ഇത് പുതിയൊരു സമാധാന സന്ദേശം

Sunday 12 October 2014 10:48 am IST

ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌കാരം എന്തുകൊണ്ടും സവിശേഷത അര്‍ഹിക്കുന്നു. ഭാരതവും പാക്കിസ്ഥാനും അതിര്‍ത്തിയില്‍ ഏറ്റുമുട്ടലിന്റെ വക്കില്‍ നില്‍ക്കുമ്പോള്‍ ലോകപ്രസിദ്ധമായ നൊബേല്‍ വിധികര്‍ത്താക്കള്‍ ഒരു ഭാരതീയനെയും ഒരു പാക്കിസ്ഥാന്‍കാരിയെയും-ഒരു ഹിന്ദുവിനെയും ഒരു മുസ്ലിമിനെയും തെരഞ്ഞെടുത്തത് ഒരു സമാധാന സന്ദേശം കൂടിയായി മാറുന്നു. ഭാരതത്തിലെ നൊബേല്‍ പുരസ്‌കാര ജേതാവ് കൈലാസ് സത്യാര്‍ത്ഥി. ബാലാവകാശങ്ങള്‍ക്കുവേണ്ടിയും ബാലവേലക്കെതിരെയും കുട്ടികള്‍ക്ക് പഠിക്കാനുള്ള അവകാശത്തിനുവേണ്ടിയും പ്രവര്‍ത്തിക്കുന്ന ആളാണ്. ലോകത്തെ 60 ശതമാനം ജനങ്ങള്‍ 25 വയസ്സില്‍ താഴെയുള്ളവരാണ്. സത്യാര്‍ത്ഥി മഹാത്മാഗാന്ധിയുടെ പാത പിന്തുടരുന്ന വ്യക്തിയാണ്. ബാലവേലക്കെതിരെ, ബാല ചൂഷണത്തിനെതിരെ എല്ലാം സജീവമായി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് സത്യാര്‍ത്ഥി. ലോകത്തെ തന്നെ ജനതയുടെ ഭൂരിഭാഗവും 25 വയസ്സില്‍ താഴെയാകുമ്പോള്‍, അതില്‍ ഭൂരിപക്ഷവും കുട്ടികളാകുമ്പോള്‍ അവരെ ബാലവേല ചെയ്യിച്ചും ബാല ഭിക്ഷാടനത്തിനുപയോഗിച്ചും ചൂഷണം ചെയ്യുകയല്ല വേണ്ടത്-മറിച്ച് അവര്‍ക്ക് നല്ല വിദ്യാഭ്യാസവും ഭക്ഷണവും നല്‍കി, നല്ല പൗരന്മാരാക്കി വളര്‍ത്തി രാജ്യത്തിന്റെ ഭാവി ശോഭനമാക്കാന്‍ സജ്ജമാക്കുകയാണ്. മലാല യൂസഫ് സായ് ഏറ്റവും പ്രായം കുറഞ്ഞ നൊബേല്‍ ജേതാവാണ്. 17 വയസ്സ്. ഇത്ര ചെറുപ്രായത്തില്‍ ഇത്ര വലിയ ഒരു ആഗോള അംഗീകാരത്തിന് അവളെ അര്‍ഹയാക്കിയത് മലാലയുടെ സ്ത്രീ വിദ്യാഭ്യാസത്തോടും സ്ത്രീ സ്വാതന്ത്ര്യത്തോടും തുല്യതയോടും ഉള്ള പ്രതിബദ്ധതയാണ്. താലിബാന്‍ ഭീകരര്‍ ശക്തമായ പാക്കിസ്ഥാനിലെ സ്വാത് മേഖലയില്‍ പെണ്‍കുട്ടികള്‍ വിദ്യാഭ്യാസം നേടുന്നതിനെ ശക്തമായി എതിര്‍ത്തിരുന്നു. എന്നിട്ടും മലാല സ്‌കൂളില്‍ പോകാന്‍ തയ്യാറായപ്പോള്‍ അവളുടെ തലയില്‍ താലിബാന്‍ വെടി ഉതിര്‍ക്കുകയാണ് ചെയ്തത്. അവളെ ബ്രിട്ടനില്‍ എത്തിച്ച് വിദഗ്ദ്ധ ചികിത്സ നല്‍കിയതിനാലാണ് അവള്‍ രക്ഷപ്പെട്ടത്. ചെറുപ്രായത്തില്‍ തന്നെ മലാല സ്ത്രീവിദ്യാഭ്യാസത്തെപ്പറ്റിയുള്ള ഒരു ഡോക്യുമെന്ററി തയ്യാറാക്കുന്നതില്‍ പങ്കാളിയായപ്പോഴാണ് താലിബാന്റെ നോട്ടപ്പുള്ളി ആയത്. മലാലയ്ക്ക് ആ ഡോക്യുമെന്ററിയിലെ റോളിന് വിവിധ പുരസ്‌കാരങ്ങള്‍ തേടി