അണികള്‍ക്ക് ആവേശമില്ല; സിപിഎം സമ്മേളനങ്ങള്‍ നിര്‍ജ്ജീവം

Tuesday 14 October 2014 10:48 am IST

ആലപ്പുഴ: മത്സരങ്ങള്‍ ഒഴിവാക്കി മേല്‍ഘടകങ്ങള്‍ തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിച്ചതോടെ സിപിഎമ്മിന്റെ ബ്രാഞ്ച് സമ്മേളനങ്ങള്‍ വെറും ചടങ്ങുകളായി മാറുന്നു. അണികളുടെ കൊഴിഞ്ഞുപോക്കും വിഭാഗീയതയും മൂലം താഴെത്തട്ടില്‍ നിര്‍ജ്ജീവമായ പ്രവര്‍ത്തനം പാര്‍ട്ടി സമ്മേളനങ്ങളോടെ സജീവമാക്കാനുള്ള ശ്രമങ്ങളാണ് പാളിയത്. പലയിടത്തും അണികള്‍ക്ക് യാതൊരു ആവേശവുമില്ല. യാന്ത്രികമായി സമ്മേളനങ്ങള്‍ നടത്തുന്നുവെന്ന് മാത്രം. പ്രദേശത്തെ പ്രമുഖരെയും പൊതുജനങ്ങളെയും പങ്കെടുപ്പിച്ച് നാടിളക്കി വേണം സമ്മേളനം നടത്തേണ്ടതെന്ന സംസ്ഥാന കമ്മറ്റിയുടെ നിര്‍ദേശവും പാലിക്കപ്പെട്ടില്ല. ആലപ്പുഴയിലടക്കം നിരവധി കൊടിതോരണങ്ങളും ബോര്‍ഡുകളും ഉയര്‍ത്തിയാണ് സമ്മേളനമെങ്കിലും പാര്‍ട്ടി അനുഭാവികള്‍ പോലും സമ്മേളന നഗറുകളിലേക്ക് തിരിഞ്ഞുനോക്കുന്നില്ല. ബ്രാഞ്ച് കോണ്‍ഫറന്‍സുകള്‍ക്ക് കുറഞ്ഞത് 15 അംഗങ്ങളെങ്കിലും പങ്കെടുക്കണമെന്നാണ് നിബന്ധനയെങ്കിലും പലയിടത്തും രണ്ടക്കം തികയുന്നില്ല. മത്സരം നടന്നാല്‍ സമ്മേളനം റദ്ദാക്കുമെന്ന് കര്‍ശന ഉത്തരവുള്ളതിനാല്‍ മേല്‍ഘടകങ്ങളില്‍ നിന്ന് വരുന്നവര്‍ അടിച്ചേല്‍പ്പിക്കുന്ന കമ്മറ്റിയേയും സെക്രട്ടറിയേയും അംഗീകരിക്കേണ്ട ഗതികേടിലാണ് പ്രവര്‍ത്തകര്‍. മേല്‍ക്കമ്മറ്റിയില്‍ സ്വാധീനമുള്ള പക്ഷം തീരുമാനിക്കുന്ന രീതിയില്‍ കീഴ്ക്കമ്മറ്റികളെ തെരഞ്ഞെടുക്കുന്നതിനാല്‍ കാര്യമായ ചര്‍ച്ചകള്‍ പോലും സമ്മേളനങ്ങളില്‍ നടക്കുന്നില്ലത്രെ. മുന്‍കാലങ്ങളില്‍ പാര്‍ട്ടി നേതാക്കള്‍ക്കും ഉപരി കമ്മറ്റികള്‍ക്കുമെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഇത്തരം സമ്മേളനങ്ങളില്‍ ഉയര്‍ന്നിരുന്നത്. വിഭാഗീയത ഭയന്ന് ചായ കുടിക്കാനുള്ള സമയം പോലും വെട്ടിക്കുറച്ചതായി അണികള്‍ പറയുന്നു. സമ്മേളനത്തില്‍ അവതരിപ്പിക്കുന്ന പാനലിനെ കുറിച്ച് യാതൊരു ചര്‍ച്ചയും നടക്കുന്നില്ലെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം. ന്യൂനപക്ഷ മതവിഭാഗങ്ങളെ പ്രീണിപ്പിച്ച് കൂടെ നിര്‍ത്തുന്നതിനായി ആ വിഭാഗങ്ങളില്‍പ്പെട്ടവരെ കമ്മറ്റികളില്‍ കൂടുതലായി ഉള്‍പ്പെടുത്താനും നിര്‍ദേശമുണ്ട്. അതിനിടെ നിഷ്‌ക്രിയമായവരെയും മറ്റു പാര്‍ട്ടികളിലേക്ക് ചേക്കേറാന്‍ സാദ്ധ്യതയുള്ളവരെയും പാര്‍ട്ടിയില്‍ ഉറപ്പിച്ചുനിര്‍ത്തുന്നതിനായി തീവ്ര ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. മുന്‍കാലങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിര്‍ജ്ജീവമായവരെ കമ്മറ്റികളില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു പതിവ്. എന്നാല്‍ ഈ നയത്തില്‍ നിന്ന് മാറി ജില്ലാ സെക്രട്ടറിയേറ്റംഗങ്ങള്‍ വരെയുള്ളവര്‍ ഇവരുമായി ചര്‍ച്ചകള്‍ നടത്താന്‍ തയാറായിക്കഴിഞ്ഞു. അതിനിടെ നേതൃത്വം അടിച്ചേല്‍പ്പിച്ച സെക്രട്ടറിമാരെ അംഗീകരിക്കാതെ മത്സരിക്കാന്‍ അണികള്‍ തയാറായ ബ്രാഞ്ച് സമ്മേളനങ്ങളെല്ലാം തന്നെ നേതൃത്വം നിര്‍ത്തിവയ്പിക്കുകയും ചെയ്തു. ഇനി സംസ്ഥാന സമ്മേളനവും കഴിഞ്ഞ ശേഷമായിരിക്കും ഇവിടങ്ങളില്‍ സമ്മേളനങ്ങള്‍ നടത്തുക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.