അതൊരു കാലം

Tuesday 21 October 2014 7:29 am IST

കല്ലുകൊത്താനുണ്ടോ കല്ല്...ആട്ടുകല്ലു കൊത്താനുണ്ടോ, അമ്മിക്കല്ലു കൊത്താനുണ്ടോ' ഒരുകാലത്ത് കേരളത്തിലെ ഗ്രാമനഗര ഭേദമെന്യേ തമിഴ് കലര്‍ന്ന മലയാളത്തില്‍ രാവിലെ മുതലെന്നോണം കേട്ടിരുന്ന ശബ്ദമാണ്. ഇതു കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ ഒരു ചിത്രം ഉയരും. തലയില്‍ കല്ലുകൊത്താനുള്ള സാമഗ്രികളും ഇടുപ്പില്‍ക്കെട്ടിയിരിക്കുന്ന സാരിയില്‍ കുട്ടിയെയും ചുമന്നുകൊണ്ടുള്ള സ്ത്രീകളുടെ നടപ്പ്. കൂടെ പുരുഷനുമുണ്ടാവും. വായില്‍ വെറ്റിലയുമുണ്ടാകും. എന്നാല്‍ ആ കാലം ഇന്നിനി വരാത്തവണ്ണം മറഞ്ഞുകഴിഞ്ഞു. പുതിയ കണ്ടുപിടുത്തങ്ങളുടെയും സംവിധാനങ്ങളുടെയും വരവോടുകൂടി ഒരുകാലത്ത് നമ്മുടെ നിത്യജീവിതത്തിലെ അവിഭാജ്യ ഘടകങ്ങളായിരുന്ന നിരവധി വസ്തുക്കള്‍ മറഞ്ഞുകൊണ്ടിരിക്കുന്നു. ആധുനികതയുടെ തള്ളിക്കയറ്റത്തില്‍ പലതും മണ്‍മറയുകയാണ്. ഇവയെന്താണെന്ന് ഇന്നത്തെ തലമുറയോട് പറഞ്ഞാല്‍ പോലും അറിയാന്‍ കഴിയില്ല. നാഴി, പറ, ഇടങ്ങഴി, ഓലക്കുട, അമ്മിക്കല്ല്, ആട്ടുകല്ല്, ഉരല്‍, വിശറി, പത്തായം, പരമ്പ്, തേക്കുകൊട്ട, തേവുകൊട്ട, ഉറി, കടകോല്‍, ചിക്കുപായ, ഭസ്മച്ചട്ടി, കരണ്ടി, ചുമടുതാങ്ങി, വൈക്കോല്‍ കൂന, തൊഴുത്ത്, തിരികല്ല്, കിണ്ടി അങ്ങനെ നീളുന്നു പട്ടിക. ഇതുപോലുള്ള നൂറുകണക്കിന് വസ്തുക്കള്‍ ഇന്ന് അന്യം നില്‍ക്കുകയാണ്. ഇവ കാണണമെങ്കില്‍ ഇന്ന് ഏതെങ്കിലും പഴയ മനകളിലൊ തറവാടുകളിലൊ അല്ലെങ്കില്‍ ഇവയെ വില്പനയ്ക്ക് വച്ചിരിക്കുന്ന കടകളിലോ പോകേണ്ട സ്ഥിതിയാണ്. സ്‌കൂളുകളില്‍ പ്രവൃത്തിപരിചയ മേളകളിലോ മറ്റോ കണ്ടേക്കാം. മുന്‍കാലങ്ങളില്‍ യാത്ര കഴിഞ്ഞ് വരുന്ന ആളുകള്‍ക്ക് വീടിനകത്തേക്ക് നേരിട്ട് പ്രവേശിക്കാന്‍ പറ്റില്ല. മറിച്ച് വീടിനുമുന്നില്‍ വച്ചിട്ടുള്ള ഓടുകൊണ്ട് നിര്‍മിച്ച കിണ്ടിയിലെ വെള്ളം ഉപയോഗിച്ച് കാല്‍ കഴുകിയതിനുശേഷം വേണം അകത്തു പ്രവേശിക്കാന്‍. രാവിലെയും വൈകിട്ടും കുളി കഴിഞ്ഞ് വീടിന്റെ മുന്‍വശത്ത് തൂക്കിയിടുന്ന ഭസ്മക്കുടുക്കയില്‍നിന്നും ഭസ്മമെടുത്ത് കുറിയിടുക എന്നത് പ്രായമായവരുടേയും കുട്ടികളുടെയും ഒരു ശീലമായിരുന്നു. മണ്ണുകൊണ്ടോ മരംകൊണ്ടോ ഉള്ള അടപ്പോടുകൂടിയ ഒരു ചട്ടിയാണിത്. തൂക്കിയിടാന്‍ ഒരു പിടിയുമുണ്ടായിരിക്കും. പല വലുപ്പത്തിലും ആകൃതിയിലുമുള്ളവയാണിവ. ഒരുകാലത്ത് കേരളത്തില്‍ കൃഷിയെന്നു പറഞ്ഞാല്‍ ജീവവായു ആയിരുന്നു. കൃഷി കഴിഞ്ഞ് മറ്റൊരു ജോലി ഉണ്ടായിരുന്നില്ല. തനിക്ക് ഇത്ര പറയ്ക്ക് കൃഷിയുണ്ടെന്ന് പറയുന്നത് ഒരു അഭിമാനമായിരുന്നു, പ്രൗഢിയായിരുന്നു. വീടുകളുടെ മുന്‍വശത്ത് വൈക്കോല്‍ കൂനകള്‍ പശുക്കളും എരുമകളും ഉളള തൊഴുത്ത് ഇതെല്ലാം തന്നെ അഭിമാനത്തിന്റെ ഭാഗമായിരുന്നു. അല്ലെങ്കില്‍ ഒരു നാട്ടുപ്രമാണിക്ക് യോജിച്ചത്. കൃഷിക്കാരനെന്ന് ആത്മാഭിമാനത്തോടെ പറഞ്ഞിരുന്ന കാലം. കലപ്പ, കാള ഇതെല്ലാം കര്‍ഷകന്റെ അന്തസ്സായിരുന്നു. നെല്ലും മറ്റു സാധനങ്ങളും അളന്നു തിട്ടപ്പെടുത്തുവാനുള്ള ഉപകരണങ്ങളാണ് പറ, നാഴി, ഉരി. പ്ലാവിന്റെ കാതല്‍ ഉപയോഗിച്ചാണ് ഇവ നിര്‍മിച്ചിരുന്നത്. ശില്പചാതുരിയില്‍ ഉണ്ടാക്കുന്ന ഇവ പിച്ചളയൊ മറ്റോ കെട്ടി മനോഹരമാക്കി സൂക്ഷിക്കും. കാര്‍ഷിക പാരമ്പര്യത്തിന്റെ മുഖമുദ്രയായിരുന്നു ഇത്. കാര്‍ഷികവൃത്തിയുമായി ബന്ധപ്പെട്ട മറ്റൊന്നായിരുന്നു കറ്റ മെതിക്കാനുള്ള കളം. തല്ലിയൊരുക്കി വൃത്തിയാക്കുന്നതിനും കയ്യാലകള്‍ അടിച്ചൊതുക്കുന്നതിനും ചാണകം മെഴുകുന്നതിനും പഴയ വീടുകളുടെ തറ ഇടിച്ചുറപ്പിച്ച് നിരപ്പാക്കുന്നതിനും വെട്ടുകല്ല് പാകി നിരപ്പാക്കുന്നതിനും മറ്റുമാണ് ഇതുപയോഗിച്ചിരുന്നത്. ചതുരാകൃതിയിലൊ ദീര്‍ഘചതുരാകൃതിയിലൊ ഭാരമുള്ള തടിയില്‍ എടുത്തുപൊക്കത്തക്ക വിധത്തില്‍ അതില്‍ ഘടിപ്പിച്ചിരിക്കുന്ന നല്ല ബലമുള്ള ദണ്ഡും ചേര്‍ന്നതാണ് ഇടിത്തട്ടി. നിലംതല്ലിയാകട്ടെ പൂര്‍ണമായും തടികൊണ്ടാണ് ഉണ്ടാക്കിയിരുന്നത്. കൂര്‍ത്ത അറ്റവും വീതി കൂടിയ മധ്യഭാഗവും പിന്നെ നേര്‍ത്തുവരുന്ന പിടിയുമാണ് നിലംതല്ലിയുടെ പ്രത്യേകത. അടിഭാഗം നിരപ്പായിരിക്കും. മുന്‍കാലങ്ങളില്‍ വീടുകളില്‍ അതിഥി വന്നാല്‍ അവര്‍ക്ക് ഇരിപ്പിടമായി നല്‍കിയിരുന്നത് തടുക്ക് പായയും കൊരണ്ടിപ്പലകയുമാണ്. ആധുനിക ഫര്‍ണിച്ചര്‍ മത്സരിച്ച് പല വിധത്തിലും തരത്തിലും വന്നതോടെ ഇവയും അരങ്ങൊഴിഞ്ഞു. ഇന്നിവ ഉപയോഗിക്കുകയാണെങ്കില്‍ എന്തൊ സമൂഹത്തില്‍ മോശമായത് സംഭവിക്കുന്നതുപോലെയാണ്. എന്നാല്‍ ഇതുപയോഗിക്കാന്‍ അറിയാവുന്ന ആളുകള്‍ ഇന്നില്ലെന്നതും മറ്റൊരു കാര്യം. ഇരിക്കാന്‍ പാകത്തിലുള്ള പരന്ന പ്രതലമുള്ള തടിപ്പലകയാണ് കൊരണ്ടി. നാലുകാലുള്ള വിധത്തിലും ഇവ ഉപയോഗിച്ചിരുന്നു. സ്റ്റൂളുപോലെ. പനയോല, കൈതയോല എന്നിവകൊണ്ട് നെയ്താണ് തടുക്കുണ്ടാക്കിയിരുന്നത്. ഒരാള്‍ക്കിരിക്കാവുന്ന രീതിയിലും ഒന്നിലധികം പേര്‍ക്ക് ഇരിക്കാന്‍ പറ്റുന്ന വിധത്തിലും ഇവ ഉണ്ടാക്കിയിരുന്നു. ഇന്ന് ഇത് പേരിനു പോലും കാണാനില്ല. അതുപോലെയാണ് ഓലക്കുട. ഇന്നത് അപൂര്‍വമായി. ഓണത്തിനോ ഏതെങ്കിലും ആഘോഷങ്ങള്‍ക്കോ ഉപയോഗിക്കുന്നവ മാത്രമായി. പാണ, പറയ സമുദായത്തില്‍പ്പെട്ടവര്‍ ഉപജീവനത്തിനായാണ് ഇതുപയോഗിച്ച് വിറ്റഴിച്ചിരുന്നത്. പ്ലാസ്റ്റിക് വ്യാപകമായതോടെ ഓലക്കുടയും രംഗം വിട്ടു. ഒരുകാലത്ത് ഇതിന് ആഢ്യത്വത്തിന്റെ പ്രൗഢിയുണ്ടായിരുന്നു. അന്തര്‍ജനങ്ങള്‍ ഓലക്കുട ഉപയോഗിച്ചാണ് ക്ഷേത്ര ദര്‍ശനത്തിനും മറ്റും വന്നിരുന്നത്. ഇന്ന് ഓലക്കുട അപൂര്‍വ വസ്തുവായി മാറി. അടുത്തകാലം വരെ എല്ലാ വീടുകളിലും തൈരു കടയുവാന്‍ ഉപയോഗിച്ചിരുന്നത് കടകോല്‍ ആയിരുന്നു. തടികൊണ്ട് ഉണ്ടാക്കിയിട്ടുളള ഒരു ചെറിയ ഉപകരണമാണിത്. മത്തും