സഭക്കകത്തും പുറത്തും പ്രതിഷേധം

Monday 27 June 2011 11:02 pm IST

തിരുവനന്തപുരം: ഡീസല്‍ വിലവര്‍ദ്ധനയ്ക്കെതിരെ നിയമസഭയ്ക്ക്‌ അകത്തും പുറത്തും ഇന്നലെ പ്രതിഷേധത്തിന്റെ അഗ്നി പടര്‍ന്നു. സഭയ്ക്കുള്ളില്‍ പ്രതിപക്ഷത്തിന്റെ ഇറങ്ങിപ്പോക്കിലേക്ക്‌ പ്രതിഷേധം നീണ്ടപ്പോള്‍ പുറത്ത്‌ ബിജെപി യുവമോര്‍ച്ച പ്രവര്‍ത്തകരെ തല്ലച്ചതച്ചാണ്‌ സര്‍ക്കാര്‍ പ്രതിഷേധത്തെ നേരിട്ടത്‌. സഭ നിര്‍ത്തിവച്ച്‌ ഡീസല്‍ വില വര്‍ദ്ധനമൂലമുണ്ടായ സാഹചര്യം അടിയന്തരമായി ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട്‌ മുന്‍ ധന മന്ത്രി ഡോ. തോമസ്‌ ഐസക്കാണ്‌ വിഷയം സഭയില്‍ ഉന്നയിച്ചത്‌. എന്നാല്‍ അനിവാര്യമായ സാഹചര്യത്തിലാണ്‌ വിലവര്‍ദ്ധനവുണ്ടായതെന്ന്‌ കാണിച്ച്‌ ചര്‍ച്ച ആവശ്യമില്ലെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചു. ഇതേത്തുടര്‍ന്ന്‌ സ്പീക്കര്‍ അടിയന്തര പ്രമേയത്തിന്‌ അവതരണാനുമതി നിഷേധിക്കുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ചാണ്‌ പ്രതിപക്ഷം സഭ വിട്ടിറങ്ങിയത്‌. വിലവര്‍ദ്ധനയെ ന്യായീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പറയുന്ന കാര്യങ്ങള്‍ തെറ്റാണെന്ന്‌ തോമസ്‌ ഐസക്‌ പറഞ്ഞു. അന്തര്‍ദേശീയ വിലയുമായി ബന്ധപ്പെടുത്തി ഇന്ധനവില നിശ്ചയിക്കുന്നത്‌ അശാസ്ത്രീയമാണ്‌. ഇന്ധനവില വര്‍ദ്ധിപ്പിക്കുമ്പോള്‍ വിലക്കയറ്റംകൂടി പരിഗണിക്കണം. ഇന്ത്യയിലെ എണ്ണക്കമ്പനികളെല്ലാം ലാഭത്തിലാണ്‌. കഴിഞ്ഞ വര്‍ഷം രാജ്യത്തെ എണ്ണക്കമ്പനികള്‍ 40,000 കോടി അറ്റാദായം നേടി.രാജ്യത്തെ പെട്രോളിയം കമ്പനികള്‍ ലാഭം ഉണ്ടാക്കുകയാണ്‌. കേന്ദ്രസര്‍ക്കാരിന്റെ അഴിമതിയ്ക്ക്‌ ജനങ്ങള്‍ നല്‍കേണ്ടിവന്ന വിലയാണ്‌ ഡീസല്‍ വിലവര്‍ദ്ധനയെന്നും തോമസ്‌ ഐസക്‌ പറഞ്ഞു. ഡീസല്‍ വില വര്‍ദ്ധിപ്പിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തിന്‌ ചെയ്യാനാവുന്നത്‌ അധിക നികുതി ഒഴിവാക്കുകയാണെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പെട്രോള്‍ വില വര്‍ദ്ധിപ്പിച്ച സമയത്തും സര്‍ക്കാര്‍ അധികനികുതി വേണ്ടെന്നുവച്ചിരുന്നു. എന്നാല്‍ ഇത്‌ പരിഗണിക്കാതെ സംസ്ഥാനത്ത്‌ പണിമുടക്ക്‌ നടത്തി. ജനങ്ങളുടെ ബുദ്ധിമുട്ട്‌ പരിഗണിച്ച്‌ ഡീസലിന്റെ അധിക നികുതി വേണ്ടെന്നുവയ്ക്കുകയാണെന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയുടെ വിശദീകരണത്തെ തുടര്‍ന്ന്‌ അടിയന്തര പ്രമേയത്തിന്‌ സ്പീക്കര്‍ അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷം ഇറങ്ങിപ്പോക്ക്‌ നടത്തി. റിലയന്‍സ്‌ പോലുള്ള ഓയില്‍ കമ്പനികളുടെ വക്കാലത്തുകാരനായി ഉമ്മന്‍ചാണ്ടി മാറിയതായി ഇറങ്ങിപ്പോക്കിനുമുമ്പ്‌ പ്രതിപക്ഷ നേതാവ്‌ വി.എസ്‌. അച്യുതാനന്ദന്‍ ആരോപിച്ചു. നിയമസഭയില്‍ പിന്നീട്‌ ചര്‍ച്ചാസമയത്തും പ്രതിപക്ഷാംഗങ്ങള്‍ ഡീസല്‍ വിലവര്‍ദ്ധന സര്‍ക്കാരിനെതിരെ പ്രയോഗിക്കാനുള്ള ആയുധമാക്കി മാറ്റി. സഭയ്ക്കുള്ളില്‍ വിലവര്‍ദ്ധന വിവാദമായപ്പോള്‍ പുറത്ത്‌ യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ വിലവര്‍ദ്ധനയ്ക്കെതിരെ സമരം ചെയ്യുകയായിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ നടപടിക്കെതിരെ ഏജീസ്‌ ഓഫീസിലേക്ക്‌ നടത്തിയ മാര്‍ച്ച്‌ സംസ്ഥാന പോലീസ്‌ തല്ലിച്ചതച്ചു. സംസ്ഥാനം കണ്ടിട്ടുള്ളതില്‍ വച്ച്‌ ഏറ്റവും ക്രൂരമായ ലാത്തിച്ചാര്‍ജ്ജിനാണ്‌ തിരുവനന്തപുരം സാക്ഷ്യം വഹിച്ചത്‌. സംഭവമറിഞ്ഞ്‌ സ്ഥലത്തെത്തിയ ബിജെപിയുടെ ജില്ലാ നേതാക്കളെയും പോലീസ്‌ വളഞ്ഞുവച്ച്‌ മര്‍ദ്ദിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.