പരാജയകാരണം ഭരണവിരുദ്ധ വികാരം : കോണ്‍ഗ്രസ്

Sunday 19 October 2014 3:37 pm IST

ന്യൂദല്‍ഹി: ജനവിധി അംഗീകരിക്കുന്നുവെന്ന് കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പ് തോല്‍വി നിരാശാജനകമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പ്രതികരിച്ചു. ഭരണവിരുദ്ധ വികാരമാണ് പരാജയത്തിലേക്ക് നയിച്ചതെന്നും പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. ഭരണവിരുദ്ധ വികാരം തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് തിരിച്ചടിയായെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചു. പരാജയത്തെ വിലയിരുത്തി സംഘടനപരമായി പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും നേതാക്കള്‍ പറഞ്ഞു. നാളെ നടക്കാനിരിക്കുന്ന എഐസിസി ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തില്‍ തെരഞ്ഞെടുപ്പ് പരാജയം ചര്‍ച്ചയാകുമെന്നാണ് സൂചന. വോട്ടെണ്ണലിന്റെ ആദ്യ ഫലങ്ങള്‍ അറിവായപ്പോള്‍ തന്നെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അക്ബര്‍ റോഡിലുള്ള എഐസിസി ആസ്ഥാനത്ത് എത്തിച്ചേര്‍ന്നിരുന്നു. തെരഞ്ഞെടുപ്പിലെ തുടര്‍ച്ചയായ പരാജയങ്ങളുടെ പശ്ചാത്തലത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന് പ്രിയങ്ക ഗാന്ധിയെ നേതൃനിരയിലേക്ക് കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ഇവര്‍ ധര്‍ണയും നടത്തി. എക്‌സിറ്റ്‌പോള്‍ ഫലങ്ങളിലെ പ്രവചനങ്ങളെ കടത്തിവെട്ടിയായിരുന്നു ബിജെപിയുടെ പ്രകടനം. ഹരിയാനയില്‍ ബിജെപിക്ക് വ്യക്തമായ ലീഡ് ലഭിച്ചു. മഹാരാഷ്ട്രയില്‍ ബിജെപി ഒന്നാം കക്ഷിയായി. പത്ത് വര്‍ഷമായി ഭരിച്ചുവന്ന ഹരിയാനയില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഐഎന്‍എല്‍ഡിയാണ് രണ്ടാംസ്ഥാനത്ത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നാല് സീറ്റ് മാത്രം നേടിയ ബിജെപി ഹരിയാനയില്‍ ഇത്തവണ കേവല ഭൂരിപക്ഷത്തോടെയാണ് ഒറ്റയ്ക്ക് ഭരിക്കാന്‍ ഒരുങ്ങുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.