കുട്ടനാട്ടില്‍ നിലം നികത്തല്‍ വീണ്ടും വ്യാപകമായി

Saturday 18 October 2014 9:18 pm IST

നെടുമുടി: കുട്ടനാട്ടില്‍ വീണ്ടും നിലം നികത്തല്‍ വ്യാപകമായി. ജ്യോതി ജങ്ഷന് സമീപം പള്ളിയുടെ പുറകില്‍ ഏതാനും ദിവസങ്ങളായി വ്യാപകമായി നിലം നികത്തിയിട്ടും അധികൃതര്‍ നടപടിയെടുക്കുന്നില്ല. പാടശേഖരത്തില്‍ വെള്ളം കയറി കിടക്കുന്നതില്‍ ജനശ്രദ്ധ ഈ പ്രദേശത്തുണ്ടാകാറില്ല. കട്ട കുത്തിപ്പൊക്കിയാണ് നിലം നികത്തുന്നത്. കുട്ടനാട്ടില്‍ പലയിടങ്ങളിലും ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചാണ് നിലം നികത്തല്‍ നടക്കുന്നത്.  രാഷ്ട്രീയ സ്വാധീനങ്ങളും മതനേതൃത്വത്തിന്റെ ഇടപെടലുകളും മൂലം അധികൃതര്‍ നടപടിയെടുക്കാന്‍ തയാറാകുന്നില്ല. ജ്യോതി ജങ്ഷനില്‍ നിലം നികത്തുന്നത് കൈനകരി വില്ലേജ് ഓഫീസ് പരിധിയിലാണ്. നാട്ടുകാര്‍ പരാതി നല്‍കിയിട്ടും സ്‌റ്റോപ്പ് മെമ്മോ പോലും നല്‍കാന്‍ റവന്യു അധികൃതര്‍ തയാറാകുന്നില്ല. വീടില്ലാത്തവര്‍ക്ക് വീട് നിര്‍മ്മിക്കുന്നതിന് പരാമവധി അഞ്ച് സെന്റ് നിലംനികത്തുന്നതിന് മാത്രമേ ആര്‍ഡിഒയ്ക്ക് അനുമതി നല്‍കാന്‍ കഴിയുള്ളൂ. പഞ്ചായത്ത്, കൃഷിവകുപ്പ്, റവന്യു ഉദ്യോഗസ്ഥര്‍ സംയുക്തമായി പരിശോധന നടത്തി നിലം നികത്താവുന്നതാണെന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കിയാല്‍ മാത്രമേ ആര്‍ഡിഒയ്ക്ക് നടപടി സ്വീകരിക്കാന്‍ കഴിയുകയുള്ളൂ. എന്നാല്‍ കുട്ടനാട്ടില്‍ ഒരു വിഭാഗത്തിന്റെ ആരാധനാലയങ്ങള്‍ക്ക് ഈ നിയമങ്ങള്‍ ഒന്നും ബാധകമല്ല. കുട്ടനാട് വികസന സമിതിയുടെ പേരില്‍ നെല്‍കൃഷി പ്രോത്സാഹനത്തിനും നിലം നികത്തലിനെതിരെയും പ്രസംഗിക്കുകയും മറുഭാഗത്ത് വ്യാപകമായി നിലം നികത്തി കൈവശപ്പെടുത്തുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് നടക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.