ഇന്ത്യക്ക് 59 റണ്‍സ് വിജയം

Saturday 18 October 2014 8:08 am IST

ധര്‍മ്മശാല: വെസ്റ്റിന്‍ഡീസിനെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യക്ക് മികച്ച വിജയം. 59 റണ്‍സിനാണ് ടീം ഇന്ത്യ കരീബിയന്‍ പടയെ കീഴടക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 330 റണ്‍സ് അടിച്ചുകൂട്ടിയതോടെ 331 റണ്‍സായിരുന്നു വിന്‍ഡീസിന് ജയിക്കാന്‍ വേണ്ടത്. 48.1 ഓവറില്‍ 271 റണ്‍സിന് വിന്‍ഡീസിനെ ഓള്‍ ഔട്ടാക്കിയാണ് ധോണിപ്പട വിജയം പിടിച്ചെടുത്തത്. 106 പന്തില്‍ നിന്ന് 112 റണ്‍സുമായി മര്‍ലോണ്‍ സാമുവല്‍സ് പൊരുതിനോക്കിയെങ്കിലും ടീമിനെ വിജയത്തിലേക്ക് നയിക്കാന്‍ കഴിഞ്ഞില്ല. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വിരാട് കോഹ്‌ലിയുടെ (127) സെഞ്ചുറിയുടെയും 71 റണ്‍സെടുത്ത സുരേഷ് റെയ്‌നയുടെയും 68 റണ്‍സെടുത്ത അജിന്‍ക്യ രഹാനെയും 35 റണ്‍സെടുത്ത ശിഖര്‍ ധവാന്റെയും കരുത്തിലാണ് 330 റണ്‍സ് എന്ന കൂറ്റന്‍ സ്‌കോര്‍ അടിച്ചുകൂട്ടിയത്. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനയക്കപ്പെട്ട ഇന്ത്യക്ക് മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ അജിന്‍ക്യ രഹാനെയും ശിഖര്‍ ധവാനും ചേര്‍ന്ന് സമ്മാനിച്ചത്. ഒന്നാം വിക്കറ്റില്‍ 70 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചുകൂട്ടിയത്. ഒടുവില്‍ 35 പന്തില്‍ നിന്ന് 6 ഫോറും ഒരു സിക്‌സറുമടക്കം 35 റണ്‍സെടുത്ത ശിഖര്‍ ധവാനെ റസ്സലിന്റെ പന്തില്‍ ഡാരന്‍ ബ്രാവോ പിടികൂടിയതോടെയാണ് ഇന്ത്യയുടെ ആദ്യ വിക്കറ്റ് വീണത്. തുടര്‍ന്നെത്തിയ കോഹ്‌ലി തുടക്കം മുതലേ മികച്ച ഫോമിലേക്കുയര്‍ന്നു. രഹാനെയും കോഹ്‌ലിയും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 72 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇതിനിടെ രഹാനെ അര്‍ദ്ധസെഞ്ച്വറി പൂര്‍ത്തിയാക്കി. 61 പന്തില്‍ നിന്ന് ആറ് ഫോറുകളുടെ അകമ്പടിയോടെയാണ് രഹാനെ 50 തികച്ചത്. പിന്നീട് സ്‌കോര്‍ 142-ല്‍ എത്തിയപ്പോള്‍ 79 പന്തില്‍ നിന്ന് 68 റണ്‍സെടുത്ത രഹാനെയെ ബെന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കിയപ്പോള്‍ രണ്ടാം വിക്കറ്റു ആതിഥേയര്‍ക്ക് നഷ്ടമായി. തുടര്‍ന്നെത്തിയ റെയ്‌നയും മികച്ച ബാറ്റിംഗ് കാഴ്ചവെച്ചു. കോഹ്‌ലിയും റെയ്‌നയും ഒത്തുചേര്‍ന്നതോടെ ഇന്ത്യയുടെ സ്‌കോറിംഗിനും വേഗം കൂടി. മൂന്നാം വിക്കറ്റില്‍ 138 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചുകൂട്ടിയത്. ഇതിനിടെ കോഹ്‌ലിയും റെയ്‌നയും അര്‍ദ്ധസെഞ്ച്വറിയും മറികടന്നു. കോഹ്‌ലി 65 പന്തില്‍ നിന്നും റെയ്‌ന 46 പന്തില്‍ നിന്നുമാണ് 50ലെത്തിയത്. 37.1 ഓവറില്‍ ഇന്ത്യന്‍ സ്‌കോര്‍ 200ഉം കടന്നു. ഒടുവില്‍ 44.4 ഓവറില്‍ സ്‌കോര്‍ 280-ല്‍ എത്തിയശേഷമാണ് ഈ കൂട്ടുകെട്ട് പിരിക്കാന്‍ വിന്‍ഡീസിന് കഴിഞ്ഞത്. 