കരാറുകാര്‍ക്ക് പണിയില്ല, കമ്മറ്റി വര്‍ക്കുകാര്‍ക്ക് ചാകര

Saturday 20 May 2017 11:30 pm IST

കാക്കനാട്: തൃക്കാക്കര നഗരസഭയില്‍ കരാറുകാര്‍ക്ക് പണിയില്ല. കമ്മറ്റി വര്‍ക്കുകാര്‍ക്ക് ചാകര.നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കൗണ്‍സിലര്‍മാരുടെ ഇഷ്ടക്കാര്‍ക്കും ബിനാമികള്‍ക്കും വീതിച്ചു നല്‍കിയതില്‍ പ്രതിഷേധിച്ച് കരാറുകാര്‍ രണ്ട് ആഴ്ചയായി ടെന്‍ഡര്‍ നടപടികള്‍ ബഹിഷ്‌കരിച്ചിരിക്കുകയാണ്. നഗര സഭയിലെ ഭരണ പക്ഷത്തെ പ്രമുഖ ഘടകകക്ഷിയിലെ കൗണ്‍സിലറിന്റെ അടുത്ത ബന്ധുവാണ് ബെനിഫിഷറി ജോലികള്‍ ചെയ്യുന്നതില്‍ പ്രധാനി. ഈ കരാറുകാരന്‍ മുമ്പ് ഫയലില്‍ കൃത്രിമം കാട്ടിയ കുറ്റത്തിന് പിടിക്കപ്പെട്ടിരുന്നു.നേതാക്കള്‍ ഇടപെട്ടാണ് പ്രശ്‌നം ഒതുക്കിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇദ്ദേഹം പല പേരുകളിലായി തൃക്കാക്കരയില്‍ ചെയ്തത് മൂന്ന് കോടിയുടെ പൊതുമരാമത്ത് ജോലികളാണ്. നഗര സഭയിലെ പല ഡിവിഷനുകളിലും ഇതാണ് അവസ്ഥ. കൗണ്‍സിലര്‍മാരുടെ ഇഷ്ടക്കാര്‍ക്ക് മാത്രമാണ് ജോലികള്‍ ലഭിക്കുന്നത്. ടെന്‍ഡര്‍ ചെയ്യേണ്ട ജോലികള്‍ പോലും ബെനഫിഷറി കമ്മറ്റി വര്‍ക്കായിട്ടാണ് നല്‍കുന്നതെന്ന് കരാറുകാര്‍ ആരോപിച്ചു.15 ലക്ഷത്തിന് മീതേയുളള വര്‍ക്കുകള്‍ ടെന്‍ഡര്‍ ചെയ്യണമെന്നാണ് നിയമം. ഇത്തരം വര്‍ക്കുകള്‍ മൂന്നോ നാലോ ഘട്ടങ്ങളിലായി ബെനഫിഷറി പ്രവൃത്തിയായിട്ടാണ് ചെയ്യുന്നത്. ഈ ഇടപാടുകളില്‍ 10 % കമ്മീഷന്‍ കൗണ്‍സിലര്‍മാര്‍ അടിച്ചെടുക്കും. ഈ വകയില്‍ ലക്ഷങ്ങള്‍ സമ്പാദിക്കുന്നവരുണ്ട്. കൗണ്‍സിലിന്റെ അംഗീകാരമില്ലാതെ അനധികൃതമായാണ് ഈ ടെന്‍ഡര്‍ നല്‍കുന്നത്. 20 % കുറച്ചാണ് കരാറുകാര്‍ക്ക് കിട്ടുന്നത്. മറിച്ച് ബെനിഫിഷറി വര്‍ക്കാണെങ്കില്‍ മുഴുവന്‍ തുകയും ഇത്തരക്കാര്‍ക്ക് ലഭിക്കുന്നു. ഇത്തരത്തില്‍ വര്‍ക്കുകള്‍ കൊടുക്കുന്നത് മൂലം കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് ഒരു സാമ്പത്തിക വര്‍ഷം നഗരസഭക്ക് ഉണ്ടാവുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.