മനുഷ്യന്റെ പൂര്‍വ്വികന്‍ മത്സ്യമെന്ന്‌ ഗവേഷകര്‍

Friday 7 October 2011 11:01 pm IST

സിഡ്നി: മത്സ്യങ്ങള്‍ക്ക്‌ രൂപപരിണാമം സംഭവിച്ചാണ്‌ മനുഷ്യരുണ്ടായതെന്ന വിചിത്രമായ അവകാശവാദവുമായി ഒരു വിഭാഗം ആസ്ട്രേലിയന്‍ ശാസ്ത്രജ്ഞര്‍ രംഗത്തെത്തി. ഇടുപ്പിലെ ചെകിളകളെ നിയന്ത്രിക്കാനുള്ള മത്സ്യങ്ങളുടെ ശ്രമത്തില്‍ നിന്നും കാലുകളുള്ള ഒരു പുതിയ ജീവിവര്‍ഗ്ഗം ഉണ്ടാവുകയായിരുന്നുവെന്നാണ്‌ ഇവര്‍ അഭിപ്രായപ്പെടുന്നത്‌. മൊണാഷ്‌ സര്‍വ്വകലാശാലാ പ്രൊഫസറായ പീറ്റര്‍ ക്യൂറി, സിഡ്നി സര്‍വ്വകലാശാകയിലെ ഡോ. നിക്കോളാസ്‌ കോള്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഗവേഷകസംഘം നാലുകാലുള്ള ഉഭയജീവിയായ ടെട്രാപോഡിനെയാണ്‌ മനുഷ്യന്റെ പൂര്‍വ്വികനായി ചൂണ്ടിക്കാട്ടുന്നത്‌.ചിലയിനം മത്സ്യങ്ങളുടെ ചെകിളകള്‍ക്ക്‌ രൂപപരിണാമം വന്ന്‌ അവ ടെട്രാപോഡായി മാറുകയായിരുന്നുവെന്ന്‌ ഗവേഷക സംഘം അവകാശപ്പെടുന്നു.
ആസ്ട്രേലിയന്‍ ബാംബൂ ഷാര്‍ക്ക്‌, എലഫന്റ്‌ ഷാര്‍ക്ക്‌, മൂന്ന്‌ എല്ലുകളുള്ള മത്സ്യമായ ആസ്ടേലിയന്‍ ലങ്ങ്‌ ഫിഷ്‌ എന്നീ മത്സ്യവിഭാഗങ്ങളെ കേന്ദ്രീകരിച്ചാണ്‌ പഠനം നടത്തിയത്‌. ഇടുപ്പ്‌ ഭാഗത്തുള്ള പേശികള്‍ക്ക്‌ മത്സ്യങ്ങള്‍ അധികസമ്മര്‍ദ്ദം നല്‍കിയതു മൂലം അവയ്ക്ക്‌ ക്രമേണേ കാലുകള്‍ രൂപപ്പെടുകയാണുണ്ടായതെന്ന്‌ പ്രൊഫ ക്യൂറി വിശദീകരിക്കുന്നു. കാലുകള്‍ രൂപം കൊണ്ട മത്സ്യങ്ങള്‍ ക്രമേണ ഉഭയജീവികളാവുകയും പിന്നീട്‌ ഇവ കരയിലേക്ക്‌ കടന്നതായും ഗവേഷകര്‍ പറയുന്നു. ജീവിതചക്രത്തിലുണ്ടായ ക്രമാനുഗതമായ പരിവര്‍ത്തങ്ങളിലൂടെ ഇത്തരം ജീവികളുടെ ശരീരഘടന വികാസം പ്രാപിക്കുകയും ഒടുവില്‍ പേശികള്‍ വികസിച്ച്‌ മനുഷ്യരൂപം കൈവരിക്കുകയുമായിരുന്നുവെന്നാണ്‌ ഇവര്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട്‌ പറയുന്നത്‌