അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനം: ദുരന്ത നിവാരണ മാപ്പുകള്‍ പുറത്തിറക്കി

Monday 13 October 2014 10:04 pm IST


അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് ദുരന്ത നിവാരണ അതോറിറ്റി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ റവന്യൂമന്ത്രി അടൂര്‍പ്രകാശ് ദുരന്തനിവാരണ മാപ്പുകളുടെ പ്രകാശനം നിര്‍വഹിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി വരള്‍ച്ച, മിന്നല്‍, ഫാക്ടറികളിലുണ്ടാകുന്ന പൊട്ടിത്തെറികള്‍ എന്നിവ മനസ്സിലാക്കുന്ന മാപ്പുകള്‍ പുറത്തിറക്കി. അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരത്തിന്റെ ഭാഗമായി ദുരന്ത നിവാരണ അതോറിറ്റി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ റവന്യൂമന്ത്രി അടൂര്‍പ്രകാശ് മാപ്പുകളുടെ പ്രകാശനം നിര്‍വഹിച്ചു. കൂടാതെ പൊതുജനങ്ങള്‍ക്ക് ദുരന്തങ്ങളെ കുറിച്ച് വിവരങ്ങള്‍ അറിയിക്കാന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍, കുട്ടികള്‍ക്ക് ബോധവത്ക്കരണം നടത്താന്‍ ആനിമേഷന്‍, താലൂക്ക്, ജില്ലാ ആസ്ഥാനങ്ങള്‍ക്കു കൈമാറാന്‍ ദുരന്ത സാധ്യതാ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ബുക്കുകളുടെ പ്രകാശനവും അദ്ദേഹം നിര്‍വഹിച്ചു.

സംസ്ഥാനത്തെ 2.50 ശതമാനം സ്ഥലങ്ങള്‍ അതീവ വരള്‍ച്ചാ പ്രദേശങ്ങളാണെന്ന് കണ്ടെത്തല്‍. 63.8 ശതമാനം സ്ഥലങ്ങള്‍ വരള്‍ച്ചാ സാധ്യത പ്രദേശങ്ങള്‍. 23 ശതമാനം സ്ഥലങ്ങള്‍ ചെറിയ രീതിയില്‍ വരള്‍ച്ചയുള്ള പ്രദേശങ്ങളെന്നും മാപ്പില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 10.7 ശതമാനം സ്ഥലങ്ങള്‍ വരള്‍ച്ചയില്ലാത്ത പ്രദേശങ്ങളാണ്. ഏറ്റവും കൂടുതല്‍ വരള്‍ച്ചയുള്ള ജില്ല വയനാടാണ്. 12.1 ശതമാനം. കൊല്ലം 8.4, പാലക്കാട് 4.5, തിരുവനന്തപുരം 4.1, ഇടുക്കി 4, കോഴിക്കോട് 1.9, തൃശ്ശൂര്‍ 0.2 ശതമാനവുമാണ്.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ നാശം വിതച്ചുകൊണ്ട് മിന്നല്‍ ഉണ്ടായത് കൊല്ലം ജില്ലയിലെ കടയ്ക്കല്‍, ഓച്ചിറ എന്നിവിടങ്ങളില്‍. വര്‍ഷത്തില്‍ രണ്ടു പേരെങ്കിലും ഇവിടെ മിന്നലേറ്റു മരിക്കുന്നുണ്ട്. 1967 മുതല്‍ 2002 വരെയും 2010 മുതല്‍ 2014 വരെയുമുള്ള കണക്കുകള്‍ ശേഖരിച്ചാണ് മാപ്പുണ്ടാക്കിയിട്ടുള്ളത്. ഈ കാലയളവില്‍ ആകെ 110 പേര്‍ മിന്നലേറ്റ് മരിച്ചിട്ടുണ്ട്. മലപ്പുറം 20, കൊല്ലം 15, കണ്ണൂര്‍ 11, പത്തനംതിട്ട 10 എന്നിങ്ങനെയാണ് മരണം രേഖപ്പെടുത്തിയിരിക്കുന്നത്. ഫാക്ടറികളില്‍ ഉണ്ടാകുന്ന പൊട്ടിത്തെറികളില്‍ സമീപപ്രദേശങ്ങള്‍ക്കുണ്ടാകുന്ന നാശനഷ്ടത്തിന്റെ വ്യാപ്തി അറിയാന്‍ നിര്‍മ്മിച്ച മാപ്പുകളില്‍ സംസ്ഥാനത്തെ 42 ഫാക്ടറികളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

എറണാകുളത്ത് 22 ഫാക്ടറികള്‍ സ്ഥിതി ചെയ്യുന്നുണ്ട്. ഇവിടെയുണ്ടാകുന്ന ഫാക്ടറി ദുരന്തങ്ങളില്‍ 3058.7 സ്‌ക്വയര്‍ കിലോമീറ്റര്‍ നാശിക്കും. തൃശ്ശൂര്‍ ജില്ലയില്‍ 2003.47 സ്‌ക്വയര്‍ കിലോമീറ്ററും നാശം വിതയ്ക്കും.

തൃശ്ശൂരില്‍ ഫാക്ടറികളില്ലെങ്കിലും എറണാകുളത്തുണ്ടാകുന്ന സ്‌ഫോടനങ്ങള്‍ തൃശ്ശൂരിലും ബാധിക്കുമെന്നാണ് മാപ്പില്‍ പറയുന്നത്. എല്ലാ ഫാക്ടറികളിലും ഉണ്ടാകുന്ന സ്‌ഫോടനങ്ങള്‍ വഴി സംസ്ഥാനത്തെ 12 ശതമാനം സ്ഥലങ്ങള്‍ക്ക് നാശം സംഭവിക്കും. പൊട്ടിത്തെറിയുടെ വ്യാപ്തി, ഫാക്ടറിയില്‍ ഉപയോഗിക്കുന്ന കെമിക്കല്‍, കാറ്റിന്റെ ഗതി, കാറ്റിന്റെ വേഗത എന്നിവ കണക്കാക്കിയാണ് നാശത്തിന്റെ തീവ്രത അളക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. ചടങ്ങില്‍ ഐഎല്‍ഡിഎം ഡയറക്ടര്‍ കേശവ് മോഹന്‍, ഐഎല്‍ഡിഎം ശാസ്ത്രജ്ഞന്‍ ശേഖര്‍ കുര്യാക്കോസ്, കെ.ജി. താര എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.