കനകപ്പലം 110 കെവി സബ്സ്റ്റേഷന്‍ ഇരുളടയുന്നു; എട്ട്‌ കേസുകളിലായി 37 പരാതിക്കാര്‍ രംഗത്ത്‌

Friday 7 October 2011 11:45 pm IST

എസ്‌. രാജന്‍ എരുമേലി: ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട്‌ എരുമേലിക്കായി അനുവദിച്ച കനകപ്പലം 110 കെവി വൈദ്യുതി സബ്‌ സ്റ്റേഷന്‍ ഇരുളടയുന്നു. 2005ല്‍ നിര്‍മ്മാണമാരംഭിച്ച സബ്‌ സ്റ്റേഷനിലേക്ക്‌ വൈദ്യുതി ലൈന്‍ വലിക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ്‌ പ്രധാന തടസമായിരിക്കുന്നത്‌. കാഞ്ഞിരപ്പള്ളിയില്‍ നിന്നും വൈദ്യുതിലൈന്‍ വലിക്കുന്നതിനെതിരെ തദ്ദേശീയരായ ചിലര്‍ ആദ്യമൊക്കെ രംഗത്തുവന്നിരുന്നെങ്കിലും ഭരണകൂടവും സര്‍ക്കാരും അതൊന്നും കാര്യമായെടുത്തിരുന്നില്ല. എന്നാല്‍ 2009 മുതല്‍ 2011 വരെയുള്ള 2 വര്‍ഷത്തിനിടെ എട്ടോളം കേസുകളിലായി 37 പേരാണ്‌ പരാതിയുമായി കോടതിയെ സമീപിച്ചിരിക്കുന്നത്‌. കനകപ്പലം സബ്‌ സ്റ്റേഷനുവേണ്ടി ഏതാണ്ട്‌ 85ശതമാനത്തോളം സിവില്‍ നിര്‍മ്മാണങ്ങള്‍ കഴിഞ്ഞിട്ടും സബ്‌ സ്റ്റേഷനില്‍ പ്രകാശം എത്തിക്കുന്നതിനായി നാട്ടുകാര്‍ കാത്തിരിക്കുകയാണ്‌. തര്‍ക്കമില്ലാത്ത ഭാഗത്തുകൂടി വൈദ്യുതി ലൈന്‍ വലിക്കുന്നതിനായി 2.85കോടി രൂപയുടെ ടെണ്ടര്‍ അധികൃതര്‍ നല്‍കി പണി തുടങ്ങിക്കഴിഞ്ഞു. എന്നാല്‍ കോടതിയിലുള്ള കേസ്‌ വിധിയാകാതെ ലൈന്‍ വലിക്കുന്നത്‌ പൂര്‍ത്തിയാക്കാന്‍ കഴിയില്ല. റബ്ബര്‍മരങ്ങള്‍ മുറിക്കരുതെന്നാവശ്യപ്പെട്ടാണ്‌ പരാതിക്കാരേറെയും കോടതിയെ സമീപിച്ചിരിക്കുന്നത്‌. എന്നാല്‍ മാറി മാറി ഭരണം നടത്തിയ സര്‍ക്കാരുകള്‍ വേണ്ടത്ര ഗൌരവം കാണിക്കാത്തതിണ്റ്റെ ഫലമാണ്‌ സബ്‌ സ്റ്റേഷന്‍ നിര്‍മ്മാണം അനിശ്ചിതമാക്കാന്‍ കാരണമായതെന്നും പറയുന്നു. സര്‍ക്കാരും ഭരണകൂടവും വിചാരിച്ചാല്‍ യുദ്ധകാലടിസ്ഥാനത്തില്‍ പ്രതിസന്ധികള്‍ തീര്‍ത്ത്‌ വൈദ്യുതി ലൈന്‍ വലിക്കാവുന്നതേയുള്ളൂവെന്നാണ്‌ രാഷ്ട്രീയ നിരീക്ഷകര്‍തന്നെ പറയുന്നത്‌. ശബരിമല തീര്‍ത്ഥാടനത്തിണ്റ്റെ സുപ്രധാന ഇടത്താവളമായ എരുമേലിയില്‍ അന്യസംസ്ഥാനമടക്കം കോടിക്കണക്കിന്‌ തീര്‍ത്ഥാടകരാണ്‌ രണ്ടു മാസത്തിനുള്ളില്‍ എത്തിച്ചേരുന്നത്‌. ഇരുപതിനായിരത്തിലധികം ഗാര്‍ഹികഗുണഭോക്താക്കള്‍, പതിനായിരത്തിലധികം കച്ചവടസ്ഥാപനങ്ങള്‍, ശബരിമല സീസണിലേക്കായി വരുന്ന അയ്യായിരത്തിലധികം താത്കാലിക കടകള്‍ ഇവര്‍ക്കെല്ലാം ആവശ്യമായി വരുന്ന വൈദ്യുതിയുടെ മൂന്നില്‍ രണ്ടുഭാഗം മാത്രമാണ്‌ സീസണില്‍ എത്തുന്നത്‌. കടുത്ത വോള്‍ട്ടേജ്‌ ക്ഷാമം അനുഭവപ്പെട്ടപ്പോള്‍ സര്‍ക്കാര്‍ തന്നെയാണ്‌ സംസ്ഥാനത്ത്‌ ആകെ അനുവദിച്ച ൩൫ സബ്‌ സ്റ്റേഷനുകളില്‍ ൩൪ സബ്‌ സ്റ്റേഷനുകളും കമ്മീഷന്‍ ചെയ്ത്‌ ജനങ്ങള്‍ക്ക്‌ പ്രകാശമായി മാറിയപ്പോള്‍ എരുമേലിയിലെത്‌ മാത്രം എന്തുചെയ്യണമെന്നറിയാതെ നട്ടംതിരിയുകയാണ്‌ അധികൃതര്‍. ഒരു നാടിണ്റ്റെ വികസന സാദ്ധ്യതകളെ മുഴുവനും അട്ടിമറിക്കുന്ന ആസൂത്രിത നീക്കമാണ്‌ സബ്‌ സ്റ്റേഷണ്റ്റെ കാര്യത്തിലും ഉണ്ടായിരിക്കുന്നത്‌. ഓരോ ദിവസവും പരാതിക്കാരുടെ എണ്ണം കൂടുന്നു. എന്നാല്‍ എരുമേലി പോലുള്ള മതമൈത്രിയുടെ സന്ദേശം ലോകം മുഴുവനും വിളിച്ചോതുന്ന ശബരിമല തീര്‍ത്ഥാടനത്തെ തന്നെ ഇരുട്ടിലാക്കിയിട്ടും സര്‍ക്കാരോ ജനനേതാക്കളോ കാര്യക്ഷമമായി ഇടപെടാന്‍ ശ്രമിക്കുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു. സര്‍ക്കാരിന്‌ വേണമെന്ന്‌ വിചാരിച്ചാല്‍ വൈദ്യുതിലൈന്‍ സുഗമമായി വലിക്കാവുന്നതേയുള്ളൂവെന്നാണ്‌ വൈദ്യുതി വകുപ്പും പറയുന്നത്‌. പക്ഷേ, രണ്ടു തവണ കളക്ടര്‍ മാറ്റിയ വൈദ്യുതി ലൈന്‍ പുനഃസ്ഥാപിച്ച്‌ വലിക്കണമെങ്കില്‍ ഭരണ ഇച്ഛാശക്തി വേണമെന്നുമാണ്‌ രാഷ്ട്രീയ നിരീക്ഷകര്‍ ഒന്നടങ്കം പറയുന്നത്‌. കാഞ്ഞിരപ്പള്ളിയില്‍ നിന്നും ൧൨ കിലോമീറ്റര്‍ ദൂരം മാത്രമാണ്‌ വൈദ്യുതി ലൈന്‍ വലിക്കാനുള്ളത്‌. റാന്നിയില്‍ നിന്നും ലൈന്‍ വലിക്കാനുള്ള ആദ്യതീരുമാനം മാറ്റിയതോടെയാണ്‌ കനകപ്പലം സബ്‌ സ്റ്റേഷന്‌ ശനിദശ തുടങ്ങിയത്‌. കനകപ്പലം സബ്‌ സ്റ്റേഷന്‍ കമ്മീഷന്‍ ചെയ്യുന്നതുള്‍പ്പെടെയുള്ള എരുമേലിയുടെ വികസന കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത്‌ കാര്യങ്ങള്‍ നടപ്പാക്കാന്‍ കഴിയുന്ന ഭരണനേതൃത്വങ്ങളില്‍ നേതാക്കള്‍ ഇല്ലാതിരിക്കുന്നതാണ്‌ ഈ കടുത്ത അവഗണനയ്ക്ക്‌ കാരണമെന്നും ചൂണ്ടിക്കാട്ടുന്നു.