ആദിവാസികളുടെ ദുര്‍ഗതി മാറ്റണം

Thursday 16 October 2014 9:43 pm IST

തിരുവനന്തപുരത്ത് നടക്കുന്ന  ആദിവാസി നില്‍പ്പ് സമരം ഇന്നലെ 100 ദിവസം പിന്നിട്ടതോടെ ആദിവാസികള്‍ പിന്നെയും സര്‍ക്കാര്‍ ശ്രദ്ധയില്‍ വന്നിരിക്കുകയാണ്.  ദൃശ്യമാധ്യമങ്ങളും മറ്റും ഇത് നിരാകരിച്ചെങ്കിലും സമരം 100 ദിവസം സമാധാനപരമായി മുന്നേറിയത് ജനങ്ങള്‍ മനസ്സിലാക്കി.തങ്ങള്‍ക്ക് അര്‍ഹതപ്പെട്ട ഭൂമിയില്‍ വീടുവയ്ക്കാനും ജീവിക്കാനും ഉള്ള അവകാശത്തിനുവേണ്ടിയാണ് ആദിവാസികള്‍ സമരം ചെയ്യുന്നത്. പണ്ട് എ.കെ.ആന്റണി സര്‍ക്കാര്‍ മുഴുവന്‍ ഭൂരഹിത കുടുംബങ്ങള്‍ക്കും ഒരേക്കര്‍ മുതല്‍ അഞ്ചേക്കര്‍ ഭൂമി വരെ വാഗ്ദാനം ചെയ്‌തെങ്കിലും പ്രാവര്‍ത്തികമായില്ല. 2003 ല്‍ മുത്തങ്ങയില്‍ ആദിവാസികള്‍ കുടില്‍കെട്ടി സമരം ചെയ്തു. ചെങ്ങറയിലെ സമരം ഇപ്പോഴും തുടരുകയാണ്.പക്ഷേ ആദിവാസികളുടെ ജീവിതം ഇന്നും ദുരിതപൂര്‍ണം തന്നെ. കുട്ടികള്‍ക്ക് വിളര്‍ച്ചാ രോഗം, 13 വയസ്സായ അമ്മമാര്‍, രോഗം ബാധിച്ചാലും ചികിത്സ ലഭിക്കാത്തവര്‍ എല്ലാം ആദിവാസി ജീവിതത്തിലെ കാഴ്ചകളാണ്. കല്‍പ്പറ്റ എന്ന ടൗണില്‍ നിന്നും അഞ്ചുകിലോമീറ്റര്‍ അകലത്തില്‍ ഒരു ആദിവാസി കുടുംബം ഇപ്പോഴും താമസിക്കുന്നത് ഗുഹയിലാണ്. കുട്ടികള്‍ക്ക് സ്‌കൂള്‍ അപ്രാപ്യമാണ്. ഇവരില്‍ ഏറ്റവും അവഗണിക്കപ്പെടുന്ന വിഭാഗം ചോളനായിക്കര്‍ വിഭാഗമാണ്. അട്ടപ്പാടിയില്‍ 74 കുട്ടികളാണ് പോഷകാഹാരക്കുറവു മൂലം മരിച്ചത്.ആദിവാസികള്‍ ഭവനനിര്‍മാണ അപേക്ഷകള്‍ സര്‍ക്കാരിന് സമര്‍പ്പിക്കാഞ്ഞിട്ടല്ല, പക്ഷേ അത് അവഗണിക്കപ്പെടുന്നു. അവര്‍ ആവശ്യപ്പെടുന്നത് സാധാരണക്കാരെപ്പോലെ ജീവിക്കാനുള്ള അവകാശം മാത്രമാണ്. സര്‍ക്കാര്‍ അതിന് മറുപടിയായി നല്‍കുന്നത് ഒരിക്കലും പാലിക്കപ്പെടാത്ത വാഗ്ദാനങ്ങളാണ്. എ.കെ.ആന്റണി എല്ലാ ഭൂരഹിത കുടുംബങ്ങള്‍ക്കും ഭൂമിയാണ് വാഗ്ദാനം ചെയ്തതെങ്കില്‍ ഇപ്പോഴത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഓരോ പ്രായപൂര്‍ത്തിയായ ആദിവാസിക്കും 10 ലക്ഷം രൂപയും ഭവനനിര്‍മാണത്തിന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന വി.എസ്.അച്യുതാനന്ദന്‍ വാഗ്ദാനം ചെയ്തത് 148 കോടി രൂപയുമാണ്. അതായത് ഇടതുസര്‍ക്കാരിന്റെ മുഖ്യമന്ത്രിയും വാഗ്ദാനത്തിന് പിന്നിലായില്ല. ഭവനനിര്‍മാണം തുടങ്ങിയെങ്കിലും അത് പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ടു. ഉമ്മന്‍ചാണ്ടി ഭരണം മൂന്നുകൊല്ലം പിന്നിട്ടിട്ടും ഈ വാഗ്ദാനങ്ങള്‍ വാഗ്ദാനമായി ഒതുങ്ങി. ആദിവാസി ക്ഷേമത്തിനെന്ന പേരില്‍ കോടികള്‍ ചെലവഴിച്ചു എന്നത് യാഥാര്‍ത്ഥ്യം. പക്ഷേ അത് എത്തേണ്ടവരിലല്ല എത്തിയത്, മറിച്ച് അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ പോക്കറ്റിലാണ്.