തഴക്കര ജില്ലാ കൃഷിത്തോട്ടത്തില്‍ വിഎഫ്പിസികെ ഉദ്യോഗസ്ഥനെ പഞ്ചായത്ത് പ്രസിഡന്റ് മര്‍ദ്ദിച്ചു

Saturday 11 October 2014 4:15 pm IST

മര്‍ദ്ദനമേറ്റ് ചികിത്സയില്‍ കഴിയുന്ന രാധാകൃഷ്ണന്‍

മാവേലിക്കര: തഴക്കര ജില്ലാ കൃഷിത്തോട്ടത്തില്‍ വിഎഫ്പി സികെ നടപ്പാക്കാനിരിക്കുന്ന വിത്തുത്പ്പാദന പദ്ധതി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് എത്തിയ ഉദ്യോഗസ്ഥരെയും തൊഴിലാളികളെയും തഴക്കര പഞ്ചായത്ത് പ്രസിഡന്റും ഡിസിസി വൈസ് പ്രസിഡന്റുമായ കോശി എം.കോശിയുടെ നേതൃത്വത്തിലെത്തിയ സംഘം ആക്രമിച്ചതായി പരാതി.

ആക്രമണത്തില്‍ പരിക്കേറ്റ വിഎഫ്പിസികെ ഉദ്യോഗസ്ഥന്‍ നൂറനാട് പുലിമേല്‍ ജയവിലാസത്തില്‍ രാധാകൃഷ്ണ (42)നെ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെയായിരുന്നു സംഭവം. തോട്ടത്തില്‍ പണി നടക്കുന്നതിനിടെ പഞ്ചായത്തു പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഇരുപതോളം വരുന്ന സംഘം ഉദ്യോഗസ്ഥരെയും തൊഴിലാളികളെയും ആക്രമിക്കുകയുമായിരുന്നു. കോശി.എം.കോശി കഴുത്തിനു കുത്തിപ്പിടിക്കുകയും പിന്നില്‍നിന്ന് ഒരാള്‍ കഴുത്തിനു പിന്നില്‍ അടിക്കുകയും ചെയ്തതായി പരിക്കേറ്റ രാധാകൃഷ്ണന്‍ പറഞ്ഞു.

കോണ്‍ഗ്രസ് പ്രവര്‍ത്തകരായ സുരേഷ് കുമാര്‍ കളീക്കല്‍, ലൈജു തുടങ്ങിയവരെ തിരിച്ചറിഞ്ഞതായും രാധാകൃഷ്ണന്‍ അറിയിച്ചു. അഞ്ച് ലക്ഷത്തോളം രൂപ വിലമതിക്കുന്ന ഉപകരണങ്ങള്‍ ഇവര്‍ നശിപ്പിച്ചതായും ജീവനക്കാര്‍ പറഞ്ഞു. ഇതു രണ്ടാംതവണയാണ് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ കൃഷിത്തോട്ടത്തില്‍ ആക്രമണം നടക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.