കുട്ടിയെ പട്ടിക്കൂട്ടിലടച്ച സംഭവം: സ്‌കൂള്‍ നാളെ തുറക്കും

Wednesday 15 October 2014 7:49 pm IST

തിരുവനന്തപുരം: കുട്ടിയെ പട്ടിക്കൂട്ടിലടച്ചെന്ന പരാതിയില്‍ പൂട്ടിയ കുടപ്പനക്കുന്ന് ജവഹര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ നാളെ മുതല്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് അനുമതി നല്‍കി.സ്‌കൂള്‍ തുറക്കണമെന്ന ആവശ്യം ഡി.പി.ഐ നിരാകരിച്ചിരുന്നു. തുടര്‍ന്നാണ് ഡി.പി.ഐയുടെ തീരുമാനത്തെ സ്റ്റേ ചെയ്തു കൊണ്ട് സ്‌കൂള്‍ തുറക്കാന്‍ വിദ്യാഭ്യാസ വകുപ്പ് അനുമതി നല്‍കിയത്. കുട്ടികളുടെ പഠനം അനിശ്ചിതത്വത്തില്‍ അകാതിരിക്കാനാണ് പുതിയ നടപടി. പൂട്ടിയതിനു ശേഷം ആഴ്ചകള്‍ പിന്നിട്ടിട്ടും പ്രശ്‌നത്തിനു പരിഹാരം കാണാത്തതിനെത്തുടര്‍ന്ന് പ്രശ്‌നത്തില്‍ മുഖ്യമന്ത്രി ഇടപെട്ടിരുന്നു. സ്‌കൂള്‍ തുറക്കണമെന്നാവശ്യപ്പെട്ടു കലക്‌ട്രേറ്റിനു മുന്നില്‍ ഇന്നലെ വിദ്യാര്‍ഥികളും രക്ഷകര്‍ത്താക്കളും അധ്യാപകരും സമരം ചെയ്തിരുന്നു. ബഹുഭൂരിപക്ഷം രക്ഷിതാക്കളും സ്‌കൂള്‍ തുറക്കണമെന്നു നിര്‍ബന്ധം പിടിച്ചതാണു സര്‍ക്കാര്‍ നേതൃത്വത്തില്‍ കൊണ്ടുവന്ന ബദല്‍മാര്‍ഗം പൊളിയാന്‍ കാരണം. കുട്ടികളെ മറ്റു സ്‌കൂളുകളിലേക്കു മാറ്റാന്‍ ജില്ലാ ഭരണകൂടം ശ്രമം നടത്തിയെങ്കിലും മാതാപിതാക്കള്‍ ഇതിനോടു യോജിച്ചില്ല. അതേസമയം കുട്ടികളുടെ ഭാവിയെ കരുതിയാണ് തീരുമാനമെന്നും ഈ അദ്ധ്യയന വര്‍ഷം മാത്രമെ സ്‌കൂള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുമതിയുള്ളൂവെന്നും വിദ്യാഭ്യസമന്ത്രി പി.കെ. അബ്ദുറബ്ബ് പറഞ്ഞു. അടുത്ത വര്‍ഷം സ്‌കൂള്‍ തുറക്കണമെങ്കില്‍ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഇക്കാര്യം ചൂണ്ടിക്കാട്ടി കൊണ്ടുള്ള ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശശികലയ്ക്ക് കൈമാറിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.