എത്തിയിരുന്നു. സ്വാത് മേഖലയില്‍ 2007 മുതല്‍ താലിബാന്‍ സ്‌കൂളുകള്‍ പൂട്ടിക്കാന്‍ തുടങ്ങിയിരുന്നു. അവര്‍ അവിടെ ഒരു മദ്രസ്സയും സ്ഥാപിച്ചു. മുസ്ലിം ഭീകര സംഘടനകള്‍ പൊതുവെ സ്ത്രീ വിദ്യാഭ്യാസത്തിനെതിരാണല്ലൊ. ഇതിനെതിരെയാണ് മലാല എന്ന കൗമാരക്കാരി പോര്‍ക്കളത്തിലിറങ്ങി താലിബാനെതിരെ സമരത്തിന് തയ്യാറായത്. അതോടെ മലാല ലോകത്തിന്റെ തന്നെ ഐഡല്‍-ആരാധനാ പാത്രമായി മാറി. മലാല അങ്ങനെ വെല്ലുവിളിയുടെ പ്രതീകമായി. മലാലയും മനുഷ്യാവകാശ സംരക്ഷണത്തിനുള്ള യൂറോപ്യന്‍ യൂണിയന്റെ അവാര്‍ഡ് നേടിയിട്ടുണ്ട്. പാക്കിസ്ഥാന്‍കാരിയായ മലാല ലോകത്തിന്റെ തന്നെ വിഗ്രഹമാകുന്നത് അവളുടെ സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള ധീരമായ പോരാട്ടത്തിലൂടെയാണ്. കൗമാരക്കാരിയായ ഒരു പെണ്‍കുട്ടി ഭീകര സംഘടനയായ താലിബാനെ വെല്ലുവിളിച്ചാണ് സ്ത്രീകള്‍ക്കും വിദ്യാഭ്യാസത്തിനവകാശമുണ്ട് പരസ്യമായി പ്രസ്താവിച്ചത്.തുല്യതയ്ക്കും തുല്യാവകാശത്തിനും വേണ്ടിയുള്ള സ്ത്രീകളുടെ സമരം അനുദിനം ശക്തിപ്രാപിച്ചുകൊണ്ടിരിക്കുമ്പോള്‍ മലാലയ്ക്ക് ലഭിച്ച ഈ നൊബേല്‍ അംഗീകാരം അവര്‍ക്കെല്ലാം പ്രചോദനമാണ്. ഭാരതീയനായ കൈലാസ് സത്യാര്‍ത്ഥി 80,000 കുട്ടികളെയാണ് പീഡനത്തില്‍ നിന്നും ചൂഷണത്തില്‍നിന്നും രക്ഷിച്ചത് ''ബച്പന്‍ ബചാവോ ആന്ദോളന്‍'' എന്ന സംഘടനയുടെ സ്ഥാപകനാണ്. എന്നുമാത്രമല്ല ഒരു പ്രതിബദ്ധതയുള്ള ബാലാവകാശ പ്രവര്‍ത്തകന്‍ കൂടിയാണ്. സമാധാനം എന്നത് കുട്ടികളുടെയും അവകാശമാണെന്നും സത്യാര്‍ത്ഥി വാദിക്കുന്നു. കുട്ടികളുടെ അവകാശസംരക്ഷണം മാത്രമല്ല, അവരുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തുന്ന നിയമങ്ങള്‍ പ്രായോഗികമാക്കാനും ഈ ബാലാവകാശപ്രവര്‍ത്തകന്‍ യത്‌നിക്കുന്നു. മധ്യപ്രദേശിലെ വിദിശ സ്വദേശിയായ സത്യാര്‍ത്ഥി 2012 മുതല്‍ ബാലവേലക്കെതിരെയുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. സ്‌കൂള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ ബസ്സില്‍ പോയി ബസ് സ്‌കൂളാക്കി കുട്ടികള്‍ക്ക് അറിവ് പകര്‍ന്നു നല്‍കുന്ന ഒരു ബാലാവകാശ പ്രവര്‍ത്തകന്‍. ഈ നൊബേല്‍ സമ്മാനം പാക്കിസ്ഥാനും ഭാരതത്തിനും ഒരുപോലെ പ്രചോദനവും ഒരു സമാധാനസന്ദേശവും കൂടിയാകുന്നു. അന്താരാഷ്ട്രതലത്തില്‍ ഒരു ഉടമ്പടി തയ്യാറാക്കാന്‍ രണ്ടു രാജ്യങ്ങളെയും കോര്‍ത്തിണക്കുന്ന ഒരു നൊബേല്‍ കണ്ണി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.