വിദ്യാഭ്യാസം എന്തിനുവേണ്ടിയാണെന്നു മക്കള്‍ ആലോചിക്കണം. ഈ ആധുനികവിദ്യാഭ്യാസത്തിലൂടെ ബിരുദം നേടി ഉയര്‍ന്ന ജോലികള്‍ കരസ്ഥമാക്കി പണം നേടാം എന്നതു ശരിതന്നെ. പക്ഷേ, അതുകൊണ്ടുമാത്രം മനസ്സമാധാനം നേടാന്‍ കഴിയുന്നുണ്ടോ? ഇന്നത്തെ വിദ്യാഭ്യാസത്തില്‍ മനുഷ്യന് തന്റെ ലക്ഷ്യമായി കാണുന്നതു പണവും അധികാരവും മാത്രമാണ്. എന്നാല്‍, ജീവിതത്തില്‍ ശാന്തിയുടെയും സമാധാനത്തിന്റെയും അസ്ഥിവാരം മനസ്സിന്റെ സംസ്കാരമാണെന്ന കാര്യം മക്കള്‍ മറക്കരുത്. ആദ്ധ്യാത്മികവിദ്യയിലൂടെ മാത്രമേ ഉത്തമസംസ്കാരം നേടുവാന്‍ കഴിയൂ. അതിനാല്‍ കുട്ടികള്‍ക്ക് ആധുനികവിദ്യാഭ്യാസം നല്‍കുന്നതോടൊപ്പം സംസ്കാരം കൂടി നല്കുവാന് നമ്മള് മുതിര്‍ന്നില്ല എങ്കില്‍, രാമനു പകരം രാവണനെയായിരിക്കും നമ്മള് വളര്‍ത്തിക്കൊണ്ടുവരുന്നത്. പുല്ലു വളര്ന്നുനില്ക്കുന്നിടത്തുകൂടെ പത്തുപ്രാവശ്യം നടന്നാല്‍ അവിടെ വഴി തെളിഞ്ഞുകിട്ടും. എന്നാല്‍ പാറപ്പുറത്തുകൂടി എത്ര നടന്നാലും പാത തെളിയില്ല. അതുപോലെ ഇളംമനസ്സില്‍ നാം പകരുന്ന സംസ്കാരം പെട്ടെന്ന് ഉറച്ചുകിട്ടും. വലുതാകുമ്പോള്‍ അതവനു മാര്‍ഗ്ഗദര്‍ശിയായിത്തീരും. ചെളി ചുടുന്നതിനു മുന്‍പ് അതില്‍ ഏതുരൂപവും മെനഞ്ഞെടുക്കാം. ചുട്ടു കഴിഞ്ഞാല്‍ പിന്നീടു രൂപം മാറ്റുവാന്‍ കഴിയില്ല. അതുപോലെ, ഭൗതികതയുടെ ചൂടേറ്റു മനസ്സുറയ്ക്കുന്നതിനു മുന്‍പുതന്നെ കുട്ടികള്‍ക്കു നല്ല സംസ്കാരം പകരണം. ഇന്നതിനുള്ള സാഹചര്യം ചുരുങ്ങി വരുന്നതുകൊണ്ടാണ് അമ്മ ഇതെടുത്തു പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: