നല്ലപിള്ള

Saturday 8 October 2011 9:46 pm IST

മുന്‍ ജയില്‍ മന്ത്രിയായിരുന്നിട്ടും ഒരു ഫോണ്‍ വിളിയുടെ പേരില്‍ നാലുദിവസം കൂടുതല്‍ തടവില്‍ കിടക്കുക, ജയിലില്‍ കൂടുതല്‍ സൗകര്യങ്ങള്‍ നല്‍കുന്നുവെന്ന ആക്ഷേപവുമായി പ്രതിപക്ഷം സുപ്രീംകോടതിയെ സമീപിക്കാന്‍ തയ്യാറാവുക, തടവിലായിരുന്നിട്ടും തന്റെ സ്കൂളിലെ അധ്യാപകനെ ആക്രമിക്കാന്‍ ശ്രമിച്ചുവെന്ന പേരുദോഷം കേള്‍ക്കുക, ഈ പരാമര്‍ശങ്ങളെല്ലാം നേരിടേണ്ടിവരുന്നത്‌ ആര്‍.ബാലകൃഷ്ണപിള്ളയെന്ന മുന്‍മന്ത്രിക്കാണ്‌.
കീഴൂട്ട്‌ രാമന്‍പിള്ളയുടെ ഒരേയൊരു ആണ്‍തരിയായി 1935 മാര്‍ച്ച്‌ 8 നാണ്‌ പിള്ള ജനിച്ചത്‌. ബിഎക്കുശേഷം നിയമബിരുദമെടുത്ത്‌ പാണ്ഡിത്യം നേടി. കേരളാപ്രദേശ്‌ കോണ്‍ഗ്രസ്‌ കമ്മറ്റി അംഗം, എഐസിസി അംഗം, കൊല്ലം ജില്ലാ ഐഎന്‍ടിയുസി പ്രസിഡന്റ്‌ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 1960ല്‍ 25-ാ‍മത്തെ വയസ്സില്‍ പത്തനാപുരം നിയോജകമണ്ഡലത്തില്‍നിന്ന്‌ കോണ്‍ഗ്രസ്‌ ടിക്കറ്റില്‍ നിയമസഭയിലേക്ക്‌ തെരഞ്ഞെടുക്കപ്പെടുമ്പോള്‍ അദ്ദേഹം ഏറ്റവും പ്രായംകുറഞ്ഞ സാമാജികനായിരുന്നു. 1964-ല്‍ കെ.എം.ജോര്‍ജിന്റെയും ബാലകൃഷ്ണപിള്ളയുടെയും നേതൃത്വത്തില്‍ 15 എംഎല്‍എമാര്‍ കോണ്‍ഗ്രസ്‌ വിട്ട്‌ പ്രാദേശിക കക്ഷിയായ കേരളാ കോണ്‍ഗ്രസിന്‌ രൂപം നല്‍കി. 1965-ല്‍ തന്റെ തട്ടകമായ കൊട്ടാരക്കര നിയോജകമണ്ഡലത്തില്‍നിന്ന്‌ പിള്ള വിജയിച്ചുവെങ്കിലും 1967ലും 1970ലും നടന്ന തെരഞ്ഞെടുപ്പുകളില്‍ പരാജിതനായി. 1971-ല്‍ മാവേലിക്കര ലോക്സഭാ മണ്ഡലത്തില്‍നിന്ന്‌ സിപിഐ എമ്മിലെ എസ്‌.രാമചന്ദ്രന്‍പിള്ളയെ തോല്‍പ്പിച്ച്‌ വിജയം കൈവരിച്ചു. 1977 വരെ പാര്‍ലമെന്റ്‌ അംഗമായും പിള്ള തുടര്‍ന്നു. പിന്നീട്‌ കേരള രാഷ്ട്രീയത്തിലേക്ക്‌ മടങ്ങിയെത്തിയ അദ്ദേഹം 1977, 1980, 1982, 1987, 1991, 1996, 2001 എന്നീ തെരഞ്ഞെടുപ്പുകളില്‍ വിജയിച്ച്‌ കേരള നിയമസഭയില്‍ കൊട്ടാരക്കരയുടെ പ്രതിനിധിയായി. 2006 ലെ തെരഞ്ഞെടുപ്പില്‍ പിള്ള പരാജയത്തിന്റെ രുചിയറിഞ്ഞു. 1980-ലെ തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്‌ ലഭിച്ച 37,000 വോട്ടുകളുടെ ഭൂരിപക്ഷം കാല്‍നൂറ്റാണ്ട്‌ കാലത്തേക്ക്‌ തകര്‍ക്കാന്‍ കഴിയാത്ത ഒരു റെക്കോഡായിരുന്നു. ഐക്യജനാധിപത്യമുന്നണിയുടെ സ്ഥാപകാംഗമായിരുന്ന പിള്ള 1975 മുതല്‍ മുഖ്യമന്ത്രിമാരായ സി.അച്യുതമേനോന്‍, കെ.കരുണാകരന്‍, ഇ.കെ.നായനാര്‍, എ.കെ.ആന്റണി എന്നിവരുടെ മന്ത്രിസഭകളില്‍ അംഗമായി. ഗതാഗതം, വൈദ്യുതി, റെയില്‍വേ മുതലായ വകുപ്പുകള്‍ കൈകാര്യം ചെയ്തു. വൈദ്യുതി മന്ത്രിയായിരുന്നപ്പോള്‍ ജീവനക്കാരുടെ സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ച്‌ കുപ്രസിദ്ധി നേടിയിട്ടുണ്ട്‌.
പിള്ളയുടെ രാഷ്ട്രീയ ജീവിതത്തിന്റെ അവിഭാജ്യ ഘടകങ്ങളാണ്‌ ആരോപണങ്ങളെന്ന്‌ കാണാം. ഇവയുടെ പരാമര്‍ശം അദ്ദേഹത്തിന്റെ വ്യക്തിത്വത്തിലേക്ക്‌ അനായാസേന കടന്നുചെല്ലാന്‍ വായനക്കാരനെ സഹായിക്കുന്നു. 1984 ഒക്ടോബര്‍ മുതല്‍ 1985 മെയ്‌ വരെ പിള്ള വൈദ്യുതി മന്ത്രിയായിരിക്കുമ്പോള്‍ ഇലക്ട്രിസിറ്റി ബോര്‍ഡ്‌ യൂണിറ്റിന്‌ 42 പൈസ എന്ന വളരെ കുറഞ്ഞ നിരക്കില്‍ 1, 22,41,440 യൂണിറ്റ്‌ വൈദ്യുതി കര്‍ണാടകത്തിലെ ഗ്രാഫൈറ്റ്‌ ഇന്‍ഡസ്‌ ട്രീസിന്‌ നല്‍കിയെന്നും അതുമൂലം 19.58 കോടി രൂപ ബോര്‍ഡിന്‌ നഷ്ടമുണ്ടായിയെന്നുമാണ്‌ ആരോപണം. വിചാരണക്കോടതി ഈ കേസില്‍ ബാലകൃഷ്ണപിള്ളയേയും കെഎസ്‌ഇബി ചെയര്‍മാന്‍ കേശവപിള്ളയേയും ഒരുകൊല്ലം തടവും 10,000 രൂപവീതം പിഴയും വിധിച്ചിരുന്നു. ഇതിനെതിരെ സമര്‍പ്പിച്ച ഹര്‍ജി കീഴ്ക്കോടതി വിധി സ്ഥിരപ്പെടുത്തിക്കൊണ്ട്‌ കേരളാ ഹൈക്കോടതി തള്ളി. കേരള സര്‍ക്കാര്‍ കര്‍ണാടക, തമിഴ്‌നാട്‌, പോണ്ടിച്ചേരി എന്നീ സംസ്ഥാനങ്ങള്‍ക്ക്‌ സാധാരണ വൈദ്യുതി വില്‍ക്കാറുണ്ട്‌. കേരള സര്‍ക്കാര്‍ നല്‍കിയ വൈദ്യുതി കര്‍ണാടക സര്‍ക്കാരും ഗ്രാഫൈറ്റ്‌ കമ്പനിയുമായുള്ള ഉടമ്പടി പ്രകാരം അവര്‍ക്ക്‌ ലഭിച്ചു. ഈ കേസില്‍ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കപ്പെട്ടു. പ്രധാനപ്പെട്ട