ഗീത വിശുദ്ധഗ്രന്ഥം

Friday 17 October 2014 7:25 pm IST

ഒരു മഹാത്മാവിന്റെ യഥാര്‍ത്ഥസ്വഭാവത്തിനു ചുറ്റും സാങ്കല്‍പ്പികവും അസ്വാഭാവികവുമായ എല്ലാതരം ഗുണവിശേഷങ്ങളും കെട്ടിപ്പടുക്കുകയെന്നതു മനുഷ്യസ്വഭാവമാണ്. കൃഷ്ണനെ സംബന്ധിച്ചും ഇപ്രകാരം സംഭവിച്ചിരിക്കണം. എന്നാല്‍ അവിടുന്ന് ഒരു രാജാവായിരുന്നു എന്നുള്ളതു തികച്ചും സംഭാവ്യമാണ്. തികച്ചും സംഭാവ്യമെന്നു ഞാന്‍ പറയുന്നത്, പുരാതനകാലങ്ങളില്‍ നമ്മുടെ രാജ്യത്തു പ്രധാനമായും രാജാക്കന്മാരാണ് ബ്രഹ്മജ്ഞാനപ്രചാരണത്തില്‍ പ്രയത്‌നിച്ചിരുന്നത് എന്നുള്ളതുകൊണ്ടാണ്. ഈ സന്ദര്‍ഭത്തില്‍ വിശേഷിച്ചും ശ്രദ്ധാര്‍ഹമായ മറ്റൊരു വസ്തുത, ഗീതാകാരന്‍ ആരായാലും, മഹാഭാരതത്തിലാകമാനം കാണുന്ന അതേ ഉപദേശതത്ത്വങ്ങളാണ് ഗീതയിലും കാണുന്നതെന്നുള്ളതത്രേ. മഹാഭാരതത്തിന്റെ കാലത്ത് ഏതോ ഒരു മഹാത്മാവ് ആവിര്‍ഭവിച്ച് അന്നത്തെ ജനസമുദായത്തിനു ബ്രഹ്മജ്ഞാനത്തെ ഈ നൂതനരൂപത്തില്‍ ഉപദേശിച്ചു എന്നുളളിടത്തോളം ഇതില്‍നിന്നു നമുക്കൂഹിക്കാം. മറ്റൊരു വസ്തുതകൂടി നമ്മുടെ ശ്രദ്ധയ്ക്കു വിഷയമാകുന്നു. അതായത്, പണ്ടുകാലങ്ങളില്‍ മതസമ്പ്രദായങ്ങള്‍ ഒന്നിനൊന്ന് ഉദയം ചെയ്തപ്പോള്‍, ഓരോന്നിനോടുമൊപ്പം ഓരോ പുതിയ മതഗ്രന്ഥവും ഉണ്ടായി പ്രചരിച്ചു. കാലാന്തരത്തില്‍ മതസമ്പ്രദായവും അതിന്റെ ഗ്രന്ഥവും ഒപ്പം നശിക്കുകയോ അല്ലെങ്കില്‍ സമ്പ്രദായം നശിച്ചിട്ടു ഗ്രന്ഥം മാത്രം ശേഷിക്കുകയോ ചെയ്തു. ഈ മട്ടില്‍ ഗീത ഇത്തരമൊരു മതശാഖക്കാരുടെ മതഗ്രന്ഥമായിരിക്കാന്‍ തികച്ചും സംഭാവ്യതയുണ്ട്. ആ ശാഖക്കാര്‍ അവരുടെ ഉന്നതവും ഉത്കൃഷ്ടവുമായ ആശയങ്ങള്‍ ഈ വിശുദ്ധഗ്രന്ഥത്തില്‍ ഉള്‍ക്കൊള്ളിച്ചതാവാം.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.