ഔഷധ വിലവര്‍ദ്ധനവും യാഥാര്‍ത്ഥ്യങ്ങളും

Wednesday 22 October 2014 6:17 am IST

മരുന്നുകളുടെ വില വര്‍ദ്ധനവിനെക്കുറിച്ച് ഇന്ന് ഏറെ ചര്‍ച്ചചെയ്യപ്പെടുന്നു. വളരെയേറെ ശ്രദ്ധിക്കപ്പെട്ട പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഗുഡ്‌വില്‍ സന്ദേശവുമായി 2013 ലെ ഔധഷവില വര്‍ദ്ധനവ് നിയന്ത്രണ ഉത്തരവനുസരിച്ച് അവശ്യമരുന്നുകളുടെ വില നിയന്ത്രിക്കാനായുള്ള സര്‍ക്കാരിന്റെ അധികാരം എടുത്തുകളഞ്ഞതാണ് ഇതിനാസ്പദമായ കാരണം എന്നാണ് ചര്‍ച്ചയില്‍ ഉയര്‍ന്നുവരുന്നത്. യാഥാര്‍ത്ഥ്യവുമായി ഈ വിവാദത്തിന് എന്തെങ്കിലും ബന്ധമുണ്ടോ എന്ന് വിശദമായി പരിശോധിക്കേണ്ടതുണ്ട്. നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റി (എന്‍പിപിഎ), രാജ്യത്ത് അവശ്യമരുന്നുകളുടെയും ജീവന്‍ രക്ഷാഔഷധങ്ങളുടെയും പട്ടികയില്‍  2013 ല്‍ 348 മരുന്നുകള്‍ ഉള്‍പ്പെടുത്തി ഡ്രഗ് പ്രൈസ് കണ്‍ട്രോള്‍ ഓര്‍ഡര്‍ (ഡിപിസിഒ) ഇറക്കിയിരുന്നു.  ദേശീയ അത്യാവശ്യമരുന്ന് പട്ടികയില്‍ (എന്‍എല്‍ഇഎം) ഉള്‍പ്പെടുത്തിയ 348 മരുന്നുകള്‍ ഇന്നും അതേ നിയന്ത്രണങ്ങള്‍ക്ക് വിധേയമാണ്. 1979 ലെ ജനതാ സര്‍ക്കാരാണ് 347 മരുന്നുകളുടെ വില നിയന്ത്രണവിധേയമാക്കിയത്. 1970 പേറ്റന്റ് നിയമത്തിനനുസരിച്ച് ഈ വിലനിയന്ത്രണം ഏര്‍പ്പെടുത്തിയപ്പോഴാണ് രാജ്യത്തെ  തദ്ദേശീയ ഔഷധവ്യവസായം വളര്‍ച്ചയുടെ ലക്ഷണങ്ങള്‍ കാണിച്ചത്. ഇന്ത്യന്‍ ഔഷധ പേറ്റന്റ് നിയമത്തില്‍ ഉല്‍പ്പന്ന പേറ്റന്റ് നിയമത്തില്‍ ഉല്‍പ്പന്ന പേറ്റന്റിന് (പ്രോഡക്ട് പേറ്റന്റ്) പകരം ഉല്‍പാദന പ്രക്രിയാ പേറ്റന്റ്(പ്രോസസ് പേറ്റന്റ്) ആണ് ഉണ്ടായിരുന്നത്.  ലോകത്ത് പുതുതായി കണ്ടുപിടിച്ച ഏതൊരു ഔഷധവും  രണ്ട് മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ മറ്റൊരു പ്രക്രിയയിലൂടെ രാജ്യത്ത് ഉല്‍പാദിപ്പിക്കാനും വിപണിയില്‍ കുറഞ്ഞ വിലക്ക് ലഭ്യമാക്കാനും തദ്ദേശ  കമ്പനികള്‍ക്ക് സാധിച്ചിരുന്നു. കാലക്രമേണ ഇന്ത്യന്‍ ഔഷധ വ്യവസായം വികസ്വരരാജ്യങ്ങളുടെ ഫാര്‍മസി എന്നറിയപ്പെടുന്ന നില കൈവരിച്ചു. ലോകത്ത് മരുന്നുകള്‍ക്ക് ഏറ്റവും വിലക്കുറവുള്ള രാജ്യമായത് ഈ നിയമത്തെ പിന്‍പറ്റിയാണ്. 