മൂന്ന്‌ കാര്യങ്ങളാണ്‌ സുപ്രീംകോടതി തിരക്കിയത്‌. പവര്‍കട്ട്‌ ഉണ്ടായിരുന്നപ്പോള്‍ വൈദ്യുതി നല്‍കിയോ, ഈ ഇടപാടില്‍ ബാക്കി തുക വല്ലതും ലഭിക്കേണ്ടതുണ്ടോ, ഗ്രാഫൈറ്റ്‌ കമ്പനിയും കര്‍ണാടക സര്‍ക്കാരും തമ്മിലുള്ള ഉടമ്പടിയില്‍ കേരള മന്ത്രിക്ക്‌ പങ്കുണ്ടോ, ഈ മൂന്ന്‌ ചോദ്യങ്ങള്‍ക്കും 'ഇല്ല' എന്ന ഉത്തരം ലഭിച്ചതിനെത്തുടര്‍ന്ന്‌ 2003 ഫെബ്രുവരി 28ന്‌ സുപ്രീംകോടതി ബാലകൃഷ്ണപിള്ളയേയും കേശവപിള്ളയേയും കുറ്റവിമുക്തരാക്കി.
റെയില്‍വേ പാലക്കാട്‌ സ്ഥാപിക്കാന്‍ ഉദ്ദേശിച്ചിരുന്ന കോച്ച്‌ ഫാക്ടറി കപൂര്‍ത്തലയിലേക്ക്‌ മാറ്റി. ഇതിനെതിരെ 1985 മെയ്‌ 25 ന്‌ ഒരു പൊതുസമ്മേളനത്തില്‍ പിള്ള വികാരാധീനനായി 'കേരളം പഞ്ചാബിനെപ്പോലെയാകണോ' എന്ന്‌ ചോദിച്ചത്‌ വിവാദമായി. അന്നത്തെ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രസിഡന്റും ഒരു മലയാള ദിനപത്രവും പ്രശ്നം ഏറ്റെടുത്തതോടെ ബാലകൃഷ്ണപിള്ളക്ക്‌ അധികാരം ഒഴിയേണ്ടിവന്നു. കുപ്രസിദ്ധമായ ഈ 'പഞ്ചാബ്‌ മോഡല്‍' പ്രസംഗത്തിന്‌ സുപ്രീംകോടതി പിള്ളയെ കുറ്റവിമുക്തനാക്കി.
1980-87 ല്‍ യുഡിഎഫ്‌ സര്‍ക്കാരില്‍ വൈദ്യുതി മന്ത്രിയായിരുന്നപ്പോള്‍ ഇടമലയാര്‍ ജലവൈദ്യുത പദ്ധതിയുടെ ടണല്‍ നിര്‍മാണത്തിനും സര്‍ജ്‌ ഷാഫ്റ്റ്‌ നിര്‍മാണത്തിനും കെ.പി.പൗലോസിന്‌ വന്‍ തുകക്ക്‌ കരാര്‍ നല്‍കിയെന്നും രണ്ട്‌ കോടി രൂപ ബോര്‍ഡിന്‌ നഷ്ടംവരുത്തിയെന്നുമുള്ള കേസില്‍ പിള്ളയേയും മറ്റ്‌ രണ്ടുപേരെയും കേരളാ ഹൈക്കോടതി വെറുതെ വിട്ടിരുന്നു. ഇതിനെതിരെ പ്രതിപക്ഷനേതാവ്‌ വി.എസ്‌.അച്യുതാനന്ദന്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. സുപ്രീംകോടതി കെഎസ്‌ഇബി ചെയര്‍മാന്‍ രാമഭദ്രന്‍ നായര്‍ക്കും പിള്ളയുടെ സുഹൃത്തും കേരളാ കോണ്‍ഗ്രസുകാരനുമായ പി.കെ.സജീവനും ബാലകൃഷ്ണപിള്ളക്കും ഒരുകൊല്ലം തടവും 10,000 രൂപ വീതം പിഴയും വിധിച്ചു. ഈ കേസില്‍ പിള്ള ഇപ്പോള്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ്‌.
