സ്മാര്‍ട്ട്സിറ്റിക്ക്‌ തുടക്കം

Saturday 8 October 2011 11:10 pm IST

കൊച്ചി: അനിശ്ചിതത്വത്തിന്റെയും പ്രശ്നങ്ങളുടെയും ഒടുവില്‍ സ്മാര്‍ട്ട്‌ സിറ്റി പദ്ധതിക്ക്‌ തുടക്കമായി. എംപിക്കും എംഎല്‍എക്കും ഇരിപ്പിടം കിട്ടാത്തതിന്റെ പേരില്‍ കോണ്‍ഗ്രസുകാര്‍ ഉണ്ടാക്കിയ ബഹളവും മുന്‍മന്ത്രി എസ്‌. ശര്‍മ്മ ടീകോമിനെ പരസ്യമായി കുറ്റപ്പെടുത്തിയതും തുടക്കത്തിലേ കല്ലുകടിയായി. സ്മാര്‍ട്ട്‌ സിറ്റി പദ്ധതിയുടെ ഒന്നാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ രണ്ടുകൊല്ലത്തിനകം പൂര്‍ത്തീകരിക്കുമെന്ന്‌ പദ്ധതിയുടെ പവലിയന്‍ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ച്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പദ്ധതിയുടെ പുതുക്കിയ മാസ്റ്റര്‍പ്ലാന്‍ ഡയറക്ടര്‍ബോര്‍ഡ്‌ അംഗീകരിച്ചെന്നും വിശദമായ മാസ്റ്റര്‍ പ്ലാന്‍ അടുത്ത മാര്‍ച്ചോടെ തയ്യാറാകുമെന്നും അദ്ദേഹം പറഞ്ഞു. പവലിയന്‍ 14 ആഴ്ചകള്‍കൊണ്ട്‌ പൂര്‍ത്തിയാകും. തുടര്‍ന്ന്‌ സ്മാര്‍ട്ട്‌ സിറ്റി ആസ്ഥാനമന്ദിരത്തിന്റെ നിര്‍മാണം ആരംഭിക്കും. സ്മാര്‍ട്ട്‌ സിറ്റി കേവലമൊരു ഐടി പദ്ധതിയല്ല. ഗണ്യമായ തോതില്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയും കേരളത്തിന്റെ സാമ്പത്തികവളര്‍ച്ചയെ അടുത്ത ഘട്ടത്തിലേക്ക്‌ നയിക്കുകയും ചെയ്യുന്ന മുന്നേറ്റമാണ്‌, ഉമ്മന്‍ചാണ്ടി പറഞ്ഞു.
സമയബന്ധിതമായി പദ്ധതി പൂര്‍ത്തിയാക്കലാണ്‌ ലക്ഷ്യമെന്ന്‌ അധ്യക്ഷനായ ടീകോം സിഇഒ അബ്ദുള്‍ ലത്തീഫ്‌ അല്‍ മുല്ല പറഞ്ഞു. വന്‍തോതില്‍ നേരിട്ടുള്ള വിദേശനിക്ഷേപവും അന്താരാഷ്ട്ര ഐടി കമ്പനികളും വരുമെന്നതിനാല്‍ കേരളത്തെ സംബന്ധിച്ച്‌ ഏറ്റവും പ്രധാനപ്പെട്ട പദ്ധതിയാണ്‌. പദ്ധതിയുടെ പ്രൊജക്ട്‌ മോണിറ്ററിംഗ്‌ കമ്മറ്റി ദുബായില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്മാര്‍ട്ട്‌ സിറ്റി പദ്ധതി വൈകിയതിന്‌ ടീകോംതന്നെയാണ്‌ ഉത്തരം പറയേണ്ടതെന്ന്‌ പദ്ധതിയുടെ മുന്‍ ചെയര്‍മാന്‍ എസ്‌. ശര്‍മ്മ എംഎല്‍എ പറഞ്ഞു. കരാറിലെ വ്യവസ്ഥ സംബന്ധിച്ച്‌ തര്‍ക്കം വന്നപ്പോള്‍ മുന്‍സര്‍ക്കാര്‍ ഒരു നിലപാട്‌ സ്വീകരിച്ചു. ടീകോം അത്‌ പിന്നീട്‌ അംഗീകരിച്ചു. തുടര്‍ന്നാണ്‌ ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ നിര്‍മാണം തുടങ്ങാനുള്ള കരാറില്‍ എത്തിയത്‌. മാര്‍ച്ചില്‍ നിര്‍മാണം ആരംഭിക്കുമെന്ന്‌ രേഖാമൂലം അറിയിച്ചെങ്കിലും അവര്‍ അത്‌ പാലിച്ചില്ലെന്നും ശര്‍മ്മ പറഞ്ഞു.
ചടങ്ങിന്‌ മുമ്പ്‌ നടന്ന ഡയറക്ടര്‍ ബോര്‍ഡ്‌ യോഗത്തില്‍ പദ്ധതിയുടെ നിലവിലുള്ള അവസ്ഥയും കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന്‌ കീഴിലുള്ള സെസ്‌ ബോര്‍ഡില്‍നിന്നും പ്രത്യേക സാമ്പത്തിക മേഖലാ പദവി ലഭിച്ച സാഹചര്യത്തില്‍ കൈക്കൊള്ളേണ്ട തുടര്‍നടപടികളെക്കുറിച്ച്‌ ചര്‍ച്ച നടന്നു. ആദ്യത്തെ കെട്ടിടസമുച്ചയത്തിന്റെ നിര്‍മാണം, മാസ്റ്റര്‍പ്ലാന്‍, കോസ്റ്റ്‌ കണ്‍സള്‍ട്ടന്റ്‌ എന്നിവരുടെ നിയമനം സംബന്ധിച്ച്‌ അന്തിമ തീരുമാനമെടുക്കുകയായിരുന്നു യോഗത്തിന്റെ പ്രധാന അജണ്ട.
ഉദ്ഘാടനച്ചടങ്ങില്‍ മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, കെ. ബാബു, എംപിമാരായ കെ.പി. ധനപാലന്‍, പി. രാജീവ്‌, എംഎല്‍എമാരായ ബെന്നി ബഹനാന്‍, വി.പി. സജീന്ദ്രന്‍, അന്‍വര്‍ സാദത്ത്‌, ഹൈബി ഈഡന്‍, ജോസഫ്‌ വാഴക്കന്‍, സാജുപോള്‍, സ്മാര്‍ട്ട്‌ സിറ്റി എംഡി ഡോ.ബാബു ജോര്‍ജ്‌, എം.എ. യൂസഫലി തുടങ്ങിയവര്‍ പങ്കെടുത്തു.
കെ.പി. ധനപാലന്‍ എംപിക്കും കുന്നത്തുനാട്‌ എംഎല്‍എ വി.പി. സജീന്ദ്രനും ഇരിപ്പിടം നല്‍കിയില്ലെന്ന്‌ ആരോപിച്ചാണ്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി എത്തിയപ്പോള്‍ ബഹളംവെച്ചത്‌. ഇതേത്തുടര്‍ന്ന്‌ വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഇടപെട്ട്‌ ഇരുവര്‍ക്കും ഇടിപ്പിടം ലഭ്യമാക്കുകയും ചടങ്ങില്‍ സംഭവിച്ച അസൗകര്യങ്ങളില്‍ മന്ത്രി ക്ഷമാപണം നടത്തുകയും ചെയ്തതോടെയാണ്‌ ബഹളം അവസാനിച്ചത്‌.
സ്വന്തം ലേഖകന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.