കാലിക്കറ്റ് സര്‍വ്വകലാശാല വിസി രാജിക്കൊരുങ്ങുന്നു

Wednesday 22 October 2014 4:58 pm IST

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല വിസി എം അബ്ദുള്‍ സലാം രാജി വെയ്ക്കാന്‍ ഒരുങ്ങുന്നു. രാവിലെ മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് വി.സി രാജിസന്നദ്ധത അറിയിച്ചത്. സര്‍വകലാശാല സ്തംഭനത്തിന് കാരണം താനാണെങ്കില്‍ മാറി നില്‍ക്കാമെന്നും അല്ലെങ്കില്‍ സിന്‍ഡിക്കേറ്റിനെ മാറ്റണമെന്നും വി.സി ആവശ്യപ്പെട്ടു. ഈ നിലയില്‍ മുന്നോട്ടു പോകാനാവില്ലെന്നും അബ്ദുള്‍ സലാം മുഖ്യമന്ത്രിയെ അറിയിച്ചു. സര്‍വകലാശാലയില്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി നടക്കുന്ന വിദ്യാര്‍ഥി പ്രക്ഷോഭങ്ങളുടെ സന്ദര്‍ഭത്തിലാണ് രാജി സന്നദ്ധത അറിയിച്ചത്. കാലിക്കറ്റ് സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായി എം അബ്ദുള്‍ സലാം ചുമതലയേറ്റതുമുതല്‍ സര്‍വകലാശാലയില്‍ പ്രശ്‌നങ്ങളായിരുന്നു. ഹോസ്റ്റല്‍, സര്‍വര്‍ പ്രശ്‌നങ്ങളുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ വി.സിയും സിന്‍ഡിക്കേറ്റും തമ്മില്‍ പരസ്യമായ പോര് നടന്നിരുന്നു.സിന്‍ഡിക്കേറ്റ് അംഗങ്ങളും വിദ്യാര്‍ത്ഥികളുമുള്‍പ്പെടെ വി.സിക്കെതിരായാണ് പ്രതികരിച്ചിരുന്നത്. സര്‍വകലാശാല മോടി പിടിപ്പിക്കുന്നതില്‍ മാത്രമാണ് വി.സിക്ക് ശ്രദ്ധയെന്ന് സിന്‍ഡിക്കേറ്റ് ആരോപിച്ചിരുന്നു. ഹോസ്റ്റല്‍ വിഷയത്തില്‍ വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച ചെയ്ത് പ്രശ്‌നം പരിഹരിക്കാന്‍ സിന്‍ഡിക്കേറ്റ് തയ്യാറായിരുന്നെങ്കിലും വി.സിയുടെ കടുംപിടുത്തമാണ് പ്രശ്‌നങ്ങള്‍ വഷളാകാന്‍ കാരണമെന്ന് സിന്‍ഡിക്കേറ്റ് ആരോപിച്ചിരുന്നു.തന്റെ രാജിസന്നദ്ധതയോട് മുഖ്യമന്ത്രി അനുകൂലമായി പ്രതികരിച്ചുവെന്നാണ് വി.സി അറിയിച്ചത്. യൂണിവേഴ്‌സിറ്റിക്ക് വേണ്ടി സര്‍ക്കാര്‍ ചെയ്ത കാര്യങ്ങളെല്ലാം തകിടം മറയ്ക്കുന്ന രീതിയിലാണ് ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങളെന്ന് മുഖ്യമന്ത്രി പറഞ്ഞു. തന്റെ രാജിയിലൂടെ വാഴ്‌സിറ്റിയില്‍ സമാധാനം ഉണ്ടാകട്ടെയെന്നും വിസി പറഞ്ഞു. ഏല്പിച്ച ജോലി പകുതിവഴിയില്‍ അവസാനിപ്പിച്ചു പോകുകയല്ല. തന്റെ പ്രവര്‍ത്തനങ്ങളില്‍ മുഖ്യമന്ത്രി സംതൃപ്തനെന്നാണ് കരുതുന്നത്. രാജി അഭ്യര്‍ഥന മുഖ്യമന്ത്രി സ്വീകരിക്കുമെന്ന് കരുതുന്നില്ല. എന്നാല്‍, വിദ്യാഭ്യാസമന്ത്രിയോട് ആലോചിച്ച ശേഷം വേണ്ടത് ചെയ്യാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്നും വിസി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.