കുത്തകകളുടെ സാമ്പത്തികനയങ്ങള്‍ക്ക് ബദല്‍ സംവിധാനം വേണം: സുഭാഷ് മാംഗ്‌ഡേ

Saturday 11 October 2014 8:55 pm IST

പാലക്കാട്: സ്വകാര്യ കുത്തകകള്‍ ഉയര്‍ത്തിപ്പിടിക്കുന്ന സാമ്പത്തിക നയങ്ങള്‍ക്ക് ബദല്‍ സംവിധാനം ഏര്‍പ്പെടുത്തിയാല്‍ മാത്രമേ സഹകരണമേഖലയുടെ ഇന്നത്തെ പ്രതിസന്ധിക്ക് അറുതിയാകുകയുള്ളൂവെന്ന് ദേശീയ ഡയറി ഫെഡറേഷന്‍ അധ്യക്ഷന്‍ സുഭാഷ് മാംഗ്‌ഡേ. രാഷ്ട്രീയാതീതമായ കാഴ്ചപ്പാടിലൂടെ മാത്രമേ സഹകരണമേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുകയുള്ളുവെന്നും മാംഗ്‌ഡേ പത്രസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു. സഹകരണ ബാങ്കുകള്‍ക്ക് ഇന്‍കം ടാക്‌സ് അടിച്ചേല്‍പ്പിച്ചതും കേന്ദ്ര സര്‍ക്കാറുകളുടെ വായ്പ എഴുതിത്തള്ളലിന്റെ ഭാഗമായി സഹകരണസംഘങ്ങള്‍ നേരിട്ട് നഷ്ടം നികത്തുന്നതില്‍ കാലതാമസം വരുത്തുന്നതും സഹകരണമേഖലയെ നാശത്തിലെത്തിച്ചിരിക്കുകയാണ്. കേരളത്തില്‍ പാലിന് ഉയര്‍ന്ന വില ലഭിക്കുന്നുണ്ടെങ്കിലും പാല്‍ ഉത്പാദനത്തില്‍ മറ്റ് സംസ്ഥാനങ്ങളെക്കാള്‍ വളരെ പിറകിലാണ്. നല്ല സങ്കരയിനം കന്നുകാലികളുടെ അഭാവമാണ് ഇതിന് കാരണമെന്നും അദ്ദേഹം  പറഞ്ഞു. സഹകരണമേഖലയിലെയും ക്ഷീര കര്‍ഷകരുടെയും പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സഹകാര്‍ ഭാരതി സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും. ദേശീയ ക്ഷീര വികസന ഫെഡറേഷന്‍ പ്രസിഡന്റ് എം രാധാകൃഷ്ണന്‍, ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളിധരന്‍ എന്നിവര്‍ ശിബിരത്തില്‍ പങ്കെടുക്കും. പത്രസമ്മേളനത്തില്‍ കിഷോര്‍ ശുബൈക്കര്‍, കൈലാസ് മണി, സഹകാര്‍ഭാരതി ദേശീയ സെക്രട്ടറി അഡ്വ. കെ കരുണാകരന്‍ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.