1995 ആയപ്പോഴേക്കും ഡിപിസിഒ 74 ആയി കുറച്ചു. പിന്നീട് 2002 ല്‍ വില നിയന്ത്രിത പട്ടിക 24 ആയി വീണ്ടും കുറച്ച് സര്‍ക്കാര്‍ നടപടി എടുത്തപ്പോഴാണ് വിവിധ സംഘടനകള്‍ സുപ്രീം കോടതിയെ സമീപിച്ചത്. പിന്നീട് സുപ്രീം കോടതിയുടെ ശക്തമായ ഇടപെടലിലൂടെയാണ് യുപിഎ സര്‍ക്കാര്‍ എന്‍പിപിഎ ലിസ്റ്റില്‍ 348 മരുന്നുകള്‍ ഉള്‍പ്പെടുത്തിയത്. 2013 ഒക്‌ടോബറിന് മുമ്പ് വിലനിശ്ചയിച്ച് സത്യവാങ്മൂലം നല്‍കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഔഷധങ്ങളുടെ ഉല്‍പാദനചെലവ് (കോസ്റ്റ് ബേസ്ഡ് പ്രൈസിംഗ്) അടിസ്ഥാനത്തില്‍ വില നിയന്ത്രണം നടപ്പിലാക്കിയിരുന്നതില്‍ നിന്ന് മാറി കമ്പോള വില (മാര്‍ക്കറ്റ് ബെയ്‌സ് പ്രൈസിംഗ്) അടിസ്ഥാനത്തില്‍ നിശ്ചയിച്ചതുകൊണ്ട് കമ്പോളത്തില്‍ ഒരു ശതമാനത്തിന് മേല്‍ പങ്കാളിത്തമുള്ള (1% മാര്‍ക്കറ്റ് ഷെയര്‍) മരുന്നുകളുടെ ശരാശരി വിലയാണ് ഉയര്‍ന്ന വിലയായി കണക്കാക്കിയിരുന്നത്. ഇത് വിലനിയന്ത്രണം കാര്യക്ഷമമാക്കിയില്ല എന്നത് യാഥാര്‍ത്ഥ്യമാണ്. ഉദാ: അമോസ്‌കിസിലിന്‍+ ക്ലാവിലാനിക് ആസിഡ് കോമ്പിനേഷന് നിയന്ത്രിത വിലയായി 18 രൂപയാണ് മിശ്ചയിച്ചിരുന്നത്. എന്നാല്‍ 15 രൂപക്ക്  താഴെ മരുന്ന് ലഭ്യമായിരുന്നു. ഈ വിലനിരക്ക് തീരുമാനവും സുപ്രീം കോടതിയുടെ പരിഗണന വിഷയമായി തുടരുകയാണ്. ഇപ്പോള്‍ ചര്‍ച്ചചെയ്യപ്പെടുന്ന ഔഷധവില വര്‍ദ്ധനവിന് നിദാനമായ കാരണങ്ങള്‍ യഥാര്‍ത്ഥത്തില്‍ പേറ്റന്റ് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ടതാണ്. അവശ്യമരുന്നുകളുടെയും ജീവന്‍രക്ഷാ ഔഷധങ്ങളുടെയും 348 ഡിപിസിഒ ഓര്‍ഡര്‍ ഇന്ന് തുടരുന്നുണ്ട്. ഈ ഔഷധങ്ങള്‍ നിയന്ത്രിത വിലക്ക് തന്നെയാണ് കമ്പനികള്‍ വിറ്റഴിക്കുന്നത്. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ജീവന്‍ രക്ഷാ പട്ടികയില്‍പ്പെടാത്ത 108 ഔഷധങ്ങള്‍ കൂടി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ എന്‍പിപിഎ തീരുമാനിച്ചിരുന്നു. വന്‍തോതില്‍ ഉപഭോഗമുള്ള ഈ ഔഷധങ്ങള്‍ പുതുതായി ഉള്‍പ്പെടുത്താന്‍ ഒക്‌ടോ. 20ന് 50 ഔഷധങ്ങളുടെ ആദ്യപട്ടിക പ്രസിദ്ധപ്പെടുത്തി. പ്രമേഹത്തിനുള്ള മെറ്റ്‌ഫോര്‍മിന്‍, ആന്റിബയോട്ടിക് സിപ്രോഫ്‌ളോക്‌സാസിന്‍ തുടങ്ങിയ 50 മരുന്നുകള്‍ക്ക് വില നിയന്ത്രണപട്ടിക പ്രസിദ്ധീകരിച്ചു. രാജ്യത്തെ നിലവിലുള്ള നിയമമനുസരിച്ച് അസാധാരണ സാഹചര്യത്തിലോ, ക്ഷാമംമൂലമോ അല്ലെങ്കില്‍ അടിയന്തര സാഹചര്യങ്ങളിലോ മാത്രം ഉള്‍ക്കൊള്ളിക്കാവുന്ന മരുന്നുകളെ ഉള്‍പ്പെടുത്തിയ തീരുമാനത്തിനെതിരെ ഔഷധ കമ്പനികള്‍ ദല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. ഇതേതുടര്‍ന്ന് എന്‍പിപിഎ ഈ 108 ഔഷധങ്ങളെ ഉള്‍പ്പെടുത്താനാവില്ലെന്ന് അറിയിച്ചതാണ് ഈ വിവാദങ്ങളുടെ അടിസ്ഥാനമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. എന്നാല്‍ ഇതേ സംഘടന 2014 ഒക്‌ടോബറില്‍ ഈ 108 ഔഷധങ്ങളുടെ വിലനിന്ത്രണം നടപ്പാക്കുമെന്ന് ദല്‍ഹി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ആരോഗ്യ മന്ത്രാലയം, സെക്രട്ടറി വി.എം. കൊടോക്കിന്റെ നേതൃത്വത്തില്‍ പുതിയ ഒരു കമ്മീഷനെ നിയമിക്കുകയും ചെയ്തു. ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന മരുന്നുകളുടെ പുതിയ ലിസ്റ്റ് തയ്യാറാക്കുകയാണ് കമ്മീഷന്റെ ദൗത്യം. മേല്‍ സൂചിപ്പിച്ച കാര്യങ്ങള്‍ എന്‍പിപിഎയുടെ വെബ് സൈറ്റിലും ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ്, ഡിഎന്‍എ പോലുള്ള മാധ്യമങ്ങളിലും പ്രസിദ്ധപ്പെടുത്തിയതാണ്. 2013 ഒക്‌ടോബര്‍ മാസത്തില്‍ യുപിഎ സര്‍ക്കാരിന്റെ കാലത്താണ് ഈ നടപടികള്‍ ഉണ്ടായതെന്ന് പകല്‍പോലെ വ്യക്തമാണ്. എന്നാല്‍ 2014 മെയ് മാസത്തില്‍ അധികാരമേറ്റ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ  ഇക്കാര്യത്തില്‍ ആരോപണമുന്നയിക്കുന്നത് രാഷ്ട്രീയ പ്രേരിതമായ ഗൂഢനീക്കമായേ വിലയിരുത്തേണ്ടതുള്ളൂ. സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം 348 മരുന്നുകള്‍ ദേശീയ അവശ്യമരുന്ന് പട്ടികയില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ വളരെ വലിയ വരുമാനനഷ്ടമാണ് കമ്പനികള്‍ക്ക് ഉണ്ടായിട്ടുള്ളത്. അതുകൊണ്ട് തന്നെ ഈ നഷ്ടത്തില്‍നിന്നും രക്ഷനേടാനുള്ള പല കുതന്ത്രങ്ങളും കമ്പനികള്‍ പയറ്റുന്നുണ്ട്. പല കാരണങ്ങളാല്‍ ചേരുവകള്‍ മാറ്റിയും നിയമപ്രശ്‌നങ്ങളുടെ പേരിലും ഔഷധങ്ങള്‍ക്ക് അമിതവില ഈടാക്കാന്‍ ഇവര്‍ നിരന്തരം ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ഉദാ:ആസ്ത്മ-ഡിഒപിഡി രോഗത്തിന് ഏറ്റവും പുതിയ ഔഷധമായ ഡോക്‌സോഫിലിന്‍ ഗുളികകള്‍ പ്രൈസ് കണ്‍ട്രോള്‍ ഏര്‍പ്പെടുത്തിയപ്പോള്‍ വില 1.65 ആയാണ് നിശ്ചയിച്ചുള്ളത്. ഇതിനെതിരെ കോടതിയില്‍ പോയ റാന്‍ബാക്‌സി കമ്പനി അവരുടെ സൈനാസ്മ എന്ന ബ്രാന്റ് പിന്‍വലിച്ച് റൈനാസ്മ എന്ന പേരില്‍ 5 രൂപക്ക് ഇപ്പോഴും വിറ്റഴിക്കുന്നു. ഏതാണ്ട് 15 ഓളം ഡോക്‌സോഫിലിന്‍ ബ്രാന്റുകള്‍ ഉണ്ടായിരുന്ന രാജ്യത്ത് ഇന്ന് രണ്ടോ മൂന്നോ ബ്രാന്റുകള്‍ മാത്രമാണ് വിറ്റഴിക്കുന്നത്.  സാല്‍ബുട്ടമോള്‍ എംഡി  ഇന്‍ഹേയ്‌ലര്‍ പ്രൈസ് കണ്‍ട്രോളില്‍ ഉള്‍പ്പെട്ടതിനാല്‍ ഇന്ന് ലിവോസാല്‍ബുട്ടമോള്‍ എംഡി ഇന്‍ഹേയ്‌ലറുകള്‍ മാത്രമേ അമിത വിലക്ക് കമ്പനികള്‍ ലഭ്യമാക്കുന്നുള്ളൂ. ഏറ്റവും ഗുരുതരമായ പ്രശ്‌നം നായകടിയേറ്റാല്‍ നല്‍കുന്ന ആന്റി റാബിസ് ഇമ്യൂണോ ഗ്ലോബുലിനും പാമ്പുവിഷമേറ്റാല്‍ നല്‍കുന്ന ആന്റി സ്‌നേക്ക് വെനം പോലുള്ളവ ഇന്ന് കമ്പനികള്‍ ഉല്‍പാദിപ്പിക്കുന്നത് കുറച്ചിരിക്കുകയാണ്. ആന്റി സ്‌നേക്ക് വെനം പൗഡര്‍ രൂപത്തിലുള്ളതാണ് നിയന്ത്രണപട്ടികയിലുള്‍പ്പെട്ടത്.അതിനാല്‍ ദ്രാവകരൂപത്തിലുള്ളത് (ലിക്വിഡ് ഫോം) ലഭ്യമാക്കുന്നുണ്ട്. എന്നാല്‍ ആന്റി റാബിസ് ഇമ്യൂണോ ഗ്ലോബുലിന്‍ സൗജന്യമായി നല്‍കിയിരുന്ന സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളികളില്‍ പോലും ലഭ്യമല്ലാതായിട്ടുണ്ട്. കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളിലെ മരുന്നു വിതരണം പല അശാസ്ത്രീയ തീരുമാനങ്ങളിലൂടെയും കുത്തഴിഞ്ഞുകിടക്കുകയാണ്്. കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്(കെഎംഎസ്‌സിഎല്‍)ന് ബഹുഭൂരിപക്ഷം മുഖ്യധാരാ കമ്പനികളും മരുന്ന് നേരിട്ട് നല്‍കുമ്പോള്‍ തന്നെ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് ടെന്‍ഡര്‍ പര്‍ച്ചേസ് ചെയ്യുന്നത് ഇപ്പോഴും നിലവാരമില്ലാത്ത കമ്പനികളില്‍ നിന്ന് തന്നെയാണ്. കെഎംഎസ്‌സിഎല്‍ തന്നെ കമ്പനികള്‍ക്ക് കൃത്യമായി പണം നല്‍കുന്നതിന് വിഷമിക്കുമ്പോള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ടെന്‍ഡര്‍ ചെയ്യപ്പെടുന്ന പര്‍ച്ചേസുകള്‍ പണം ലഭിക്കാനുള്ള കാലതാമസം വളരെ അധികമാണ്. ഇതുമൂലം മുഖ്യധാരാ കമ്പനികള്‍ സര്‍ക്കാര്‍ സംവിധാനത്തില്‍ മരുന്ന് നല്‍കുന്നില്ല. പല മരുന്നുവിതരണ കമ്പനികളും നിലവാരമില്ലാത്തവയാണെന്ന് പത്രങ്ങളിലെ പരമ്പരയിലൂടെ ജനസമക്ഷം അവതരിപ്പിക്കപ്പെട്ടവയാണ്. കൂടാതെ ബില്ലുകള്‍ പാസ്സാക്കുന്നതിന് ശതമാനം വെച്ച് കമ്മീഷന്‍ നല്‍കുന്നതുള്‍പ്പെടെയുള്ള അഴിമതി ചെയിനുകളും ഇന്ന് പകല്‍പോലെ വ്യക്തമാണ്. ഔഷധ വ്യവസായം ഇന്നും പെട്രോ കെമിക്കല്‍സ് മന്ത്രാലയത്തിന് കീഴിലാണ്. നിയന്ത്രണ സംവിധാനങ്ങള്‍ (എന്‍പിപിഎ പോലുള്ളവ) ആരോഗ്യ മന്ത്രാലയത്തിന് കീഴിലും.ജനങ്ങളുടെ ജീവന്‍രക്ഷയുമായി വളരെയധികം ബന്ധപ്പെട്ടുകിടക്കുന്ന ഈ വ്യവസായം അതുകൊണ്ട് തന്നെ നിയന്ത്രിതമല്ല. കമ്പോളങ്ങളിലെ മത്സരത്തിനനുസരിച്ച് പലപല പദ്ധതികളും അവതരിപ്പിക്കാന്‍ കമ്പനികള്‍ നിര്‍ബന്ധിതരാവുന്നുണ്ട്. സര്‍ക്കാര്‍ സംവിധാനത്തില്‍ ഇത് നിയന്ത്രിക്കാന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (എംസിഐ) ചില നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചിരുന്നു. എംസിഐ ഗൈഡ്‌ലൈന്‍സ് എന്നറിയപ്പെടുന്ന ഈ മാര്‍ഗരേഖ ഇന്ന് പാഴ്‌വാക്കാവുകയാണ്. തങ്ങളുടെ മാര്‍ക്കറ്റ് സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാന്‍ കമ്പനികള്‍ അശാസ്ത്രീയവും നീതിരഹിതവുമായ പല നടപടികളും കൈക്കൊള്ളുകയാണ്്. ശക്തമായ പരസ്യ നിയന്ത്രണമുള്ള ഔഷധ വ്യവസായം ഏറ്റവും നൂതനമായ പരസ്യ പ്രചാരണങ്ങളിലൂടെ ഡോക്ടര്‍മാരെ സ്വാധീനിക്കുമ്പോള്‍ സാധാരണക്കാരനായ രോഗി എന്നും ചൂഷണ വിധേയന്‍ തന്നെ. ഈ സ്ഥിതി നിയന്ത്രിക്കുന്നതിനായി ഔഷധവ്യവസായത്തെ ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ കൊണ്ടുവരേണ്ടതാണ്. മന്ത്രാലയത്തിന് കീഴില്‍ ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാവേണ്ടിയിരിക്കുന്നു. രാജ്യത്തെ ജനസാമാന്യത്തിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട ഒരു അടിയന്തര സാഹചര്യമെന്ന നിലയില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് സത്വര നടപടികള്‍ ഉണ്ടാവേണ്ടതുണ്ട്. ഇന്ന് രാഷ്ട്രീയപ്രേരിതമായി ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ ഉയര്‍ത്തിവിടുന്ന ചര്‍ച്ചകള്‍ ഈ വിഷയത്തില്‍ ഒട്ടും ഗുണകരമാകില്ല. മറിച്ച് ക്രിയാത്മകമായ ചര്‍ച്ചകളും നിര്‍ദ്ദേശങ്ങളും ഉയര്‍ത്തിക്കൊണ്ടുവരാനും അതിലൂടെ കേന്ദ്ര-കേരള സര്‍ക്കാരുകളില്‍ നിന്ന് ജനോപകാരപ്രദമായ നടപടികള്‍ ഉണ്ടാക്കാനുമാണ് ആരോഗ്യ മേഖലയിലെ പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നും പ്രയത്‌നമുണ്ടാകേണ്ടത്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.