ആയുസ്സിന്റെ പുസ്തകത്തിലേക്ക്‌ ഹൃദയപൂര്‍വം....

Saturday 8 October 2011 5:04 pm IST

അതിരാവിലെ അമ്പലത്തിലേക്ക്‌ പോകുമ്പോഴാണ്‌ ഞാന്‍ ആ വിമുക്തഭടനെ ശ്രദ്ധിച്ചത്‌. വഴിയോരത്തെ തട്ടുകടയിലിരുന്ന്‌ കാലിച്ചായയും പത്രവാര്‍ത്തയും വിഴുങ്ങി സുഖിക്കുകയാണയാള്‍. അല്‍പ്പം വയറുണ്ടെങ്കിലും തലമുടിയൊക്കെ കറുത്ത്‌ യൗവ്വനം നഷ്ടപ്പെടാത്ത ഒരു യുവാവ്‌. ഏറെനേരം കഴിഞ്ഞ്‌ മടങ്ങിവരുമ്പോഴും അയാള്‍ അവിടെത്തന്നെയുണ്ട്‌. ചായയുടെ അളവ്‌ ഒന്നില്‍നിന്ന്‌ മൂന്നിലെത്തിയെന്നു മാത്രം. ചായക്കടയുടെ മുന്നിലെത്തിയപ്പോള്‍ അയാള്‍ തല ഉയര്‍ത്തി. പരിചയത്തില്‍ ഒന്നു ചിരിച്ചു. ഒരുതരം വിളറിയ ചിരി. ഇഷ്ടന്‌ ആകെ രോഗമാണത്രെ. കൊഴുപ്പ്‌ വല്ലാതെ കൂടി. പഞ്ചസാരയും. ഒരു പിടി മരുന്നുമുണ്ട്‌. ഹൃദയാരോഗ്യത്തിന്‌ മരുന്നിനെക്കാളും വേണ്ടത്‌ നല്ല വ്യായാമമാണെന്ന്‌ ഞാനയാളെ ഓര്‍മിപ്പിച്ചു. ചേട്ടന്‍ വെറുതെ നടക്ക്‌. എല്ലാ ദിവസവും ഒരു മണിക്കൂര്‍. അസുഖമൊക്കെ പമ്പകടക്കും.
സമയമില്ലെന്ന്‌ മറുപടിയും കിട്ടി. രാവിലെ ചായക്കടയിലിരുന്ന്‌ കൊല്ലുന്ന സമയത്തില്‍ പകുതിപോരെ നടത്തത്തിനെന്ന്‌ ഞാന്‍.
"അനിയാ, രാവിലത്തെ കാലിചായകളുടെ സമയം കളയാന്‍ ഒരു കാരണവശാലും ഞാന്‍ സമ്മതിക്കില്ല.....അല്ലെങ്കില്‍ ദിവസം മുഴുവന്‍ കട്ടപ്പൊകയാകും!" "ഇങ്ങനെ പോയാല്‍ ജീവിതം മുഴുവന്‍ കട്ടപ്പൊകയാകും. നിങ്ങളുടേയും കുടുംബത്തിന്റേയും...." ഞാന്‍ മുന്നോട്ട്‌ നടന്നു. 'ലോകഹൃദയദിന'ത്തിന്റെ വിളംബരവുമായി ആരോഗ്യ വകുപ്പിന്റെ ഒരു വാഹനം എന്നെ കടന്നുപോയി.
വീട്ടുമുറ്റത്തു കാത്തു കിടന്ന പത്രത്തിലും വാര്‍ത്ത മറ്റൊന്നായിരുന്നില്ല. ഹൃദയരോഗം മൂലമുണ്ടാകുന്ന മരണനിരക്ക്‌ കുതിച്ചുയരുന്നു. ലോകഹൃദയ സംഘടനയുടെ കണക്ക്‌ പ്രകാരം പ്രതിവര്‍ഷം 17.1 ദശലക്ഷം (171 ലക്ഷം) മരണങ്ങള്‍. ഇന്ത്യയെപ്പോലുള്ള വികസ്വര അവികസിത രാജ്യങ്ങളില്‍ ഈ നിരക്ക്‌ കുതിച്ചുയരുന്നു. ജപ്പാന്‍, അമേരിക്ക, ഫിന്‍ലാന്റ്‌, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ ഈ മരണനിരക്ക്‌ 2015 വര്‍ഷത്തോടെ കുറഞ്ഞു തുടങ്ങുമെന്നും ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളില്‍ 100 ശതമാനം കണ്ട്‌ വര്‍ധിക്കുമെന്നും ലോകാരോഗ്യ സംഘടന പ്രവചിക്കുന്നു.
