വഴിതെറ്റിവന്ന കല്‍ക്കത്ത സ്വദേശി കൃഷ്ണയുടെ സംരക്ഷണം ജനസേവശിശുഭവന്‍ ഏറ്റെടുത്തു

Saturday 8 October 2011 11:13 pm IST

ആലുവ: വഴിതെറ്റിവന്നകല്‍ക്കത്ത സ്വദേശിയായ അനാഥബാലന്റെ സംരക്ഷണം ജനസേവശിശുഭവന്‍ ഏറ്റെടുത്തു. ആലുവ കമ്പനിപ്പടി ഭാഗത്ത്‌ രാവിലെ 10മണിയോടെ റോഡില്‍ അലഞ്ഞുതിരിയുകയായുരുന്ന ബാലനെ നാട്ടുകാരാണ്‌ ജനസേവശിശുഭവനില്‍ എത്തിച്ചത്‌. ഹിന്ദി അവ്യക്തമായി സംസാരിക്കുന്ന കുട്ടിയില്‍ നിന്നും പേര്‌ കൃഷ്ണ എന്നാണെന്നും സ്വദേശം കല്‍ക്കത്ത എന്നാണെന്നും അറിയുവാന്‍ കഴിഞ്ഞു. പിതാവിന്റെ പേര്‌ ജയ്നായക്‌ എന്നും മാതാവിന്റെ അഗ്ണി എന്നാണെന്നും രണ്ടു പേരും വര്‍ഷങ്ങള്‍ക്കു മുമ്പ്‌ മരിച്ചുപോയെന്നും കുട്ടി പറഞ്ഞു. മാതാപിതാക്കളുടെ മരണത്തെതുടര്‍ന്ന്‌ ജീവിതം വഴിമുട്ടിയബാലന്‍ ട്രെയിനിലും മറ്റും ഭിക്ഷാടനം നടത്തിയാണ്‌ ജീവിച്ചിരുന്നത്‌. ഏകദേശം 12 വയസ്‌ പ്രായം തോന്നിക്കുന്ന കൃഷ്ണയുടെ ഒരു കണ്ണിന്‌ കാഴ്ചയില്ല. ഇനിയുള്ള കാലം ജനസേവയില്‍നിന്ന്‌ പഠിക്കണമെന്നും ഭിക്ഷാടനം ചെയ്യുവാന്‍ ഇനി ഒട്ടും താല്‍പര്യമില്ലെന്നും കുട്ടി ജനസേവ അധികൃതരോട്‌ പറഞ്ഞു. നിയമപ്രകാരമുള്ള സംരക്ഷണത്തിനായി കൃഷ്ണയെ ചെയില്‍ഡ്‌ വെല്‍ഫെയര്‍ കമ്മറ്റി മുമ്പാകെ ഹാജരാക്കി. കമ്മറ്റിയുടെ ഉത്തരവുപ്രകാരം കുട്ടിയുടെ വിദ്യാഭ്യാസ മടക്കമുള്ള താല്‍ക്കാലിക സംരക്ഷണം ജനസേവശിശുഭവന്‍ ഏറ്റെടുത്തതായി ജനസേവശിശുഭവന്‍ ചെയര്‍മാന്‍ ജോസ്‌ മാവേലി അറിയിച്ചു.