സര്‍വ്വീസുകള്‍ കുറയ്ക്കുന്നു; രാത്രികാല സേവനമില്ല, പശ്ചിമകൊച്ചിയില്‍ യാത്രാക്ലേശം രൂക്ഷം

Saturday 8 October 2011 11:15 pm IST

മട്ടാഞ്ചേരി: പശ്ചിമകൊച്ചിയിലെ ജനങ്ങളെ യാത്രാക്ലേശങ്ങള്‍ ദുരിതത്തിലാക്കുന്നു. നഗരത്തില്‍നിന്ന്‌ പശ്ചിമകൊച്ചിയിലേയ്ക്ക്‌ സര്‍വീസ്‌ നടത്തുന്ന കെഎസ്‌ആര്‍ടിസി തിരുകൊച്ചിയും, സ്വകാര്യ ബസ്സുകളും മുന്നറിയിപ്പില്ലാതെ രാത്രി സര്‍വീസുകള്‍ വെട്ടികുറയ്ക്കുന്നതും അതിരാവിലെ രാത്രികാല സര്‍വീസുകള്‍ ഇല്ലാത്തതും യാത്രാക്ലേശത്തിന്‌ കാഠിന്യമേകുകയാണ്‌. കൊച്ചിന്‍ കോര്‍പ്പറേഷന്റെ പകുതിയോളം ഡിവിഷനുകളും, കുമ്പളങ്ങി, ചെല്ലാനം പഞ്ചായത്തുകളുമുള്ള പശ്ചിമകൊച്ചി മേഖലയിലെ യാത്രാക്ലേശത്തിന്‌ ശാശ്വത പരിഹാരം കാണുന്നതില്‍ സര്‍ക്കാര്‍- കോര്‍പ്പറേഷന്‍- ഗതാഗത വകുപ്പ്‌ അധികൃതര്‍ അലംഭാവം കാണിക്കുകയാണെന്നാണ്‌ ജനങ്ങള്‍ പരാതിപ്പെടുന്നത്‌. കൊച്ചി നഗരത്തില്‍ നിന്നും പശ്ചിമകൊച്ചിയിലെ മട്ടാഞ്ചേരി, ഫോര്‍ട്ടുകൊച്ചി, ചെല്ലാനം, കണ്ണമാലി, ഇടക്കൊച്ചി, പെരുമ്പടപ്പ്‌, കുമ്പളങ്ങി സ്റ്റാന്‍ഡുകളിലേയ്ക്ക്‌ സര്‍വീസ്‌ നടത്തുന്ന ബസ്സുകളിലെറെയും സര്‍വീസ്‌ മാനദണ്ഡങ്ങളോ സമയകൃത്യതയോ പാലിക്കുന്നില്ലെന്നാണ്‌ ജനകീയ സംഘടനകള്‍ ആരോപിക്കുന്നത്‌. പകല്‍ സമയങ്ങളില്‍പ്പോലും സര്‍വീസുകള്‍ വെട്ടിക്കുറച്ചും, പെര്‍മിറ്റ്‌ റൂട്ടുകളില്‍ ഓടാതെയും സ്വകാര്യബസ്സുകള്‍ സര്‍വ്വീസുകള്‍ പ്രവര്‍ത്തിപ്പിക്കുന്നില്ല. രാത്രി കാലങ്ങളിലാകട്ടെ കൊച്ചി നഗരത്തില്‍ നിന്ന്‌ പശ്ചിമകൊച്ചിയിലേക്ക്‌ ബസ്സര്‍വീസ്‌ ഒട്ടുമില്ല.
കെഎസ്‌ആര്‍ടിസിയും, തിരു-കൊച്ചി സര്‍വീസുകളും പശ്ചിമകൊച്ചി മേഖലയോട്‌ തികഞ്ഞ അവഗണനയാണ്‌ പ്രകടമാകുന്നത്‌. ബസ്സുകള്‍ തകരാറിലായതിന്റെ പേരിലും, കണ്ടക്ടര്‍- ഡ്രൈവര്‍ തസ്തിക നിയമന കാലതാമസവും മൂലം തിരുകൊച്ചി സര്‍വീസുകള്‍ നാമമാത്രമായാണ്‌ പ്രവര്‍ത്തിക്കുന്നത്‌. പ്രതിദിനം 200 ലേറെ സ്വകാര്യ ബസ്സുകളാണ്‌ പശ്ചിമകൊച്ചിയിലെ വിവിധ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട്‌ യാത്രാ സര്‍വ്വീസുകള്‍ നടത്തുന്നത്‌. ആയിരത്തോളം സര്‍വീസുകളാണ്‌ ഈ മേഖലയിലേയ്ക്ക്‌ പ്രവര്‍ത്തിക്കുന്നത്‌. രാവിലെയും- വൈകിട്ടും തിരക്കുള്ള വേളയില്‍ രാത്രി നഗരത്തില്‍ നിന്ന്‌ പശ്ചിമ കൊച്ചിയിലേക്ക്‌ സര്‍വീസ്‌ നടത്തുന്ന ബസ്സുകളുടെ എണ്ണം വര്‍ധിച്ചു വരുകയാണെന്ന്‌ ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ തന്നെസമ്മതിക്കുന്നു. തിരു-കൊച്ചി ബസ്സുകളാകട്ടെ വൈകിട്ട്‌ എട്ട്‌ മണിയോടെ സര്‍വീസുകള്‍ നിര്‍ത്തിവെയ്ക്കുകയും ചെയ്യുന്നു. ഇത്‌ മൂലം ജനസാന്ദ്രത ഏറെയുള്ളതും വിനോദ സഞ്ചാരമേഖലയുമായ പശ്ചിമകൊച്ചിയിലേക്ക്‌ എത്തിപ്പെടുന്നതിന്‌ ഓട്ടോ- കാര്‍- ടെമ്പോ തുടങ്ങിയ വാഹനങ്ങളെ ആശ്രയിക്കോണ്ടിവരികയാണ്‌. രാത്രി ഒമ്പതരയ്ക്ക്‌ ശേഷം പശ്ചിമകൊച്ചിയിലേക്ക്‌ ബസ്സ്‌ സര്‍വീസുകള്‍ പുര്‍ണമായും നിലയ്ക്കുന്നതു മൂലം ടാക്സി വാഹനങ്ങള്‍ക്ക്‌ വന്‍ തുക ഇടാക്കുവാന്‍ സാഹചര്യ മൊരുക്കുകയും ചെയ്യുന്നു. കൂടാതെ സാമൂഹ്യ വിരുദ്ധ ശല്യവും ഇതിന്റെ മറവില്‍ വ്യാപകമാകുന്നുമുണ്ടെന്ന്‌ യാത്രക്കാരും പറയുന്നു.