ഹൃദയരോഗങ്ങള്‍ സൃഷ്ടിക്കുന്ന വന്‍ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചും പത്രങ്ങള്‍ വ്യക്തമാക്കുന്നുണ്ട്‌. പിന്നോക്ക രാജ്യങ്ങളിലെ 80 ശതമാനം ഹൃദയരോഗികളും ഇത്തരം രോഗങ്ങള്‍ക്ക്‌ മരുന്നു വാങ്ങാന്‍ പണമില്ലാതെ ഞെരുങ്ങുകയാണ്‌. അവരുടെ കുടുംബങ്ങള്‍ ദാരിദ്ര്യത്തിന്റെ പിടിയിലമരുന്നു. കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങുന്നു. രോഗികളില്‍ വലിയൊരു പങ്കിനും ജോലി ചെയ്യാനുള്ള ശേഷി നഷ്ടമാകുന്നതായും ഹൃദയരോഗങ്ങള്‍ ഒട്ടേറെ തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുന്നതായും ആഗോളപഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്‌.
പക്ഷേ ആശ്വാസകരമായ ഒരു സത്യമുണ്ട്‌. ഹൃദയരോഗം മൂലമുണ്ടാകുന്ന മരണങ്ങളില്‍ 80 ശതമാനവും ഒഴിവാക്കാനാവുന്നതത്രെ. അപകടകാരികളായ പുകവലി, മദ്യപാനം, പൊണ്ണത്തടി, അമിത ഭക്ഷണം എന്നിവ നിയന്ത്രിച്ച്‌.... നന്നായി വ്യായാമം ചെയ്ത്‌ മനസ്സ്‌ ശുദ്ധമാക്കി, പിരിമുറുക്കം കുറച്ച്‌.....ഹൃദയരോഗങ്ങളെ അകറ്റി നിര്‍ത്താം. പക്ഷേ കാലിച്ചായയും ബീഡിയുമായി മണിക്കൂറുകള്‍ അടയിരിക്കുന്നവര്‍ക്കുണ്ടോ ഇതിനു വല്ലതും സമയം? ഹൃദയസംബന്ധമായ രോഗങ്ങള്‍ അകറ്റാന്‍ നാം എന്തു ചെയ്യും? ഹൃദയത്തെ സ്നേഹിക്കയാണ്‌ നാം ആദ്യമായി ചെയ്യേണ്ടത്‌. ശരീരത്തിന്റെ മധ്യരേഖയില്‍നിന്ന്‌ അല്‍പ്പം വലത്‌ ഇടത്‌ ചെരിഞ്ഞാണല്ലോ ഹൃദയത്തിന്റെ സ്ഥാനം. മൂന്നില്‍ ഒരു ഭാഗം വലത്തും മൂന്നില്‍ രണ്ടുഭാഗം ഇടത്തും. വീതി കൂടിയ ഭാഗം മുകളിലും. കൂര്‍ത്ത ഭാഗം താഴെയും. ഏതാണ്ട്‌ കിഴുക്കാം തൂക്കായി കിടക്കുന്ന ഈ ജീവന്‍ രക്ഷകന്‌ ഭാരം കാല്‍കിലോ മാത്രം. സംരക്ഷിക്കാന്‍ മുന്നിലും പിന്നിലും അസ്ഥികളുണ്ട്‌. വശങ്ങളില്‍ ശ്വാസകോശങ്ങളുണ്ട്‌. താഴെ ഡയഫ്രം എന്ന സ്ഥരവും ആവരണമായി 'പെരികാര്‍ഡിയ'മെന്ന തൊലിയുമുണ്ട്‌.
