മാതാപിതാക്കള്‍ കുട്ടികള്‍ക്ക് മാതൃകയാകണം: കെ.പി. ശശികല

Sunday 19 October 2014 10:40 pm IST

പെരുവ: മാതാപിതാക്കള്‍ തങ്ങളുടെ കുട്ടികള്‍ക്ക് മാതൃകയാകണമെന്നും കുട്ടികള്‍ക്ക് മാതാപിതാക്കളോട് സ്‌നേഹത്തിലൂന്നിയ ആരാധന തോന്നണമെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികലടീച്ചര്‍ പറഞ്ഞു. കാരിക്കോട് ശ്രീസരസ്വതി വിദ്യാമന്ദിറിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മാതൃസമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ മാതൃസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ടീച്ചര്‍. ആധുനിക കാലഘട്ടത്തില്‍ നന്മയേക്കാള്‍ കൂടുതല്‍ തിന്മ നടമാടുന്ന സമയത്ത് കുട്ടികള്‍ക്ക് നന്മയുടെ പാതയിലൂടെ നടക്കാന്‍ മാതാപിതാക്കള്‍ ബലം പകര്‍ന്നുകൊടുക്കണം. നാം എപ്പോഴും അവരുടെ ഒപ്പമുണ്ടെന്ന തോന്നല്‍ അതിന് സഹായിക്കുമെന്നും കുട്ടികള്‍ മാര്‍ക്കുവാങ്ങി കൂട്ടുവാനുള്ള വെറും യന്ത്രങ്ങള്‍ മാത്രമായി പോകാതെ പ്രതിസന്ധികളില്‍ തളരാതെ സാംസ്‌കാരിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് മുന്നേറാനുള്ള മനസ് കാണിക്കണമെന്നും അതിന് മാതാപിതാക്കള്‍ പ്രത്യേകിച്ച് അമ്മമാര്‍ ദിശാബോധം പകര്‍ന്നു നല്‍കണമെന്നും ടീച്ചര്‍ പറഞ്ഞു. ഈ കാലഘട്ടത്തില്‍ നല്ലതിനെ സ്വീകരിക്കാനും തിന്മകളെ തിരസ്‌കരിച്ച് മൂല്യബോധമുള്ള തലമുറയെ വളര്‍ത്തിയെടുക്കുന്നതില്‍ അമ്മമാരുടെ പങ്ക് വളരെ വലുതാണെന്നും ടീച്ചര്‍ പരാമര്‍ശിച്ചു. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ കൂടിയ മാതൃസംഗമത്തില്‍ പ്രിന്‍സിപ്പല്‍ പി. വേണുഗോപാല്‍ സ്വാഗതം ആശംസിച്ചു. മാതൃസമിതി പ്രസിഡന്റ് ശാലിനി മോ ഹന്‍ അദ്ധ്യക്ഷത വഹിച്ചു. അമ്പിളി, കെ.ആര്‍. റെജി കെ.കെ. മിനി എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.