ആര്‍എസ്എസ്സിന്റെ അംഗബലമേറുന്നു

Saturday 18 October 2014 7:28 am IST

ലഖ്‌നൗ: അംഗബലത്തില്‍ ആര്‍എസ്എസ്സിന് പ്രതിവര്‍ഷം 20 ശതമാനം വളര്‍ച്ച ഉണ്ടാവുന്നുണ്ടെന്ന് സഹ സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബൊളെ അറിയിച്ചു. ഇന്നലെ ആരംഭിച്ച ദേശീയ നിര്‍വാഹക സമിതിയോഗ വിവരങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവെക്കുകയായിരുന്നു അദ്ദേഹം. ഈവര്‍ഷം നടന്ന പ്രാഥമിക സംഘശിക്ഷാ വര്‍ഗ്ഗുകളില്‍ രാജ്യത്തൊട്ടാകെയായി ഒന്നേകാല്‍ ലക്ഷം സ്വയംസേവകര്‍ പങ്കെടുത്തെന്നും അദ്ദേഹം പറഞ്ഞു. രാജ്യമെമ്പാടും നടക്കുന്ന ദുരിതാശ്വാസ-സേവന പ്രവര്‍ത്തനങ്ങളില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വ്യാപകമായി പങ്കുചേരുന്നുണ്ടെന്നു പറഞ്ഞ അദ്ദേഹം ജമ്മു കശ്മീര്‍, മേഘാലയ, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ സേവനങ്ങളില്‍ സ്വയംസേവകര്‍ മുന്‍നിരയിലുണ്ടായിരുന്നുവെന്നും ചൂണ്ടിക്കാട്ടി. മൂന്നു ദിവസത്തെ ബൈഠക്കില്‍ രാജ്യത്തെ വിവിധ വിഷയങ്ങള്‍ ചര്‍ച്ചയ്ക്കുവരുമെന്നും അദ്ദേഹം പറഞ്ഞു. അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുകയെന്നത് രാഷ്ട്രത്തിന്റെ കാര്യപരിപാടിയാണെന്ന് ചോദ്യത്തിനു മറുപടിയായി ദത്താത്രേയ വ്യക്തമാക്കി. അത് ദേശീയതാത്പര്യമാണ്. ഞങ്ങള്‍ വിഎച്ച്പിയേയും മതസംഘടനകളേയും ഈ വിഷയത്തില്‍ പിന്തുണയ്ക്കുന്നുണ്ട്. സര്‍ക്കാരിന് അവരുടേതായ മുന്‍ഗണനകളുണ്ട്. അവര്‍ അതനുസരിച്ചു പ്രവര്‍ത്തിക്കുന്നു. ക്ഷേത്ര നിര്‍മ്മാണത്തിന് അവര്‍ക്ക് 2019 വരെ സമയമുണ്ട്, രാമക്ഷേത്ര നിര്‍മ്മാണം അവരുടെ പ്രകടന പത്രികയുടെ ഭാഗമാണ്, അദ്ദേഹം വ്യക്തമാക്കി. അല്‍ഖ്വയ്ദ-ഐഎസ് ഭീഷണിയുള്‍പ്പെടെ ദേശീയ സുരക്ഷാകാര്യങ്ങള്‍ യോഗം ചര്‍ച്ചചെയ്യുമെന്നു പറഞ്ഞ സഹ സര്‍കാര്യവാഹ്, അടുത്തുമാത്രം രൂപംകൊണ്ട പുതിയ കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തനം വിലയിരുത്താന്‍ സമയം നല്‍കേണ്ടതുണ്ടെന്ന് പറഞ്ഞു; സാമ്പത്തിക-രാഷ്ട്രീയ പ്രമേയങ്ങള്‍ യോഗത്തിലുണ്ടാവുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. സംഘാംഗമാകാന്‍ ആര്‍എസ്എസ് വെബ്‌സൈറ്റിലൂടെ അഭിരുചി പ്രകടിപ്പിക്കുന്നവരുടെ എണ്ണം മാസത്തില്‍ 1000 ആയിരുന്നത് 7,000 ആയി വര്‍ധിച്ചുവെന്ന് അഖില ഭാരതീയ പ്രചാര്‍പ്രമുഖ് ഡോ. മന്‍മോഹന്‍ വൈദ്യ അറിയിച്ചു. 2012 വരെ പ്രതിമാസം 1000 പേരാണ് സംഘത്തില്‍ അംഗമാകാന്‍ താത്പര്യം കാണിച്ചിരുന്നത്. 2013-ല്‍ അത് 2,500 ആയി. ഇപ്പോള്‍ മാസം 7,000 പേര്‍ എന്ന കണക്കിലേക്ക് ഉയര്‍ന്നു. ഈ വര്‍ഷം നടന്ന ഏഴുദിവസത്തെ പ്രാഥമിക സംഘശിക്ഷാ വര്‍ഗ്ഗില്‍ 13-നും 40-നും ഇടയില്‍ പ്രായമുള്ള 1.2 ലക്ഷം പേര്‍ പരിശീലനം നേടി, കഴിഞ്ഞവര്‍ഷം ഇത് 80,000 ആയിരുന്നു, ഡോ. വൈദ്യ കൂട്ടിച്ചേര്‍ത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.