ഹൃദയം പ്രധാനമായും ഒരു പമ്പ്‌ ആണ്‌. നിരന്തരം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരു പമ്പ്‌. ഗര്‍ഭപാത്രത്തില്‍ ഭ്രൂണത്തിന്‌ 22 ദിവസം പ്രായമാകുമ്പോള്‍ മുതല്‍ ഹൃദയം സ്പന്ദിക്കാന്‍ തുടങ്ങും. ഒരു 70 വയസ്സുകാരന്റെ ഹൃദയം 260 കോടി തവണ സ്പന്ദിച്ചിരിക്കുമെന്ന്‌ കണക്കുകൂട്ടാം. ഹൃദയം ഒരു സംഭരണ ടാങ്ക്‌ കൂടിയാണ്‌. ശരീരത്തിലെ രക്തത്തെ ശുദ്ധീകരിച്ച്‌ ഓരോ ഭാഗത്തും കൃത്യമായി എത്തിക്കുകയാണതിന്റെ ധര്‍മം. അശുദ്ധ രക്തത്തിലെ കാര്‍ബണ്‍ഡൈഓക്സൈഡിനെ കളഞ്ഞ്‌ പ്രാണവായു സമ്പുഷ്ടമാക്കുകയാണതിന്റെ ലക്ഷ്യം.
ഹൃദയം മസ്തിഷ്കത്തിന്റെ നിയന്ത്രണത്തിലാണെങ്കിലും ഒട്ടേറെ സ്വയംഭരണ അധികാരങ്ങളുണ്ടിതിന്‌. ഹൃദയത്തിന്റെ പേസ്മേക്കറെന്നു വിശേഷിപ്പിക്കാവുന്ന എ.വി നോഡി(ആട്രിയോ വെന്‍ട്രിക്കുലാര്‍ നോഡ്‌)നും 'എസ്‌.എ. നോഡി'(സിനോ ആട്രിയല്‍ നോഡ്‌)നും ഒട്ടേറെ ശക്തികളുണ്ട്‌. എത്രയേറെ പ്രശ്നങ്ങള്‍ വന്നാലും ഹൃദയത്തിന്റെ പ്രവര്‍ത്തനം മുട്ടുകൂടാതെ മുന്നോട്ടു കൊണ്ടുപോകുന്നത്‌ അവയാണ്‌. ഹൃദയത്തിലെ പേശികള്‍ക്ക്‌ രക്തമെത്തിക്കുന്നത്‌ രണ്ട്‌ ധമനികളാണ്‌. കൊറോണറി ധമനികള്‍. ഇവയ്ക്കുണ്ടാകുന്ന രോഗങ്ങളെ പൊതുവേ കൊറോണറി ധമനി രോഗം (കൊറോണറി ആര്‍ട്ടറി ഡിസീസ്‌) എന്ന്‌ വിളിക്കും. മലയാളത്തില്‍ പൊതുവെ ഹൃദ്രോഗമെന്നും ഇവയെ വിളിക്കാം. ധമനികളെ ബാധിക്കുന്ന രോഗങ്ങളായ ആള്‍ട്ടീരിയോ സ്റ്റിറോസിസും ആത്തറോസ്‌ സ്റ്റിറോസിസും ധമനികളുടെ ഭിത്തികളില്‍ കാത്സ്യം നിക്ഷേപം നടത്തി കട്ടികൂട്ടി ഇലാസ്തികത ഇല്ലാതാക്കുന്നു: അവയുടെ ഉള്‍വ്യാസം കുറയുകയും രക്തപ്രവാഹത്തിന്‌ തടസമുണ്ടാക്കുകയും ചെയ്യുന്നു. ഇതുമൂലം ചില ഭാഗങ്ങളിലേയ്ക്കുള്ള രക്തപ്രവാഹം പൂര്‍ണമായും നിലച്ചേക്കാം. അതിന്റെ ലക്ഷണമാണ്‌ കടുത്ത നെഞ്ചുവേദന. ഹാര്‍ട്ട്‌ അറ്റാക്ക്‌ എന്ന്‌ വിളിക്കാം ഈ അവസ്ഥയെ. രക്തക്കുഴലുകളില്‍ കൊഴുപ്പ്‌ അടിഞ്ഞുകൂടുന്നത്‌ മറ്റൊരു ഗുരുതരമായ പ്രശ്നം. വര്‍ധിച്ച രക്തസമ്മര്‍ദ്ദമാണ്‌ ഹൃദ്രോഗത്തിലേക്ക്‌ നയിക്കുന്ന മറ്റൊരു മുഖ്യഘടകം. രക്തം രക്തവാഹിനിക്കുഴലുകളില്‍ ചെലുത്തുന്ന അപകടകരമായ സമ്മര്‍ദ്ദമാണ്‌ രക്തസമ്മര്‍ദ്ദം.