58 പന്തില്‍ നിന്ന് മൂന്ന് ഫോറും അഞ്ച് സിക്‌സറുമടക്കം 71 റണ്‍സെടുത്ത റെയ്‌നയെ ടെയ്‌ലറുടെ പന്തില്‍ രാംദിന്‍ പിടികൂടി. റെയ്‌ന പുറത്തായശേഷം ക്രീസിലെത്തിയ ക്യാപ്റ്റന്‍ ധോണി (6), രവീന്ദ്ര ജഡേജ (2) എന്നിവര്‍ക്ക് മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞില്ല. ഇതിനിടെ ഇന്ത്യന്‍ സ്‌കോര്‍ 286 റണ്‍സിലെത്തിയപ്പോള്‍ വിരാട് കോഹ്‌ലി സെഞ്ച്വറി പൂര്‍ത്തിയാക്കി. 101 പന്തില്‍ നിന്ന് 12 ഫോറും ഒരു സിക്‌സറുമടക്കമാണ് കോഹ്‌ലി മൂന്നക്കം കടന്നത്. കരിയറിലെ 20-ാം സെഞ്ച്വറിയാണ് കോഹ്‌ലി നേടിയത്. ഒടുവില്‍ ഇന്ത്യന്‍ ഇന്നിംഗ്‌സിലെ അവസാന പന്തില്‍ കോഹ്‌ലി റണ്ണൗട്ടായി മടങ്ങി. 114 പന്തില്‍ നിന്ന് 13 ഫോറും മൂന്ന് സിക്‌സറുമടക്കം 127 റണ്‍സെടുത്താണ് കോഹ്‌ലി റണ്ണൗട്ടായത്. 7 പന്തില്‍ നിന്ന് 12 റണ്‍സെടുത്ത അമ്പാട്ടി റായിഡു പുറത്താകാതെ നിന്നു. വിന്‍ഡീസിന് വേണ്ടി ടെയ്‌ലര്‍, ഹോള്‍ഡര്‍, റസ്സല്‍, ബെന്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി. 331 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന് മറുപടി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസിന് തുടക്കത്തിലേ തിരിച്ചടിയേറ്റു. സ്‌കോര്‍ബോര്‍ഡില്‍ വെറും ഒരു റണ്‍സ് മാത്രമുള്ളപ്പോള്‍ സന്ദര്‍ശകര്‍ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. 11 പന്തുകള്‍ നേരിട്ട് റണ്ണൊന്നുമെടുക്കാതിരുന്ന ഡ്വെയ്ന്‍ സ്മിത്തിനെ ഉമേഷ് യാദവിന്റെ പന്തില്‍ മുഹമ്മദ് ഷാമി മിഡ് ഓണില്‍ പിടികൂടി. പരമ്പര ഉപേക്ഷിക്കാന്‍ തീരുമാനിച്ചതിനാല്‍ വിന്‍ഡീസ് ടീം ആര്‍ക്കോ വേണ്ടി കളിക്കുന്ന രീതിയിലാണ് ബാറ്റ് ചെയ്തത്. ഒരിക്കലും വിജയിക്കാനുള്ള ഒരു ശ്രമവും അവരുടെ ഭാഗത്തുനിന്നുണ്ടായില്ല. സ്‌കോര്‍ 11 ഓവറില്‍ 27 റണ്‍സിലെത്തിയപ്പോള്‍ രണ്ടാം വിക്കറ്റും നഷ്ടമായി. 31 പന്തുകള്‍ നേരിട്ട് ആറ് റണ്‍സ് മാത്രമെടുത്ത കീറണ്‍ പൊള്ളാര്‍ഡിനെ ഭുവനേശ്വര്‍കുമാറിന്റെ പന്തില്‍ സ്ലിപ്പില്‍ ധവാന്‍ പിടികൂടി. ടെസ്റ്റില്‍ ബാറ്റ് ചെയ്യുന്നതിനേക്കാള്‍ മോശമായിരുന്നു വെടിക്കെട്ട് ബാറ്റ്‌സ്മാനായ പൊള്ളാര്‍ഡിന്റെ പ്രകടനം. പിന്നീസ് സ്‌കോര്‍ 83-ല്‍ എത്തിയപ്പോള്‍ 40 റണ്‍സെടുത്ത ഡാരന്‍ ബ്രാവോയെ അക്ഷര്‍ പട്ടേല്‍ ബൗള്‍ഡാക്കി. പിന്നീട് സ്‌കോര്‍ 120-ല്‍ എത്തിയപ്പോള്‍ നാലാം വിക്കറ്റും വിന്‍ഡീസിന് നഷ്ടമായി. 9 റണ്‍സെടുത്ത രാംദിനെ ജഡേജയുടെ പന്തില്‍ അക്ഷര്‍ പട്ടേല്‍ പിടികൂടി. ഒരു പന്തിന്റെ ഇടവേളക്കുശേഷം അഞ്ചാം വിക്കറ്റും അവര്‍ക്ക് നഷ്ടമായി. രണ്ട് പന്ത് നേരിട്ട് റണ്ണൊന്നുമെടുക്കാതിരുന്ന ബ്രാവോയെ ജഡേജ വിക്കറ്റിന് മുന്നില്‍ കുടുക്കി. തുടര്‍ന്നെത്തിയ റസ്സല്‍ വെടിക്കെട്ട് ബാറ്റിംഗാണ് കാഴ്ചവെച്ചത്. എന്നാല്‍ സ്‌കോര്‍ 222-ല്‍ എത്തിയപ്പോള്‍ 23 പന്തില്‍ നിന്ന് 46 റണ്‍സെടുത്ത റസ്സലിനെ ഉമേഷ് യാദവ് ബൗള്‍ഡാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.