കാല്‍പ്പാടുകള്‍ മായ്ക്കുന്നവര്‍

Saturday 8 October 2011 5:06 pm IST

ചരിത്രം പഠിക്കാത്തവര്‍ക്ക്‌ പനമ്പിള്ളി ഗോവിന്ദമേനോനേയും അറിയാനിടയില്ല. കേരളത്തിലും, ഭാരതത്തിലും രാഷ്ട്രീയ പത്മവ്യൂഹത്തില്‍ എതിരാളികളെപ്പോലും അമ്പരപ്പിച്ചുകൊണ്ട്‌ ഒരതികായനായി ഉയര്‍ന്ന്‌, ചരിത്രത്തില്‍ വ്യക്തിമുദ്രപതിപ്പിച്ച ആ ഉജ്ജ്വലപ്രതിഭയ്ക്ക്‌ സ്വന്തം ജന്മനാട്ടില്‍ പോലും അവഗണന മാത്രം ബാക്കി. പന്ത്രണ്ട്‌ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ചാലക്കുടി സൗത്ത്‌ ജംഗ്ഷനില്‍ സ്ഥാപിച്ച പനമ്പിള്ളിയുടെ വെങ്കലപ്രതിമ ഇന്ന്‌ വികലാംഗനാണ്‌. ഇത്‌ വര്‍ത്തമാന സമൂഹം ആ പ്രതിഭയ്ക്ക്‌ നല്‍കിയ അവഗണനയുടെ ഒരു മുഖം മാത്രം.
ചാണക്യന്റെ ഭരണതന്ത്രജ്ഞതയും തെന്നാലിരാമന്റെ നര്‍മ്മഭാവനയും ശക്തമായ പ്രതികരണ ശേഷിയും ഒത്തിണങ്ങിയ ഒരു വ്യക്തിത്വത്തിനുടമയായിരുന്നു പനമ്പിള്ളി ഗോവിന്ദമേനോന്‍. ഏത്‌ വിഷയത്തിലായാലും ആ വിഷയങ്ങളില്‍ എല്ലാം അഗാധപാണ്ഡിത്യത്തിനുടമയായിരുന്നു. നിയമത്തെപ്പറ്റിയോ, സാഹിത്യത്തെ പറ്റിയോ, സംഗീതത്തെ പറ്റിയോ, സുകുമാരകലകളെ പറ്റിയോ, എന്തിനേറെ കഥകളിയിലെ വേഷവിധാനത്തെപ്പോലും ആധികാരികമായി ഉപന്യസിക്കാന്‍ കഴിവുള്ള മറ്റൊരു രാഷ്ട്രീയ നേതാവും കേരളത്തിലോ ഇന്ത്യയില്‍ തന്നെയോ ഉണ്ടെന്ന്‌ തോന്നുന്നില്ല. പനമ്പിള്ളിയ്ക്ക്‌ സമം പനമ്പിള്ളി മാത്രം.
പരസ്പരം പോര്‍വിളിയും പണപ്പിരിവും മാത്രം രാഷ്ട്രീയമായി കൊണ്ടുനടക്കുന്ന ഇക്കാലത്ത്‌ അദ്ദേഹത്തിന്റെ ബഹുമുഖ പ്രതിഭ ഇന്നത്തെ തലമുറക്ക്‌ പരിചയമില്ല. പനമ്പിള്ളി രാഷ്ട്രീയത്തിലെ യുഗപുരുഷനായിരുന്നു. അധികാരം എന്തിനാണെന്ന്‌ വ്യക്തമായി തിരിച്ചറിവുള്ള വ്യക്തിയായിരുന്നു. കൊടിവെച്ച കാറില്‍ പറക്കാനും മുമ്പിലും പിന്നിലും എസ്കോര്‍ട്ടുകളുമായി പായാനുമുള്ളതല്ല, മറിച്ച്‌ സാമൂഹ്യ-സാമ്പത്തിക-സാംസ്കാരിക മണ്ഡലങ്ങളില്‍ അടിസ്ഥാന മാറ്റം വരുത്തി ജനങ്ങളെ കാലോചിതമായി സമുദ്ധരിക്കാനുള്ള ഉപകരണമാക്കി അധികാരത്തെ മാറ്റാനുള്ള അസാമാന്യകഴിവ്‌ അദ്ദേഹത്തിന്‌ ഒരു കൈമുതലായിരുന്നു. എതിരാളികള്‍ പോലും പനമ്പിള്ളിയുടെ ഈ കഴിവില്‍ അഭിമാനിക്കുമായിരുന്നു.
ചാലക്കുടിക്കടുത്ത്‌ കല്ലൂര്‍-വടക്കുമുറി വില്ലേജില്‍ കക്കാട്‌ എന്ന ദേശത്ത്‌ 1908 ഒക്ടോബര്‍ ഒന്നിന്‌ (1084 കന്നി 15) പനമ്പിള്ളി മാധവിയമ്മയുടേയും അന്നനാട്‌ കുമാരപ്പിള്ളി കൃഷ്ണമേനോന്റെയും നാലാമത്തെ മകനായി ജനിച്ചു. പനമ്പിള്ളി ജാനകിയമ്മ, കാര്‍ത്ത്യായനിയമ്മ, ലക്ഷ്മിക്കുട്ടിയമ്മ എന്നിവരായിരുന്നു സഹോദരിമാര്‍. ഇവര്‍ ആരും ഇന്ന്‌ ജീവിച്ചിരിപ്പില്ല. തൃശൂര്‍ കുണ്ടറ കൃഷ്ണവാര്യരുടേയും, കോളങ്ങാട്ട്‌ കുഞ്ചി അമ്മയുടേയും ഏക മകളായ കോളങ്ങാട്ട്‌ മാധവിയമ്മയായിരുന്നു ഭാര്യ. കൃഷ്ണന്‍കുട്ടി, സുമതി, സുശീല, രാമചന്ദ്രന്‍, പുരുഷോത്തമന്‍, സുധാകരന്‍, ഗോവിന്ദന്‍കുട്ടി എന്നിവരാണ്‌ മക്കള്‍. കാടുകുറ്റി ആശാന്‍ പള്ളിക്കൂടത്തിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ചേണ്ടമംഗലം സര്‍ക്കാര്‍ സ്കൂളില്‍ നാലാം ക്ലാസില്‍ നേരിട്ട്‌ പരീക്ഷക്കിരുന്നു ജയിച്ചു.
അവിടെതന്നെ വിദ്യാഭ്യാസം തുടര്‍ന്നു. എറണാകുളം എസ്‌ആര്‍വിഎച്ച്‌എസ്സില്‍ എട്ടാം ക്ലാസിലും ഒന്‍പത്‌, പത്ത്‌ ക്ലാസുകളില്‍ ചാലക്കുടി സര്‍ക്കാര്‍ ഹൈസ്കൂളിലുമായിരുന്നു വിദ്യാഭ്യാസം. തൃശൂര്‍ സെന്റ്‌ തോമസ്‌, തൃശ്ശിനാപ്പിള്ളി സെന്റ്‌ ജോസഫ്‌ (ബി.എ.ഓണേഴ്സ്‌) എന്നിവിടങ്ങളിലായി കോളേജ്‌ പഠനം പൂര്‍ത്തിയാക്കി. മദിരാശി ലോ കോളേജില്‍ നിന്നും എം എല്‍ ബിരുദം കരസ്ഥമാക്കി.
യുക്തിവാദിയായിരുന്ന അഡ്വ. എ.സി.ജോസഫിന്റെ ജൂനിയര്‍ ആയി 1931ല്‍ ഇരിങ്ങാലക്കുടയില്‍ പ്രാക്ടീസ്‌ ആരംഭിച്ചു. അതിനെത്തുടര്‍ന്ന്‌ 1932മുതല്‍ പൊതുരംഗത്ത്‌ പ്രവര്‍ത്തിക്കാനാരംഭിച്ചു. 1934ല്‍ കൊച്ചി നിയമസഭയിലേക്ക്‌ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. 1938ല്‍ നിയമസഭയിലേക്ക്‌ വീണ്ടും തെരഞ്ഞെടുത്തു. പ്രവര്‍ത്തനകേന്ദ്രവും താമസവും 1939ല്‍ എറണാകുളത്തേക്ക്‌ മാറ്റി. ഇക്കാലയളവില്‍ തന്നെ കഴിവുറ്റ ഒരു വക്കീല്‍, നയതന്ത്രജ്ഞനായ രാഷ്ട്രീയനേതാവ്‌ എന്നീ നിലകളില്‍ തിളങ്ങി. മതസാഹിത്യ സാംസ്കാരിക രംഗങ്ങളില്‍ അദ്ദേഹത്തിനുണ്ടായിരുന്ന കഴിവും, പാണ്ഡിത്യവും അപാരമായിരുന്നു. ബുദ്ധിശക്തിയിലും ഓര്‍മ്മശക്തിയിലും അദ്ദേഹം ഏറെ മുന്നിലായിരുന്നു. അതുകാണ്ടുതന്നെ ശൈലീവല്ലഭന്‍, ബുദ്ധിരാക്ഷസന്‍ എന്നീ അപരനാമധേയങ്ങളും അദ്ദേഹം അലങ്കരിച്ചിരുന്നു.
കൊച്ചിരാജ്യപ്രജാമണ്ഡലം, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ എന്നീ രാഷ്ട്രീയപാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ച്‌ അവഗണിക്കാന്‍ കഴിയാത്ത ഒരു നേതാവാണ്‌ എന്ന്‌ അദ്ദേഹം തെളിയിച്ചു. കൊച്ചി സംസ്ഥാനത്ത്‌ 1946ല്‍ ഭക്ഷ്യമന്ത്രി, 1946-49ല്‍ പ്രധാനമന്ത്രി, തിരുവിതാംകൂര്‍, കൊച്ചി സംസ്ഥാനങ്ങളുടെ സംയോജനാനന്തരം വിദ്യാഭ്യാസമന്ത്രി (1949-51), 1952-54ല്‍ ധനമന്ത്രി. 1955-56ല്‍ മുഖ്യമന്ത്രിയായി. സുപ്രധാന നിയമനിര്‍മ്മാണങ്ങള്‍ക്ക്‌ നേതൃത്വം നല്‍കി നടപ്പില്‍ വരുത്തുന്നതിനും യഥാസമയം യുക്തമായ തീരുമാനങ്ങള്‍ എടുക്കുന്നതിലും തന്റേടം കാണിച്ച പനമ്പിള്ളി താന്‍ കഴിവുറ്റ ഒരു ഭരണാധികാരിയാണെന്ന പരമാര്‍ത്ഥം കേരളീയരെ ബോധ്യപ്പെടുത്തിയെങ്കിലും 1957ലെ പൊതുതെരഞ്ഞെടുപ്പില്‍ ചാലക്കുടി നിയമസഭാ മണ്ഡലത്തില്‍ തന്റെ ആദ്യ പരാജയം ഏറ്റുവാങ്ങി. എന്നാല്‍ ഇത്‌ പനമ്പിള്ളിയുടെ രാഷ്ട്രീയ ജീവിതത്തിലെ കനത്ത പതനമാണെന്ന്‌ വിലയിരുത്തിയ എതിരാളികള്‍ക്ക്‌ കനത്ത തിരിച്ചടി നല്‍കിക്കൊണ്ടാണ്‌ 1962ല്‍ നടന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ ചാലക്കുടി നിയമസഭാ മണ്ഡലം ഉള്‍പ്പെടുന്ന മുകുന്ദപുരം ലോക്സഭാ മണ്ഡലത്തില്‍ നിന്ന്‌ തെരഞ്ഞെടുക്കപ്പെട്ടത്‌. ഇത്‌ അദ്ദേഹത്തിന്റെ ദേശീയ രാഷ്ട്രീയത്തിലേക്കുള്ള കാല്‍വെപ്പായിരുന്നു. ഇന്ദിരാഗാന്ധിയുടെ മന്ത്രിസഭയില്‍ സഹമന്ത്രി, കാബിനറ്റ്‌ മന്ത്രി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. കേന്ദ്രമന്ത്രിയെന്ന നിലയില്‍ ബാങ്ക്‌ ദേശസാത്കരണം, നാട്ടുരാജാക്കന്മാരുടെ പ്രിവിപേഴ്സ്‌ നിര്‍ത്തലാക്കല്‍ എന്നീ സുപ്രധാന നിയമങ്ങള്‍ സഭയില്‍ അവതരിപ്പിച്ച്‌ പാസ്സാക്കി. റെയില്‍വേ മന്ത്രിയുടെ താത്കാലിക ചാര്‍ജ്ജെടുത്ത പനമ്പിള്ളി ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ കേരളത്തിലെ റെയില്‍വേ സ്റ്റേഷനുകള്‍ നവീകരിക്കാന്‍ നടപടികള്‍ എടുത്തിരുന്നു.
ഇന്നത്തെ കാലത്ത്‌ പനമ്പിള്ളിയുടെ പിന്‍തലമുറക്കാര്‍ പോലും നിയമസഭയില്‍ വസ്ത്രാക്ഷേപം നടത്തി പ്രസിദ്ധി നേടുമ്പോള്‍ പനമ്പിള്ളിയുടെ പാര്‍ലമെന്ററി പെരുമാറ്റം മാതൃകയാക്കേണ്ടതുണ്ട്‌. നേര്‍ത്ത നര്‍മ്മം, കൂര്‍ത്തവാക്ക്‌, എതിരാളികളെ പോലും തിരസ്കൃതരാക്കുന്ന പ്രയോഗങ്ങള്‍, വെട്ടാന്‍ വരുന്നവര്‍ പോലും തൊഴുകൈയുമായി മാറിപ്പോകുന്ന സ്ഥിതിവിശേഷം ഇവയൊക്കെയായിരുന്നു അദ്ദേഹത്തിന്റെ ശൈലി. ഒപ്പത്തിനൊപ്പം, ഉരുളക്ക്‌ ഉപ്പേരി, ഉരുളയേക്കാള്‍ പൊരുളുണ്ടായിരുന്ന ഉപ്പേരി നല്‍കിയ സര്‍വ്വകലാവല്ലഭനാണ്‌ പനമ്പിള്ളി. പരന്ന വായനയും ആഴമേറിയ ചിന്തയും ശീലമാക്കിയിരുന്ന പനമ്പിള്ളി ഗോവിന്ദമേനോന്റെ വേദി ഏതായാലും അറിഞ്ഞു, പറഞ്ഞു, നിറഞ്ഞുനിന്നാടി സദസ്സിനെ കയ്യിലെടുത്തുകൊണ്ടുള്ള പ്രസംഗത്തിനിടയില്‍ ആവശ്യം വരുമ്പോള്‍ ഓര്‍മ്മയുടെ മണിച്ചെപ്പ്‌ തുറന്ന്‌ സ്ഫടിക തുല്യമായ ചിന്താശകലങ്ങള്‍ മാത്രം പെറുക്കിയെടുത്ത്‌ ഒന്നുകൂടി തുടച്ചുമിനുക്കി കുറിക്ക്‌ കൊള്ളും വിധം വാഗ്‌വിലാസത്തോടെ മൂല്യത്തെക്കാളും, മൂല്യവത്താക്കികൊണ്ടുള്ള അവതരണ ശൈലി ഒരു കലതന്നെയായിരുന്നു.
അദ്ദേഹത്തിന്റെ ഓര്‍മ്മക്കായി പനമ്പിള്ളി ഗോവിന്ദമേനോന്‍ സ്മാരക സാംസ്കാരിക ഗവേഷണകേന്ദ്രം ചാലക്കുടി സൗത്ത്‌ ജംഗ്ഷനില്‍ ആരംഭിച്ചു. ഗ്രന്ഥശാല, വായനശാല, കോണ്‍ഫറന്‍സ്‌ ഹാള്‍ എന്നിവ അടങ്ങിയതാണ്‌ ഈ സ്മാരകം. ഈ അഭിനവ ചാണക്യന്റെ ഓര്‍മ്മക്കായി ചാലക്കുടിയില്‍ അദ്ദേഹത്തിന്റെ ഒരു പൂര്‍ണകായ പ്രതിമ സ്ഥാപിക്കണമെന്ന ഏറെ നാളത്തെ ആഗ്രഹത്തിന്‌ വിരാമമിട്ടുകൊണ്ട്‌ 1998ല്‍ അന്നത്തെ രാഷ്ട്രപതി കെ.ആര്‍.നാരായണന്‍ ആണ്‌ സൗത്ത്‌ ജംഗ്ഷനില്‍ ദേശീയപാതയോരത്ത്‌ അദ്ദേഹത്തിന്റെ വെങ്കലപ്രതിമ സ്ഥാപിച്ചത്‌. പനമ്പിള്ളി ഗോവിന്ദമേനോന്‍ സ്മാരക കള്‍ച്ചറല്‍ സെന്റര്‍ ആണ്‌ പ്രതിമസ്ഥാപനത്തിന്‌ മുന്‍കയ്യെടുത്തത്‌. പ്രമുഖ ശില്‍പി ആര്‍.ഡി.