പുഞ്ചക്കൃഷി ഇത്തവണ 28,918 ഹെക്ടറില്‍

Thursday 16 October 2014 9:44 pm IST

ആലപ്പുഴ: നടപ്പു സാമ്പത്തിക വര്‍ഷം 633 പാടശേഖരങ്ങളിലായി 28918 ഹെക്ടര്‍ സ്ഥലത്ത് പുഞ്ചക്കൃഷിയിറക്കും. 2,892 മെട്രിക് ടണ്‍ വിത്താണ് കൃഷിക്കു വേണ്ടിവരുക. സംസ്ഥാന വിത്ത് വികസന അതോറിറ്റി, ദേശീയ വിത്ത് കോര്‍പറേഷന്‍, കര്‍ണാടക വിത്ത് കോര്‍പറേഷന്‍ എന്നീ ഏജന്‍സികള്‍ മുഖേന വിത്ത് ലഭ്യമാക്കിയിട്ടുണ്ട്. ഉമ, ജ്യോതി വിത്തിനങ്ങള്‍ക്കൊപ്പം പ്രത്യാശ അടക്കമുള്ള പുതിയ ഇനങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കും. ഓരുവെള്ള ഭീഷണി ഒഴിവാക്കാന്‍ ഒക്‌ടോബര്‍, നവംബര്‍ മാസങ്ങളില്‍തന്നെ വേണ്ടിടങ്ങളില്‍ ഓരുമുട്ടുകള്‍ സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കാന്‍ ജലസേചന വകുപ്പിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്‍കി. ഓരുമുട്ട് സ്ഥാപിക്കാന്‍ ടെണ്ടര്‍ വിളിച്ചതായി ജലസേചനവകുപ്പ് അറിയിച്ചു. ഡിസംബര്‍ 15നകം വിത പൂര്‍ത്തീകരിക്കണം. ജില്ലയിലെ പാടശേഖരങ്ങളിലെ മോട്ടോറുകളുടെ എണ്ണവും കാലപ്പഴക്കവും സംബന്ധിച്ച കണക്കെടുത്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കളക്ടര്‍ നിര്‍ദേശിച്ചു. പുഞ്ചക്കൃഷി മുന്നൊരുക്കവുമായി ബന്ധപ്പെട്ട് കൂടിയ യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. തരിശുനില കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് ആര്‍കെവിവൈ പദ്ധതിയില്‍ ഹെക്ടറിന് 11,500 രൂപ വീതവും 13-ാം ധനകാര്യ കമ്മിഷന്‍ ഹെക്ടറിന് 30,000 രൂപ വീതവും അനുവദിച്ചതായി പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ആര്‍. ഗീതാമണി പറഞ്ഞു. തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം മൂലം കാര്‍ഷിക മേഖലയില്‍ 45.46 കോടി രൂപയുടെ നഷ്ടമുണ്ടായി. 39.32 കോടി രൂപയുടെ നെല്‍കൃഷി നശിച്ചു. മട വീഴ്ചസംഭവിച്ച 94 പാടശേഖരങ്ങളിലെ 191.05 ലക്ഷം രൂപയുടെ പ്രവൃത്തികള്‍ക്ക് ജില്ലാതല ക്രൈസിസ് മാനേജ്‌മെന്റ് കമ്മിറ്റി അംഗീകാരം നല്‍കി. ഇത് സംസ്ഥാന സമിതിക്ക് സമര്‍പ്പിച്ചു. രണ്ടാംകൃഷിയുടെ വിളവെടുപ്പ് 203 ഹെക്ടറില്‍ പൂര്‍ത്തീകരിച്ചു. 47,500 ടണ്‍ ഉത്പാദനം പ്രതീക്ഷിക്കുന്നു. ജിപിഎസ് ഘടിപ്പിച്ച കെയ്‌കോയുടെ 55 കൊയ്ത്തുമെതി യന്ത്രങ്ങള്‍ പ്രവര്‍ത്തനക്ഷമമാണ്. ഇത് കര്‍ഷകര്‍ക്ക് ലഭ്യമാക്കും. വിവിധ സ്ഥലങ്ങളില്‍ ഓരുമുട്ട് സ്ഥാപിക്കുന്നതടക്കം കൃഷിയുടെ ജലസേചനസംവിധാനങ്ങളൊരുക്കുന്നതിന് ഒരോമാസവും സ്വീകരിക്കേണ്ട നടപടി സംബന്ധിച്ച കര്‍മപദ്ധതി കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ സജി എബ്രഹാം അവതരിപ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.