തൈരു കലവും വീടുകളില്‍ നിത്യേന ഉപയോഗിച്ചവയായിരുന്നു. വിളഞ്ഞ് മൂപ്പെത്തിയ നാരകത്തിന്റെ തടിയാണ് മത്തിന് ഉപയോഗിച്ചിരുന്നത്. നീളമുള്ള ഒരു ദണ്ഡും ചുവട്ടിലായി ഫാനിന്റെ ഇതള്‍പോലെ കടയുന്ന ഭാഗവും ചേര്‍ന്നതാണ് കടകോല്‍. മിക്‌സി വന്നതോടെ കടകോലും അരങ്ങൊഴിഞ്ഞു. സാധാരണക്കാരനെന്നോ സമ്പന്നനെന്നോ വ്യത്യാസമില്ലാതെ എല്ലാവരുടേയും അടുക്കളകളില്‍ ഉപയോഗിച്ചിരുന്ന സര്‍വസാധാരണമായ ഒന്നായിരുന്നു ഉറി. അഞ്ചോ ആറോ തട്ടുകള്‍ വരെ ഉറികള്‍ക്കുണ്ടായിരുന്നു. എന്നാല്‍ ഉറിയെപ്പറ്റി കുട്ടികള്‍ക്കുപോലും അറിയാം. കാരണം ശ്രീകൃഷ്ണനെപ്പറ്റി പറയുമ്പോള്‍ ഒഴിവാക്കാനാവാത്ത ഒന്നാണ് ഉറി. ഉറിയില്‍ സൂക്ഷിച്ചിരുന്ന വെണ്ണയും മറ്റും കക്കുന്ന ഉണ്ണിക്കണ്ണനെപ്പറ്റി പറയുമ്പോള്‍ ആര്‍ക്കാണ് കോള്‍മയിര്‍ കൊള്ളാതിരിക്കുക. ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ ഇന്ന് വ്യാപകമായതോടെ അതിന്റെ ഭാഗമായി ഉറിയടി മത്സരവും ഉള്ളതിനാല്‍ ഇതിന്നും ആളുകളുടെ മനസ്സില്‍ തങ്ങിനില്‍ക്കുന്നു. കമുകിന്‍ പാളകൊണ്ട് എന്തെല്ലാം നിര്‍മിക്കാമെന്ന് ചിന്തിക്കാന്‍ പോലും പറ്റില്ല. കര്‍ഷകന്റെയും കര്‍ഷകത്തൊഴിലാളിയുടെയും ആത്മമിത്രമായിരുന്നു പാള. പാളകൊണ്ട് നിര്‍മിച്ച തൊപ്പി തലയില്‍ വെച്ചാണ് ഇവര്‍ മഴയില്‍നിന്നും വെയിലില്‍നിന്നും രക്ഷനേടിയിരുന്നത്. ചൂട് അസഹനീയമാകുമ്പോള്‍ വിശറിയായും വീശുപാള ഉപയോഗിച്ചിരുന്നു. എന്നാല്‍ കര്‍ഷകത്തൊഴിലാളികള്‍ ഇന്ന് നടീലിനും കൊയ്ത്തിനും ഉപയോഗിക്കുന്നത് പ്ലാസ്റ്റിക് കവറുകളാണ്. പാള വിശറി കാണാന്‍ പോലുമില്ല. കിണറ്റില്‍നിന്നും തോടുകളില്‍നിന്നും വെള്ളം കോരുന്നതിന് പാളത്തൊട്ടി, കുട്ടകള്‍ അങ്ങനെയെന്തെല്ലാം സാധനങ്ങള്‍ കമുകിന്‍ പാളകൊണ്ട് നിര്‍മിച്ചിരുന്നു. ജലസേചനവുമായി ബന്ധപ്പെട്ട തേവുകൊട്ട കര്‍ഷകരുടെ ഒരു പ്രധാന ഉപകരണമായിരുന്നു. കുട്ടയുടെ ആകൃതിയില്‍ ഇരുമ്പുതകരം കൊണ്ട് തയ്യാറാക്കുന്ന ഈ ഉപകരണത്തില്‍ കയറിടുന്നതിനായി രണ്ടുവശത്തും പിടിയുണ്ടായിരിക്കും. ഇരുമ്പ് ചുറ്റിട്ട് പുഴയില്‍നിന്നൊ തോട്ടില്‍നിന്നൊ വെള്ളം കോരിയെടുത്ത് കൃഷി സ്ഥലത്തേക്ക് ആയത്തില്‍ വീശിയൊഴിക്കും. ഇതൊരു ശ്രമകരമായ പണിയാണ്. അതോടൊപ്പം ഒരു വ്യായാമവും. രണ്ടുവശങ്ങളുള്ള പിടിയില്‍ രണ്ടുമടക്കായി കയറിടും. രണ്ടുപേര്‍ രണ്ടുവശങ്ങളില്‍നിന്ന് കയറിന്റെ രണ്ടറ്റത്തും കൈകള്‍ കൊണ്ട് പിടിച്ച് വെള്ളത്തിലേക്കിട്ട് വീശിയെടുത്ത് കൃഷിയിടത്തിലേക്ക് ഒഴിക്കും. ഇന്നതും ഓര്‍മയായി മാറി. മോട്ടോറുകള്‍ കൃഷിയിടങ്ങളില്‍ വ്യാപകമായതോടെ ഇവ കണികാണാന്‍ പോലുമില്ല. കര്‍ഷകന്റെ മറ്റൊരു ഉറ്റമിത്രമായിരുന്നു കലപ്പ. വീടുകളില്‍ എരുമ, പോത്ത് ഇവയുടെ എണ്ണത്തോടൊപ്പം കലപ്പ കര്‍ഷകന്റെ അഭിമാനത്തിന്റെ ഭാഗമായിരുന്നു. വിഷുപ്പുലരിയില്‍ കലപ്പയുപയോഗിച്ച് നിലം ഉഴുതതിനുശേഷം വിത്തിറക്കുന്നത് ഒരു ഭാഗ്യമായി കരുതിയിരുന്നു. എന്നാല്‍ ട്രാക്ടറുകളും കൊയ്ത്തു മെഷീനുകളും നടീല്‍ മെഷീനുകളും വന്നതോടെ ഇവയും അരങ്ങൊഴിഞ്ഞു. മിക്ക വീടുകളിലും തൊഴുത്ത് ഇല്ലാതായി. പശുവിനേയും മറ്റും തീറ്റിപ്പോറ്റാന്‍ വയ്യാത്ത അവസ്ഥയാണിന്നെന്ന് കര്‍ഷകര്‍ പറയുന്നു. നെല്ലും മറ്റും സൂക്ഷിക്കുന്നതിനുള്ള പത്തായങ്ങള്‍ വീടുകളുടെ അന്തസ്സായിരുന്നു. പത്തായം കലാചാതുര്യത്തോടെ പണി ചെയ്യുന്നതിന് മിടുക്കന്മാരായ ആശാരിമാര്‍ ഒരുകാലത്ത് ഗ്രാമങ്ങളില്‍ ധാരാളമായിരുന്നു. പത്തായങ്ങളും പത്തായപ്പുരകളും ഓര്‍മകള്‍ മാത്രമായി. എന്നാല്‍ ഇന്നും ചില മനകളിലും തറവാടുകളിലും നാമമാത്രമായി അവശേഷിക്കുന്നു. ഗ്രൈന്ററുകളും മിക്‌സികളും അടുക്കള ഭരണം കയ്യാളിയതോടെ അമ്മിക്കല്ലും ആട്ടുകല്ലും ഉപയോഗിക്കാതായി. പുതിയ വീടുകളില്‍ ഇവ വെയ്ക്കാറുപോലുമില്ല. എന്തിനധികം