കൊച്ചി: ഇഞ്ചിയോണിലെ ഫൈനല്‍ തനിക്ക് വേണ്ടി കരുതി വച്ച കളിയായിരുന്നുവെന്ന് ഇന്ത്യന്‍ ഹോക്കി ടീം ഉപനായകനും മലയാളിയുമായ പി.ആര്. ശ്രീജേഷ്. പാകിസ്ഥാനുമായുള്ള മത്സരത്തില്‍ ടൈബ്രേക്കറില്‍ രണ്ട് ഗോളുകള്‍ രക്ഷപെടുത്തിയില്ലായിരുന്നുവെങ്കില് രാജ്യദ്രോഹിയായി ചിത്രീകരിക്കപ്പെടുമായിരുന്നു. എറണാകുളം പ്രസ് ക്ലബില്‍ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ശ്രീജേഷ്.
ഹോക്കി ലോകകപ്പ് നേടണമെങ്കില്‍ ദീര്‍ഘകാല പദ്ധതി വേണം. ഓസ്ട്രേലിയ 20 വര്‍ഷത്തെ പരിശീലനത്തിനൊടുവിലാണ് ലോക ഒന്നാം നമ്പര്‍ ആയത്. ഇന്ത്യയില്‍ താഴെത്തട്ടില്‍ നിന്നുള്ള പരിശീലനവും പദ്ധതികളും ആവശ്യമാണ്. ഗോള്‍കീപ്പറെന്ന നിലയില്‍ 13 വര്‍ഷത്തെ അനുഭവങ്ങള്‍ പൊളിച്ചെഴുതാന്‍ പ്രേരിപ്പിച്ചത് ഹോളണ്ടുകാരനായ പരിശീലകന് മാര്ട്ടൈന്റെ ശിക്ഷണമാണ്. ഇദ്ദേഹത്തിന്റെ കീഴില്‍ മൂന്നാഴ്ചത്തെ കഠിന പരിശീലനം ഇഞ്ചിയോണില്‍ ഫലം കണ്ടുവെന്നും ടെറിവാഷിന്റെ പരിശീലനം ടീമിനാകെ ഉണര്‍വ് നല്‍കിയെന്നും ശ്രീജേഷ് പറഞ്ഞു.
പാകിസ്ഥാനെ തോല്‍പ്പിക്കാനല്ല, ഇന്ത്യയെ ജയിപ്പിക്കാനാണ് ശ്രമിച്ചത്. ഏതെങ്കിലും രാജ്യത്തെ തോല്‍പ്പിക്കാനുറച്ച് കളത്തിലിറങ്ങിയാല്‍ ചെറിയ പ്രകോപനംപോലും ടീമിന്റെ താളം തെറ്റിക്കും. ഫൈനലില്‍ പാക് താരത്തില്‍ നിന്നും പ്രകോപനമുണ്ടായപ്പോഴും ടീമംഗങ്ങള്‍ സമന്വയത്തിന്റെ പാതയാണ് സ്വീകരിച്ചത്. തോറ്റാല്‍ ഗോളിയുടെ പിഴവാണെന്നും ജയിച്ചാല്‍ അത് ഗോളടിക്കാരുടെ മികവാണെന്നും പ്രചരിപ്പിക്കും. ഏഷ്യന്‍ ഗെയിംസിലെ വിജയം തുടക്കാര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നതാണ്. എറണാകുളം മഹാരാജാസ് മൈതാനത്ത് ആസ്ട്രോ ടര്‍ഫ് സ്ഥാപിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ത്യന്‍ കളിക്കാര്‍ക്ക് പ്രകൃത്യാ ഉള്ള കഴിവുകള്‍ പ്രയോജനപ്പെടുത്തുന്നതില്‍ ആത്മവിശ്വാസക്കുറവുണ്ട്. ഇതാണ് പല തോല്‍വിക്കും കാരണം. 2016 റിയോ ഒളിമ്പിക്സില്‍ മത്സരിക്കാന്‍ കടുത്ത പരിശീലനം ആവശ്യമാണ്. യൂറോപ്യന്‍ രാജ്യങ്ങളുമായി കൂടുതല്‍ സൗഹൃദ മത്സരങ്ങള്‍ കളിച്ച് അവരുടെ തന്ത്രങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്. ചാമ്പ്യന്‍സ് ട്രോഫിക്കു മുമ്പ് ഓസ്ട്രേലിയയിലെ ക്ലബുകളുമായും സൗഹൃദ മത്സരങ്ങള്‍ നടത്തുമെന്നും ശ്രീജേഷ് പറഞ്ഞു. പ്രസ് ക്ലബ് പ്രസിഡന്റ് കെ രവികുമാര്‍, ദി ഹിന്ദു ഡെപ്യൂട്ടി എഡിറ്റര്‍ കെ പ്രദീപ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് തുല്യമായി ജില്ലാ സ്പോര്‍ട്സ് ഓഫീസര്‍ പദവിയാണ് ശ്രീജേഷിന് ലഭിക്കുക. ഈ പദവിയിലെത്തുന്ന ആദ്യ വ്യക്തിയും ശ്രീജേഷാണ്. പ്രതിഭയുള്ള താരങ്ങളെ ഹോക്കിക്കായി കണ്ടെത്തുക, വിദേശത്തുള്‍പ്പെടെ പരിശീലനത്തിന് അയക്കുക എന്നീ ചുമതലുകളുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: