നിലം നികത്തി നിര്‍മ്മിച്ച സ്‌കൂള്‍ പൊളിക്കാന്‍ ഉത്തരവ്

Monday 20 October 2014 1:44 am IST

ആലപ്പുഴ: നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമം ലംഘിച്ച് നിലം നികത്തി നിര്‍മ്മിച്ച സ്വകാര്യ സ്‌കൂള്‍ കെട്ടിടം പൊളിച്ച് നീക്കാന്‍ ഒടുവില്‍ ജില്ലാ കളക്ടര്‍ ഉത്തരവായി. നിയമവിരുദ്ധമായി നിര്‍മ്മിച്ച സ്‌കൂള്‍ കെട്ടിടം പൊളിച്ച് നീക്കി നിലം പൂര്‍വസ്ഥിതിയിലാക്കണമെന്ന് സബ് കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കി മാസങ്ങള്‍ പിന്നിട്ടിട്ടും ജില്ലാ കളക്ടര്‍ നടപടിയെടുക്കാത്തത് സംബന്ധിച്ച് ജന്മഭൂമി വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. നിലം നികത്തി സ്‌കൂള്‍ നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന അവിഹിത ഇടപാടുകളും വ്യാജരേഖകള്‍ ചമച്ചതും പുറംലോകം അറിഞ്ഞതും ജന്മഭൂമിയിലൂടെയാണ്. നിലം നികത്തലിനെതിരായ നിയമം നിര്‍മ്മിച്ച മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ജന്മനാട്ടിലാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ ഒത്താശയോടെ ഏകദേശം ഒന്നര ഏക്കറിലധികം നിലം നികത്തിയത്. അമ്പലപ്പുഴ താലൂക്ക് പറവൂര്‍ വില്ലേജ് ബ്ലോക്ക് നമ്പര്‍ പത്തില്‍ റീസര്‍വേ 44/11ല്‍പ്പെട്ട 51.40 ആര്‍സ് നിലം നികത്തിയാണ് ബ്രൈറ്റ് ലാന്റ് ഡിസ്‌ക്കവറി സ്‌കൂള്‍ എന്ന പേരില്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ കെട്ടിടം നിര്‍മ്മിച്ചത്. സ്‌കൂള്‍ കെട്ടിടം നിര്‍മ്മിച്ചത് നിയമവിരുദ്ധമാണെന്ന് വ്യാപകമായി ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. ഇവിടം നിലമല്ല പുരയിടമാണെന്ന് പറവൂര്‍ വില്ലേജ് ഓഫീസര്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് കെട്ടിടം നിര്‍മ്മിക്കാന്‍ വടക്ക് പഞ്ചായത്ത് അധികൃതര്‍ സ്‌കൂള്‍ ഉടമയ്ക്ക് അനുമതി നല്‍കിയത്. സത്യാവസ്ഥ ബോദ്ധ്യപ്പെട്ട പഞ്ചായത്ത് പിന്നീട് കെട്ടിടത്തിനുള്ള പെര്‍മിറ്റ് പിന്‍വലിച്ചു. നിലവില്‍ പഞ്ചായത്തിന്റെ പെര്‍മിറ്റില്ലാത്ത ബഹുനില കെട്ടിടത്തിലാണ് നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നത്. ഇതിനെതിരെ പൊതുപ്രവര്‍ത്തകനായ കളര്‍കോട് വേണുഗോപാലന്‍ നായര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയ ആലപ്പുഴ സബ് കളക്ടര്‍ കെട്ടിടം പൊളിച്ചുനീക്കി നിലം പൂര്‍വസ്ഥിതിയിലാക്കണമെന്ന് കഴിഞ്ഞ ഫെബ്രുവരി അഞ്ചിന് ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. കഴിഞ്ഞ ജൂണ്‍ 13ന് അമ്പലപ്പുഴ അഡീഷണല്‍ തഹസില്‍ദാരും ഇതിനെ സാധൂകരിക്കുന്ന റിപ്പോര്‍ട്ട് നല്‍കി. തുടര്‍ നടപടിയുണ്ടാകാത്ത സാഹചര്യത്തില്‍ ജന്മഭൂമി ഇതുസംബന്ധിച്ച് വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചു. ഒടുവില്‍ ജില്ലാ കളക്ടര്‍ സ്‌കൂള്‍ ഉടമ, പരാതിക്കാരന്‍, പുന്നപ്ര പഞ്ചായത്ത്, റവന്യു ഉദ്യോഗസ്ഥര്‍ എന്നിവരെ വിളിച്ചുവരുത്തി ഹിയറിങ് നടത്തുകയായിരുന്നു. സ്‌കൂള്‍ കെട്ടിടം നിര്‍മ്മിച്ചത് നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം വകുപ്പ് മൂന്നിന്റെ ലംഘനവും വകുപ്പ് 23 പ്രകാരം ശിക്ഷാര്‍ഹവുമാണെന്ന് കണ്ടെത്തി. 15 ദിവസത്തിനകം സ്‌കൂള്‍ പൊളിച്ചു നീക്കി പൂര്‍വസ്ഥിതിയിലാക്കണമെന്നാണ് കളക്ടറുടെ ഉത്തരവ്. നിലം ഉടമ സ്വന്തം ചെലവില്‍ ഇത് നടപ്പാക്കിയില്ലെങ്കില്‍ സര്‍ക്കാര്‍ ചെലവില്‍ ഉത്തരവ് നടപ്പാക്കുമെന്നും ചെലവായ തുക നിലം ഉടമയില്‍ നിന്ന് ഈടാക്കുമെന്നും ഉത്തരവില്‍ പറയുന്നു. വിദ്യാര്‍ത്ഥികളുടെ പഠനം മുടങ്ങാതിരിക്കാന്‍ സമീപ സ്‌കൂളുകളിലോ കെട്ടിടങ്ങളിലോ സൗകര്യം ഒരുക്കണമെന്നും ഉത്തരവില്‍ നിര്‍ദേശമുണ്ട്. എന്നാല്‍ ഇതിനെതിരെ നിലം ഉടമ ഹൈക്കോടതിയില്‍ നിന്ന് താത്ക്കാലിക സ്‌റ്റേ ഉത്തരവ് നേടി. നിലം പുരയിടമെന്ന് വ്യാജരേഖയുണ്ടാക്കിയതിന് സ്‌കൂള്‍ ഉടമയ്ക്കും മുന്‍ പറവൂര്‍ വില്ലേജ് ഓഫീസര്‍ക്കുമെതിരെ അമ്പലപ്പുഴ കോടതിയില്‍ ക്രിമിനല്‍ കേസും നിലവിലുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.