വിനോദസഞ്ചാരികള്‍പ്പോലും ഇതുമൂലം പശ്ചിമകൊച്ചിയില്‍നിന്ന്‌ നേരം ഇരുട്ടുംമുമ്പേ നഗരത്തിലെത്തുവാന്‍ തിരക്ക്‌ കുട്ടുകയും ചെയ്യുന്നു. പശ്ചിമകൊച്ചിയോടുള്ള, സ്വകാര്യ- കെഎസ്‌ആര്‍ടിസി ബസ്സ്‌ സര്‍വീസ്‌ മേഖല നടത്തുന്ന അവഗണന അലംഭാവ മനോഗതി ഏറെ പ്രതിഷേധത്തിനിടയാക്കുന്നുണ്ട്‌. രാത്രി കാലങ്ങളില്‍ പകല്‍ നിരക്കിനെക്കാള്‍ നിശ്ചിത ശതമാനം തുക അധികം ഈടാക്കി സര്‍വീസുകള്‍ നടത്തുന്ന അന്യ സംസ്ഥാന മാതൃക കൊച്ചിയിലും നടപ്പിലാക്കണം. കൂടാതെ രാത്രികാല സര്‍വീസുകള്‍ക്ക്‌ മതിയായ സംരക്ഷണം നല്‍കണമെന്നും, തൊഴിലാളി സംഘടന സഹകരണം ഉറപ്പാക്കണമെന്നും സ്വകാര്യബസ്സ്‌ ഉടമ സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്‌. പശ്ചിമകൊച്ചിയിലേക്ക്‌ പരീക്ഷണാടിസ്ഥാനത്തില്‍ നിശ്ചിത സമയദൈര്‍ഘ്യത്തില്‍ സര്‍വീസുകള്‍ നടത്തുന്നതിന്‌ സ്വകാര്യബസ്സുകള്‍ക്ക്‌ പെര്‍മിറ്റ്‌ അനുവദിക്കുക, തിരു-കൊച്ചി ബസ്സുകള്‍ രാത്രി കാല സര്‍വ്വീസിന്‌ സജ്ജമാക്കുക, നഗര ഹൃദയത്തുള്ള റെയില്‍വേസ്റ്റേഷനുകള്‍, കെഎസ്‌ആര്‍ടിസി ബസ്സ്‌ സ്റ്റാന്‍ഡ്‌, വൈറ്റില മൊബലിറ്റി ഹബ്ബ്‌, തൃപ്പൂണിത്തുറ തുടങ്ങിയ കേന്ദ്രങ്ങളുമായി ബന്ധപ്പെടുത്തി അതിരാവിലെയും, രാത്രി കാലങ്ങളിലും ബസ്സ്‌ സര്‍വീസുകള്‍ ഉറപ്പാക്കുന്നതിനും ട്രാന്‍സ്പോര്‍ട്ട്‌ അധികൃതരും, സര്‍ക്കാര്‍ ഏജന്‍സികളും, കോര്‍പ്പറേഷന്‍ പഞ്ചായത്ത്‌ ഭരണകര്‍ത്താക്കളും മുന്നിട്ടിറങ്ങണമെന്ന്‌ ജനകീയ സംഘടനകള്‍ ആവശ്യപ്പെട്ടുകഴിഞ്ഞു. കൊച്ചി നഗരത്തിലെ കോര്‍പ്പറേഷന്റെ കീഴിലുള്ള ഈ തിരക്കേറിയ വാസസ്ഥലമായ പശ്ചിമകൊച്ചിയോടുള്ള യാത്രാക്ലേശ അവഗണന തുടരുന്നത്‌ ശക്തമായ ജനകീയ പ്രക്ഷോഭത്തിന്‌ സാഹചര്യമൊരുക്കുകയാണെന്ന്‌ വിവിധ സംഘടനകള്‍ മുന്നറിയിപ്പ്‌ നല്‍കിക്കഴിഞ്ഞു.