ദത്തനാണ്‌ മനോഹരമായ പനമ്പിള്ളി പ്രതിമ നിര്‍മ്മിച്ചത്‌. നിര്‍മാണം പൂര്‍ത്തിയാക്കുന്നതിനിടയില്‍ വന്‍വിവാദമായിരുന്നു. നിര്‍മ്മാണത്തിന്റെ കൂലിയെച്ചൊല്ലി വലിയ ഒച്ചപ്പാടായിരുന്നു. കേസ്സും കോടതിയുമായി. ഒടുവില്‍ അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരനും മറ്റും ഇടപെട്ടാണ്‌ പ്രശ്നം പരിഹരിച്ച്‌ പ്രതിമ സ്ഥാപിച്ചത്‌. ഇതിനിടയില്‍ അഞ്ച്‌ വര്‍ഷം മുമ്പ്‌ നിയന്ത്രണം വിട്ട മിനിലോറിയിടിച്ച്‌ പ്രതിമക്ക്‌ കേടുപാടുകള്‍ പറ്റി. കയ്യും തലയും ഒടിഞ്ഞ്‌ തകര്‍ന്ന പ്രതിമ പനമ്പിള്ളി ഫൗണ്ടേഷന്റെ ഓഫീസ്‌ പ്രവര്‍ത്തിച്ചിരുന്ന ട്രാംവെ റോഡിലുള്ള പറമ്പില്‍ കൊണ്ടുവന്ന്‌ വെച്ചു. കേടുപാടുകള്‍ തീര്‍ത്ത്‌ ഉടനെ മാറ്റും എന്ന്‌ പറഞ്ഞ്‌ വെച്ച പ്രതിമ അഞ്ചുവര്‍ഷമായിട്ടും വാഴത്തോപ്പില്‍ ഉപേക്ഷിച്ച നിലയിലാണ്‌. തുണി ഉണക്കാന്‍ ഇടുന്ന അഴകെട്ടാന്‍ ഇന്ന്‌ ആ മഹാന്റെ പ്രതിമ ഉപയോഗിക്കുന്നതുവരെ എത്തി കാര്യങ്ങള്‍. സാക്ഷര കേരളത്തിന്‌ അപമാനമാണ്‌ ഈ കാഴ്ച. അപകടം പറ്റി കുറച്ച്‌ കഴിഞ്ഞപ്പോഴേക്കും ദേശീയപാത വികസനവുമായി ബന്ധപ്പെട്ട്‌ സൗത്ത്‌ ജംഗ്ഷനില്‍ ഫ്ലൈഓവറും മറ്റും സ്ഥാപിച്ചപ്പോള്‍ പ്രതിമ സ്ഥാപിക്കാന്‍ സ്ഥലമില്ലാതായി. ഇത്‌ ഏറെ പ്രശ്നമായി. കെപിസിസി പ്രസിഡണ്ട്‌ പ്രതിമ ഉടനെ തന്നെ മതിയായ സ്ഥലത്ത്‌ സ്ഥാപിക്കുമെന്ന്‌ പറഞ്ഞുവെങ്കിലും നടപടിയായില്ല. ഇപ്പോഴും തലതകര്‍ന്ന നിലയിലാണ്‌. പ്രതിമയുടെ കേടുപാടുകള്‍ പൂര്‍ണമായും മാറ്റിയിട്ടില്ല. പ്രതിമ സ്ഥാപിക്കാന്‍ ചാലക്കുടി സിഎസ്‌ഐ പള്ളിക്ക്‌ സമീപം ദേശീയപാതയോരത്ത്‌ 10സെന്റ്‌ സ്ഥലം നല്‍കണമെന്നാവശ്യപ്പെട്ട്‌ സര്‍ക്കാരിന്‌ നിവേദനം നല്‍കി കാത്തിരിക്കുകയാണ്‌. ചാലക്കുടി നഗരസഭയില്‍ ഇക്കഴിഞ്ഞ പനമ്പിള്ളി 103-ാ‍ം ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്യാനെത്തിയ സഹകരണ വകുപ്പ്‌ മന്ത്രി സി.എന്‍.ബാലകൃഷ്ണന്‍ പ്രതിമ സര്‍ക്കാര്‍ ചെലവില്‍ സ്ഥലമേറ്റെടുത്ത്‌ സ്ഥാപിക്കാന്‍ വേണ്ട നടപടി സ്വീകരിക്കുമെന്ന്‌ പ്രഖ്യാപിച്ചു. അടുത്ത ജന്മദിനാഘോഷവേളക്ക്‌ മുമ്പായിട്ടെങ്കിലും മഹാനായ പനമ്പിള്ളിയുടെ പ്രതിമ ഉചിതമായ സ്ഥാനത്ത്‌ സ്ഥാപിച്ച്‌ അദ്ദേഹത്തിനോടുള്ള അവഗണന അവസാനിപ്പിക്കേണ്ടതാണ്‌.
ഷാലി മുരിങ്ങൂര്‍