ചെന്നൈയിന്‍ എഫ്‌സിക്ക് ജയം

Wednesday 15 October 2014 10:05 pm IST

                മഡ്ഗാവ്: ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണിയുടെയും ബോളിവുഡ് താരം അഭിഷേക് ബച്ചന്റെയും ഉടമസ്ഥതയിലുള്ള ചെന്നൈയിന്‍ എഫ്‌സിക്ക് തകര്‍പ്പന്‍ വിജയം. ഇന്നലെ മഡ്ഗാവിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ചെന്നൈയിന്‍ എഫ്‌സി ഗോവന്‍ എഫ്‌സിയെ തകര്‍ത്തത്. കളിയുടെ 32-ാം മിനിറ്റില്‍ ഇന്ത്യന്‍ താരംബല്‍വന്ത് സിംഗ്, 42-ാം മിനിറ്റില്‍ ബ്രസീലിയന്‍ താരം എലാനോ എന്നിവരാണ് ചെന്നൈയിന്‍ എഫ്‌സിയുടെ ഗോളുകള്‍ നേടിയത്. ഗോവന്‍ എഫ്‌സിക്കായി 62-ാം മിനിറ്റില്‍ ഫ്രഞ്ച് താരം ഗ്രിഗറി അര്‍നോലിനാണ് ആശ്വാസഗോള്‍ നേടിയത്. മത്സരത്തിന്റെ തുടക്കം മുതല്‍ ബ്രസീലിയന്‍ താരങ്ങളായ എലാനോയും ബ്രൂണോ പെലിസ്സാരിയും സ്വീഡിഷ് താരവും ക്യാപ്റ്റനുമായ ബോജാന്‍ഡോര്‍ഡിച്ചും ബല്‍വന്ത് സിംഗും ചേര്‍ന്ന് ഗോവന്‍ എഫ്‌സി ഗോള്‍മുഖത്തേക്ക് നിരന്തരം ആക്രമണം നടത്തി. എട്ടാം മിനിറ്റില്‍ ചെന്നൈയിന്‍ ടീമിന് ആദ്യ അവസരം ലഭിക്കുകയും ചെയ്തു. ഒരു കോര്‍ണറിനൊടുവില്‍ ഗോവന്‍ ബോക്‌സിലേക്ക് പറന്നിറങ്ങിയ പന്ത് ബെര്‍ണാഡ് മെന്‍ഡി നല്ലൊരു ഹെഡ്ഡറിലൂടെ വലയിലേക്ക് തിരിച്ചുവിട്ടെങ്കിലും നേരിയ വ്യത്യാസത്തിന് പുറത്തേക്ക് പറന്നു. 27-ാം മിനിറ്റില്‍ ഗോവന്‍ ടീമിന് ലീഡ് നേടാനുള്ള അവസരം ലഭിച്ചെങ്കിലും അവരുടെ മാര്‍ക്വീ താരമായ റോബര്‍ട്ടോ പിറസ് തുലച്ചുകളഞ്ഞു. 32-ാം മിനിറ്റില്‍ കളിയിലെ ആദ്യ ഗോള്‍ പിറന്നു. ചെന്നൈയിന്‍ ക്യാപ്റ്റന്‍ ബോജാന്‍ ഡോര്‍ഡിക്ക് തള്ളിക്കൊടുത്ത പന്തുമായി മുന്നേറിയ ധനചന്ദ്രസിംഗ് ബോക്‌സിലേക്ക് നല്‍കിയ ക്രോസ് ഗോവന്‍ താരം ക്ലിയര്‍ ചെയ്യാന്‍ ശ്രമിച്ചെങ്കിലും പന്ത് കിട്ടിയത് എലാനോക്ക്. എലാനോ പന്തുമായി ഒന്ന് മുന്നോട്ട് നീങ്ങിയെങ്കിലും എതിര്‍താരത്തിന്റെ മാര്‍ക്കിംഗില്‍പ്പെട്ട് പന്തിന്റെ നിയന്ത്രണം നഷ്ടമായി. എന്നാല്‍ ഈ സമയത്ത് ആരാലും മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ഇന്ത്യന്‍താരം ബല്‍വന്ത് സിംഗ് പോസ്റ്റിലേക്ക് പായിച്ച ഷോട്ട് ഗോവന്‍ ഗോളിയുടെ കാലില്‍ത്തട്ടി വലയില്‍ കയറി. പിന്നീട് 42-ാം മിനിറ്റില്‍ ചെന്നൈയിന്‍ എഫ്‌സി രണ്ടാം ഗോളും നേടി. ബല്‍വന്ത് സിംഗിനെ ബോക്‌സിനോട് ചേര്‍ന്ന് ഫൗള്‍ ചെയ്തതിന് ലഭിച്ച ഫ്രീകിക്കാണ് എലാനോ ഗോവന്‍ ഗോളിയെ നിഷ്പ്രഭനാക്കി വലയിലെത്തിച്ചത്. രണ്ടാം പകുതിയില്‍ ഇരുടീമുകളും മികച്ച കളിയാണ് പുറത്തെടുത്തത്. ഗോള്‍ മടക്കാനായി ഗോവന്‍ എഫ്‌സിയും ലീഡ് ഉയര്‍ത്താനായി ചെന്നൈയിന്‍ ടീമും ഉണര്‍ന്നുകളിച്ചതോടെ പോരാട്ടം മികച്ച നിലവാരത്തിലേക്കുയര്‍ന്നു. 65-ാം മിനിറ്റില്‍ ഗോവന്‍ എഫ്‌സി ഒരു ഗോള്‍ മടക്കുകയും ചെയ്തു. അവരുടെ ഫ്രഞ്ച് താരം ഗ്രിഗറി അര്‍നോലിനാണ് ചെന്നൈയിന്‍ എഫ്‌സി പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് ഗോള്‍ നേടിയത്. പിന്നീട് സമനിലക്കായി ഗോവന്‍ ടീം പൊരുതിക്കളിച്ചെങ്കിലും കാര്യമുണ്ടായില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.