ഇതിനിടെ പിള്ളയുടെ ഉടമസ്ഥതയിലുള്ള വാളകം രാമവിലാസം വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കൂളിലെ കൃഷ്ണകുമാറിനെ അക്രമികള്‍ പരിക്കേല്‍പ്പിച്ചു. ഇതിനെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന്‌ പിള്ള മൊബെയിലിലൂടെ മറുപടി നല്‍കിയത്‌ തടവുകാരന്‌ ഫോണ്‍ ഉപയോഗിക്കാന്‍ അര്‍ഹതയില്ലെന്ന കാരണത്താല്‍ വിവാദമായി. പിള്ളക്ക്‌ ഇതിനുള്ള ശിക്ഷയായി നാല്‌ ദിവസം കൂടുതല്‍ തടവ്‌ ലഭിക്കും. തടവുകാരനായ പിള്ളക്ക്‌ അധികസൗകര്യങ്ങള്‍ ലഭിക്കുന്നുവെന്ന പരാതിയുമായി പ്രതിപക്ഷം സുപ്രീംകോടതിയെ സമീപിച്ചേക്കും.
എന്നും വിവാദങ്ങളുടെ ചങ്ങാതിയായിരുന്നു പിള്ള. പ്രാദേശിക പോലീസുകാര്‍ക്കെതിരെ കയ്യാങ്കളി നടത്തിയതും കെഎസ്‌ആര്‍ടിസി ബസ്‌ ഉദ്ഘാടനത്തിന്‌ ഓടിച്ചതും ആരോപണങ്ങളായി മാറിയിട്ടുണ്ട്‌. ഒരു മന്ത്രിയെന്ന നിലയില്‍ ചുരുങ്ങിയ കാലംകൊണ്ട്‌ തന്റെ മകന്‍ ഗണേഷിന്‌ അവകാശപ്പെടാവുന്ന നേട്ടങ്ങള്‍പോലും ദീര്‍ഘകാലം മന്ത്രിയായിരുന്ന പിള്ള അര്‍ഹിക്കുന്നില്ല. തന്റെ സ്വാധീനം പ്രാദേശികമായി മാത്രം വ്യാപിപ്പിക്കുന്നതിലാണ്‌ പിള്ള എക്കാലവും താല്‍പ്പര്യം കാട്ടിയിരുന്നത്‌. വൈദ്യുതി മന്ത്രിയെന്ന നിലയില്‍ ജീവനക്കാരുടെ അടങ്ങാത്ത പകയ്ക്ക്‌ അദ്ദേഹം പാത്രീഭൂതനായി. ഇടമലയാര്‍ പദ്ധതി യാഥാര്‍ത്ഥ്യമാക്കിയതിലും തിരുവനന്തപുരം പാപ്പനംകോട്ടെ എഞ്ചിനീയറിംഗ്‌ കോളേജ്‌ വികസിപ്പിച്ചതിലും അദ്ദേഹം മുഖ്യപങ്ക്‌ വഹിച്ചു. ആരുടെ മുമ്പിലും തല കുനിക്കാത്ത പ്രകൃതം ബാലകൃഷ്ണപിള്ളക്ക്‌ അനേകം ശത്രുക്കളെ സമ്പാദിച്ചിട്ടുണ്ട്‌. രാഷ്ട്രീയത്തിലും വ്യക്തിജീവിതത്തിലും മിത്രങ്ങളെന്ന്‌ കരുതിയവര്‍ പലപ്പോഴും അദ്ദേഹത്തെ അവശ്യഘട്ടങ്ങളില്‍ തള്ളിപ്പറഞ്ഞു. ഒരു മാടമ്പിയുടെ മനസ്സോടെ കൊട്ടാരക്കരയിലെ തന്റെ പ്രജകളെ ഓര്‍ക്കാന്‍ ജയിലഴികള്‍ക്കുള്ളിലും പിള്ള സമയം കണ്ടെത്തുന്നുണ്ടാവും.
മാടപ്പാടന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.