പുതുതലമുറയില്‍പ്പെട്ടവര്‍ക്ക് ഇതുപയോഗിക്കാന്‍ പോലും അറിയില്ല. ഇവയില്‍ അരച്ചുണ്ടാക്കുന്ന സാധനങ്ങളുടെ രുചി ഒന്നുവേറെ തന്നെ. മരങ്ങള്‍കൊണ്ടും കല്ലുകള്‍കൊണ്ടുമുള്ള ഉരലിലാണ് ഒരുകാലത്ത് വീടുകളില്‍ സാധനങ്ങള്‍ ഉലക്ക ഉപയോഗിച്ച് പൊടിച്ചിരുന്നത്. സ്ത്രീകളുടെ ഏറ്റവും വലിയ ഒരു വ്യായാമമായിരുന്നു ഇത്. തടികള്‍ കൊണ്ട് പല വലുപ്പത്തിലുളള ഉലക്കകള്‍ നിത്യോപയോഗമായിരുന്നു. രണ്ടറ്റത്തുമായി ഇരുമ്പുകൊണ്ടുളള ചുറ്റും ഇവയിലുണ്ടായിരുന്നു. വീടുകളുടെ പിന്‍വശത്ത് ഉരലുകള്‍ക്ക് പ്രത്യേക സ്ഥാനം തന്നെയുണ്ടായിരുന്നു. മരംകൊണ്ടുള്ള ഉരലുകളും സാധാരണമായിരുന്നു. ശ്രീകൃഷ്ണനെപ്പറ്റിപ്പറയുമ്പോള്‍ ഉരലിനും ഒരു സ്ഥാനമുണ്ടല്ലോ. അതുപോലെതന്നെ തിരികല്ലും വീടുകളിലെ ഒരു പ്രധാന അംഗമായിരുന്നു. ഓട്ടോമാറ്റിക് മെഷീനുകള്‍ വന്നതോടെ തിരികല്ലുകളും അപ്രത്യക്ഷമായി. നമ്മുടെ വീടുകളില്‍ ഈ സാധനങ്ങളെല്ലാം ഉപയോഗിച്ചിരുന്നതിനു പിന്നില്‍ ശ്രദ്ധേയമായ ഒരു വശമുണ്ട്. സ്ത്രീകള്‍ക്ക് ഏറ്റവും വലിയ ഒരു വ്യായാമമായിരുന്നു ഇതുപയോഗിക്കുന്നതുമൂലം ലഭിച്ചിരുന്നത്. ആധുനികകാലത്ത് സ്ത്രീകള്‍ ഇവ പല കാരണങ്ങളാലും ഉപയോഗിക്കാതായതോടെയാണ് വ്യായാമത്തിനായി പുതിയ ഉപകരണങ്ങള്‍ ഉപയോഗിച്ചു തുടങ്ങിയത്. കേരളത്തിന്റെ സാംസ്‌കാരിക ജീവിതത്തിലെ അവിഭാജ്യ ഘടകങ്ങളായിരുന്നു ഇത്തരത്തിലുളള ഉപകരണങ്ങള്‍. എന്നാലിന്ന് കാലം മാറി. വീടിന്റെ ഉള്‍ത്തളങ്ങളില്‍ നിന്നും സ്ത്രീകള്‍ സ്വാതന്ത്ര്യം നേടി. അതോടൊപ്പം അവള്‍ക്കൊന്നിനും സമയം തികയാതായി. അവളുടെ രക്ഷക്ക് മിക്‌സിയും ഗ്രൈന്ററും പോലുള്ള യന്ത്രസാമഗ്രികള്‍ രംഗത്തെത്തി. ഒടുവിലൊരു അനാവശ്യവസ്തുവായി ഉരലും ഉലക്കയും അമ്മിക്കല്ലും അരകല്ലും ഒരു മൂലയിലേക്കൊതുങ്ങി. അവിടെനിന്നും അവ പുരാവസ്തു ശേഖരത്തിലിടം തേടി...

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.