രായിരനല്ലൂര്‍ മലകയറ്റം ഇന്ന്

Friday 17 October 2014 7:54 pm IST

പട്ടാമ്പി: ചരിത്രപ്രസിദ്ധമായ രായിരനല്ലൂര്‍ മലകയറ്റം ഇന്ന് നടക്കും. പന്തിരുകുലത്തിലെ പ്രധാനി നാറാണത്തുഭ്രാന്തന് ദേവീദര്‍ശനം ലഭിച്ചുവെന്ന ഐതിഹ്യത്തിലാണ് എല്ലാവര്‍ഷവും തുലാം ഒന്നിന് രായിരനെല്ലൂര്‍ മലകയറ്റം നടക്കുന്നത്. മലക്ക് മുകളിലെ ക്ഷേത്രത്തിലും ഇതോടനുബന്ധിച്ച് വിശേഷാല്‍ പൂജകള്‍ നടക്കും. ഇതിന് മുന്നോടിയായി ക്ഷേത്രത്തില്‍ 15 മുതല്‍ ലക്ഷാര്‍ച്ചനയും വേദജപവും ആരംഭിച്ചിരുന്നു. മലയില്‍ ഭട്ടതിരിമാര്‍ ലക്ഷാര്‍ച്ചനക്കും വേദജപത്തിന് ചെറുമുക്ക് വൈദികന്‍ വല്ലഭന്‍ അക്കിത്തിരിപ്പാടും നേതൃത്വം നല്‍കും. പട്ടാമ്പിക്കടുത്ത് കൊപ്പം വളാഞ്ചേരി പാതയില്‍ നടുവട്ടത്തിന് സമീപമാണ് ചരിത്രപ്രസിദ്ധമായ രായിരനെല്ലൂര്‍ മല. രണരാഘവനെല്ലൂര്‍ എന്ന പേര് ലോപിച്ചാണ് രായിരനെല്ലൂര്‍ ആയതെന്ന് വിശ്വാസം. പന്തിരുകുല പരമ്പരയിലെ അംഗമായിരുന്ന നാറാണത്ത് ഭ്രാന്തന്‍ തന്റെ പുകയുന്ന മനസ്സുമായി അലഞ്ഞിരുന്ന സമയത്ത് പിടികിട്ടാത്ത സമസ്യകളുടെ ഉന്മാദാവസ്ഥയില്‍ വന്യമായ കരുത്തോടെ മലയുടെ മുകളിലേക്ക് കല്ലുരുട്ടികയറ്റുകയും അത് താഴേക്ക് തള്ളിയിട്ട് അട്ടഹസിച്ചു ചിരിക്കുകയും ചെയ്തിരുന്നുവെന്നാണ് ഐതിഹ്യം. മലമുകളില്‍ വെച്ച് ഭ്രാന്തന് ദേവിയുടെ ദര്‍ശനമുണ്ടായി എന്നും അത് തുലാമാസം ഒന്നാം തിയ്യതി ആയിരുന്നുവെന്നുമാണ് വിശ്വാസം. ആ സ്മരണകള്‍ നെഞ്ചേറ്റിയാണ് കേരളത്തിനത്തും പുറത്തുനിന്നുമായി വിശ്വാസിസഹസ്രങ്ങള്‍ രായിരനെല്ലൂര്‍ മലയുടെ മുകളിലെത്തി, കുന്നിനുമുകളിലുള്ള നാറാണത്ത് ഭ്രാന്തന്റെ പ്രതിമയേയും സമീപമുള്ള ദേവീക്ഷേത്രവും ദര്‍ശിച്ചു മടങ്ങുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.