോണ്‍ഗ്രസ് ആകട്ടെ പ്രസ്താവനകള്‍ തുടര്‍ച്ചയായി ഇറക്കി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണ്. കക്ഷിരാഷ്ട്രീയ, ജാതിമത ഭേദമന്യേ സ്ത്രീ കൂട്ടായ്മകള്‍ രൂപീകരിച്ച് അവരെ സ്വയംപര്യാപ്തതയിലേക്ക് നയിച്ച കുടുംബശ്രീയില്‍ ഇന്ന് സ്ത്രീകള്‍ രാഷ്ട്രീയ നേതാക്കളുടെ പിന്നില്‍ അണിനിരന്ന് തെരുവില്‍ തമ്മില്‍ത്തല്ലുകയാണ്. വകുപ്പ് ഭരിക്കുന്ന മുസ്‌ലിം ലീഗ്  ഈ വിഷയത്തില്‍ മൗനം പാലിക്കുന്നതിലും ഏറെ ദുരൂഹതയുണ്ട്. പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകളെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തുകയും സ്വാശ്രയത്വം പകര്‍ന്നു കൊടുക്കുകയും ചെയ്ത കുടുംബശ്രീയെ രാഷ്ട്രീയ വിമുക്തമാക്കി സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാണ്. സിപിഎമ്മും കോണ്‍ഗ്രസും നടത്തുന്ന രാഷ്ട്രീയപോരാട്ടത്തിന്റെ ബലിയാടുകളാകുകയാണ് നിരപരാധികളായ കുടുംബശ്രി അംഗങ്ങള്‍. വ്യാഴാഴ്ചത്തെ സമരവും രാഷ്ട്രീയ മുതലെടുപ്പിനായിരുന്നു. വരും ദിവസങ്ങളിലും സമരം ശക്തമാകുന്നതോടെ നഷ്ടം പാവപ്പെട്ട കുടുംബശ്രി അംഗങ്ങള്‍ക്കായിരുക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.