ശരീരത്തില്‍ വന്നുകൂടുന്ന പൊണ്ണത്തടി രക്തസമ്മര്‍ദ്ദമുയര്‍ത്തുമെന്നും നാം അറിയണം. കൊഴുപ്പാണിതിനു കാരണം. കൊഴുപ്പും തടിയും കൂടുമ്പോള്‍ രക്തവാഹിനിക്കുഴലുകളുടെ എണ്ണവും നീളവും കൂടും. ഒരു കിലോഗ്രാം പൊണ്ണത്തടിയില്‍ 500 കിലോമീറ്റര്‍ നീളം രക്തവാഹിനികളുണ്ടാവുമെന്ന്‌ ശാസ്ത്രജ്ഞന്മാര്‍ പറയുന്നു. അവയിലൊക്കെ രക്തം പ്രവഹിപ്പിക്കാന്‍ ഹൃദയം എത്രയേറെ ആയാസപ്പെടേണ്ടിവരുമെന്ന്‌ നാം ഓര്‍ത്തുനോക്കുക.
ഹൃദയത്തിന്റെ ആരോഗ്യം സ്ഥിരമായി സൂക്ഷിക്കാന്‍ ഏഴ്‌ കാര്യങ്ങളാണ്‌ ആരോഗ്യ വിദഗ്ദ്ധര്‍ സാധാരണ ശുപാര്‍ശ ചെയ്യുക. പുകവലി പൂര്‍ണമായും വെടിയുക. അപ്പോള്‍ത്തന്നെ രോഗസാധ്യത 50 ശതമാനം കണ്ട്‌ കുറയും. ചീത്ത കൊളസ്ട്രോള്‍ അഥവാ എല്‍ഡിഎല്‍ കൊഴുപ്പ്‌ രക്തധമനികളില്‍ അടിഞ്ഞുകൂടാതിരിക്കാന്‍ മുന്‍കരുതല്‍ സ്വീകരിക്കുക. കൊഴുപ്പില്ലാത്ത നല്ല ഭക്ഷണം കഴിച്ചാല്‍ ചീത്ത കൊഴുപ്പിനെ അകറ്റാം. രക്തക്കുഴലുകളെ ഞെക്കിപ്പൊട്ടിക്കുന്ന രക്തസമ്മര്‍ദ്ദം ഉണ്ടാകാതെ നോക്കുകയാണ്‌ അടുത്തത്‌. സദാ കര്‍മനിരതരാവണം നാം. കാരണം വ്യായാമത്തിന്‌ പകരം വയ്ക്കാന്‍ മറ്റൊന്നില്ലെന്നതു തന്നെ. അത്‌ മുക്കാല്‍ മണിക്കൂര്‍ തിരക്കിട്ടു നടന്നാല്‍ത്തന്നെ ഹൃദയരോഗങ്ങള്‍ അടുക്കാന്‍ മടിക്കും. നാരു നിറഞ്ഞ പച്ച ഭക്ഷണങ്ങള്‍ കഴിക്കുക. കൃത്രിമമായ ഫാസ്റ്റ്‌ ഫുഡുകള്‍ തീര്‍ത്തും വെടിയുക. ഫലം ഉറപ്പാണ്‌. രോഗം അടുക്കില്ല. ധ്യാനവും യോഗയുമൊക്കെ ശീലിച്ച്‌ മനസ്സിന്റെ പിരിമുറുക്കം കുറക്കുകയാണ്‌ അടുത്ത പടി. സന്തോഷം നിറഞ്ഞ മനസ്സുള്ള ശരീരത്തെ കടന്നാക്രമിക്കാന്‍ രോഗങ്ങള്‍ക്ക്‌ ഏറെ ബുദ്ധിമുട്ടേണ്ടിവരും. അവസാനമായി വേണ്ടത്‌, നിരന്തരമായ ഹൃദയപരിശോധനയാണ്‌. രോഗം ലക്ഷണം കാണിക്കുമ്പോള്‍ത്തന്നെ കണ്ടെത്തി അതിന്‌ മൂക്കു കയറിടാന്‍ ഇത്‌ കൂടിയേ തീരൂ.
എങ്കില്‍ നാമും നമ്മുടെ കുടുംബവും രക്ഷപ്പെടും. ആയുസ്സിന്റെ പുസ്തകത്തില്‍ ഏറെ താളുകള്‍ ജനിക്കും. കാലിച്ചായ കുടിച്ച്‌ ബീഡി വലിച്ച്‌ ചടഞ്ഞിരിക്കുന്ന നാളുകള്‍ക്ക്‌ വിട പറയാം.
ഡോ. അനില്‍കുമാര്‍ വടവാതൂര്‍
പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.