ചെങ്ങറ സമരക്കാര്‍ക്ക് നല്‍കിയ ഭൂമി പാറക്കെട്ടും വന്യമൃഗങ്ങളും നിറഞ്ഞ അക്രമത്തിനു സാധ്യതയുള്ള സ്ഥലങ്ങളായതിനാല്‍ അവര്‍ ചെങ്ങറയിലേയ്ക്ക് തിരിച്ചുവന്നു. അവരില്‍ കുറെപേര്‍ സര്‍ക്കാര്‍ ഭൂമി എന്ന ധാരണയില്‍ കയ്യേറിയത് സ്വകാര്യ വ്യക്തിയുടെ ഭൂമി ആയതിനാല്‍ അവരെ ഒഴിപ്പിക്കേണ്ടിവന്നു.ആദിവാസി പുനരധിവാസ പാക്കേജ് നടപ്പാക്കുമെന്നും ആന്റണി ഉറപ്പു നല്‍കിയിരുന്നു. പക്ഷേ ട്രൈബല്‍ മിഷന്റെ പ്രവര്‍ത്തനം ഒരു വര്‍ഷത്തേക്ക് മാത്രമാണ് ഉണ്ടായത്. കേരളത്തിലെ മുഴുവന്‍ ആദിവാസികളെയും പുനരധിവസിപ്പിക്കാന്‍ 30,000 ഏക്കര്‍ ഭൂമി ആവശ്യപ്പെട്ടെങ്കിലും കിട്ടിയത് 19,000 ഏക്കര്‍ ആണ്. ഇത് ആദിവാസി പുനരധിവാസത്തിനാണെന്നും ഒരു കുടുംബത്തിന് 10 ഏക്കര്‍ വരെ നല്‍കാമെന്നും ആ പ്രദേശത്തെ വനവിഭവങ്ങള്‍ ശേഖരിക്കാമെന്നും അനുശാസിച്ചെങ്കിലും അവര്‍ക്ക് ലഭിച്ചത് കുടികിടപ്പവകാശം മാത്രമാണ്. മറിച്ച് ആ ഭൂമിയും കയ്യേറ്റക്കാര്‍ കൈവശമാക്കി. ഇടുക്കി ജില്ലയിലെ ചിന്നക്കനാല്‍, മാങ്കുളം, മറയൂര്‍, കുണ്ടള, പൂപ്പാറ എന്നിവിടങ്ങളിലെല്ലാം റിസോര്‍ട്ട് മാഫിയ പിടിമുറുക്കി. ആദിവാസി പ്രശ്‌നങ്ങള്‍ മാധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയമാകുന്നുണ്ടെങ്കിലും മാറിമാറി വരുന്ന സര്‍ക്കാരുകള്‍ ഇച്ഛാശക്തിയോടെ നടപടി എടുക്കാത്തതിനാല്‍ അവര്‍ ഇന്നും വഴിയാധാരമാകുന്നു. കേരളത്തില്‍ ഭൂമാഫിയ ശക്തമാണെന്നു മാത്രമല്ല, അവര്‍ക്ക് സര്‍ക്കാരിനെപ്പോലും നിയന്ത്രിക്കാന്‍ കെല്‍പ്പുണ്ട്. ആദിവാസികളെ മനുഷ്യരായിപ്പോലും കാണാന്‍ പാവങ്ങള്‍ക്കുവേണ്ടി ചുവന്നകൊടി പറത്തി ജാഥനയിക്കുന്ന പാര്‍ട്ടിക്ക് സാധിക്കുന്നില്ല എന്നത് ഖേദകരമാണ്. അവര്‍ ഇന്നും ഗുഹകളിലും കുടിലിലും താമസിക്കുന്നു എന്നു മാത്രമല്ല, കുടിയേറ്റക്കാരുടെ വാഗ്ദാനം വിശ്വസിക്കുന്ന പെണ്‍കുട്ടികള്‍ പീഡിതരായി ഉപേക്ഷിക്കപ്പെടുകയും ചെയ്യുന്നു. ആദിവാസികളുടെ ഇടയില്‍ അവിവാഹിതരായ അമ്മമാരുടെ എണ്ണവും വര്‍ധിക്കുകയാണ്. നഗരത്തിലെ പെണ്‍കുട്ടികള്‍ പോലും കാമഭ്രാന്തന്മാരുടെ ഇരകളാകുമ്പോള്‍ നിസ്സഹായരായ ആദിവാസി പെണ്‍കുട്ടികളുടെ കാര്യം പറയേണ്ടതില്ലല്ലോ. നടപ്പാക്കാത്ത നാലു പദ്ധതികള്‍ക്കുവേണ്ടി കെഎസ്ഇബി 7460.91 ഏക്കര്‍ ഭൂമി 43 വര്‍ഷം കൈവശം വച്ചിരുന്നുവെന്ന് ഓര്‍ക്കുക.തലചായ്ക്കാനിടം വേണമെന്ന ആവശ്യം മാത്രമാണ് ആദിവാസികള്‍ ഉന്നയിക്കുന്നത്. ഒരു സെന്റ് ഭൂമി പോലും സ്വന്തമായിട്ടില്ലാത്തവരും മനുഷ്യരാണെന്നും അവര്‍ക്കും ഭാരത പൗരന്മാരെന്ന നിലയില്‍ ജീവിക്കാന്‍ അവകാശമുണ്ടെന്നും എന്നാണ് സര്‍ക്കാര്‍ തിരിച്ചറിയുക?

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.